Friday, May 29, 2026
Home » ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.
ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.

ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.

പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉത്സവം

by Editor

ലോകമെങ്ങും വിശ്വാസികള്‍ ഇന്ന് ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ക്രിസ്മസ് വെറുമൊരു മതപരമായ ആഘോഷമല്ല; മറിച്ച് ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുമിപ്പിക്കുന്ന, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സർവജനീന സന്ദേശമാണ്. ജാതിമതഭേദങ്ങളാൽ ചിതറിപ്പോയ ഇന്നത്തെ ലോകത്ത്, സ്നേഹത്തിൻ്റെ കൈകൾ പരസ്‌പരം നീട്ടേണ്ടതിന്റെ അനിവാര്യതയാണ് ക്രിസ്‌മസ് നമ്മെ ഓർമ്മിപ്പിക്കുന്നത്. വൈരവും വിദ്വേഷവും നിറഞ്ഞ സാഹചര്യങ്ങളിൽ പോലും മനുഷ്യസ്നേഹം നിലനിൽക്കണമെന്ന ആഹ്വാനമാണ് ഈ ഉത്സവം മുന്നോട്ടുവയ്ക്കുന്നത്.

പാശ്ചാതിയർക്കു ക്രിസ്മസ് ദിനങ്ങളിലേക്കുള്ള യാത്ര ഒരു ആഘോഷമാണെങ്കിലും പൗരസ്ത്യ സഭകൾ നോമ്പിൻ്റെയും അനുതാപത്തിൻ്റെയും വഴികളിലുടെയാണ് ക്രിസ്തുവിൻ്റെ ജനനത്തിലേക്കു പ്രവേശിക്കുന്നത്. ക്രിസ്മസ് എന്നുപറയുമ്പോൾ ചില ദൃശ്യങ്ങൾ സ്വാഭാവികമായി നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും.

  • പുൽക്കൂട് – വിനയത്തിൻ്റെയും ലാളിത്യത്തിൻ്റെയും പ്രതീകമായി ലോകരക്ഷകൻ്റെ ജനനത്തെ ഓർമ്മിപ്പിക്കുന്നു.
  • ക്രിസ്തുമസ് ട്രീ – പ്രതിസന്ധികളിലും പച്ചപ്പോടെ നിലകൊള്ളുന്ന ഈ വൃക്ഷം പ്രത്യാശയുടെയും ജീവൻ്റെയും അടയാളമാണ്.
  • കരോൾ ഗാനങ്ങൾ – വീടുവീടാന്തരം സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഈ ഗാനങ്ങൾ ഐക്യത്തിൻ്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്നു.
  • സാന്താക്ലോസ് – പങ്കുവെക്കലിൻ്റെയും കാരുണ്യത്തിന്റെയും പ്രതീകമായി കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ഒരുപോലെ ഇടം പിടിക്കുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. കേക്കുകളും മധുരപലഹാരങ്ങളും ആശംസകളും കൈമാറി ലോകം ക്രിസ്മസിന്റെ സ്നേഹവും സാഹോദര്യവും കൈമാറുന്നു. അലങ്കാരവിളക്കുകളും പുല്‍കൂടുകളും പാട്ടുകളുമെല്ലാം ആഘോഷത്തിന് വര്‍ണശോഭ നല്‍കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷിക്കാൻ നക്ഷത്രങ്ങളും പുൽക്കൂടുകളുമൊരുക്കി കാത്തിരിക്കുന്ന ഇടങ്ങളിലേക്ക്‌ പാപ്പമാരെത്തി ശാന്തിഗീതം പാടി, മധുരം വിതരണം ചെയ്‌തു. വാദ്യഘോഷ അകമ്പടിയിൽ പാട്ടുപാടി കരോൾ സംഘം നാട്‌ ചുറ്റി. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. പതിവുപോലെ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്മസിനെ വരവേറ്റത്.

ഇന്ന് ആഘോഷത്തിന്റെ പകലാണ്. സാഹോദര്യവും കുടുംബബന്ധങ്ങളും പുതുക്കുന്ന സ്നേഹവിരുന്നുകളുടെ ദിനം. ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം എന്ന സ്വർഗീയ ആശംസ ഹൃദയങ്ങളിൽ സ്വീകരിക്കാം. നിരന്തരം നന്മചെയ്യുക എന്നത് ജീവിതനിയോഗമായി സ്വീകരിച്ചുകൊണ്ട് പുതുവർഷത്തിലേക്ക് ചുവടുവെയ്ക്കാം. ഈ സന്തോഷദിനത്തില്‍ എല്ലാ ഓൺലൈൻ വാർത്തകൾ വായനക്കാർക്കും അനുഗ്രഹദായകമായ ക്രിസ്മസ് ആശംസിക്കുന്നു.

ആരാണ് സാന്റാ ക്ലോസ്? അദ്ദേഹത്തിന്റെ തിരുശേഷിപ്പ് കേരളത്തിൽ?

Send your news and Advertisements

You may also like

error: Content is protected !!