Friday, September 25, 2026
Home » ലോക കേരള സഭയ്ക്ക് പകരം ബദല്‍ സംവിധാനം; കേരളപ്പിറവിയുടെ 70-ാം വര്‍ഷത്തോടനുബന്ധിച്ച് ‘ഫെസ്റ്റിവല്‍ കേരളം’
വാര്‍ത്താക്കുറിപ്പ്

ലോക കേരള സഭയ്ക്ക് പകരം ബദല്‍ സംവിധാനം; കേരളപ്പിറവിയുടെ 70-ാം വര്‍ഷത്തോടനുബന്ധിച്ച് ‘ഫെസ്റ്റിവല്‍ കേരളം’

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ 23-09-2026

by Editor

1. കേരളപ്പിറവിയുടെ 70-ാം വര്‍ഷത്തോടനുബന്ധിച്ച് ‘ഫെസ്റ്റിവല്‍ കേരളം‘ എന്ന പേരില്‍ രാജ്യമെമ്പാടും ആഘോഷങ്ങള്‍ സംഘടിപ്പിക്കും. ടൂറിസം, നിക്ഷേപം എന്നിവ ആകര്‍ഷിക്കുക, സംസ്ഥാനത്തിന്റെ വികസന പദ്ധതികളും നിക്ഷേപ സാധ്യതകളും തനത് കലാരൂപങ്ങളും രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നീ പ്രമുഖ നഗരങ്ങളില്‍ ഫെസ്റ്റിവല്‍ കേരളം സംഘടിപ്പിക്കും. സംഘാടനത്തിനായി മുഖ്യമന്ത്രി ചെയര്‍മാനും സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി കണ്‍വീനറുമായി പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

2. പ്രവാസി ക്ഷേമത്തിനായി ലോക കേരള സഭയ്ക്ക് പകരം കൂടുതല്‍ കാര്യക്ഷമമായ ബദല്‍ സംവിധാനം കൊണ്ടുവരും. നിലവിലുള്ള ലോക കേരള സഭ പിരിച്ചുവിടാന്‍ തീരുമാനിച്ചു. പ്രവാസികളുടെ പണത്തെ നിക്ഷേപമാക്കി മാറ്റുന്നതിന് (Remittance Economy to Investment Economy) വിപുലമായ പദ്ധതി തയാറാക്കും. ഇതേക്കുറിച്ച് പഠിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായി വ്യവസായം, ആഭ്യന്തരം, ആരോഗ്യം, ജലസേചനം എന്നീ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതിയെ നിയോഗിച്ചു.

3. വയോജനക്ഷേമ വകുപ്പിനെ ‘ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ്’ (മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വകുപ്പ്) എന്ന് പുനര്‍നാമകരണം ചെയ്തു.

4. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലായി മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

5. വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനായി ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റോഡ് സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ബോധവല്‍ക്കരണത്തോടൊപ്പം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും.

6. ഇ.എസ്.എ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളും സി.എച്ച്.ആര്‍ (CHR) പ്രദേശങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. 8590 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലുള്ള 98 വില്ലേജുകള്‍ എന്ന നിലപാടില്‍ മാറ്റമില്ല.

Send your news and Advertisements

You may also like

error: Content is protected !!