Friday, May 29, 2026
Home » തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജു കുറ്റക്കാരൻ; കേസിൽ വിധി വന്നത് 32 വർഷത്തിന് ശേഷം.
തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജു കുറ്റക്കാരൻ; കേസിൽ വിധി വന്നത് 32 വർഷത്തിന് ശേഷം.

തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജു കുറ്റക്കാരൻ; കേസിൽ വിധി വന്നത് 32 വർഷത്തിന് ശേഷം.

by Editor

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ആൻ്റണി രാജു. ഒന്നാം പ്രതി ക്ലാർക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പത്ത് വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി.

1990 ഏപ്രില്‍ 4-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.

കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആൻ്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആൻ്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കേസിൻ്റെ വിചാരണ കഴിഞ്ഞ മാസം 16 ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്‌തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

ഐ.പി സി 34 – പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 -സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന, 120 B – ഗുഢാലോചന, 420- വഞ്ചന, 201- വെളിനശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകൻ്റെ നിയമലംഘനം, 465 – വ്യാജരേഖ ചമക്കൽ, 468 എന്നീ വകുപ്പുകളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയത്. ഇപ്പോള്‍ വാദം കേട്ട കോടതിക്ക് ഈ വകുപ്പുകള്‍ക്കു പരമാവധി ശിക്ഷ വിധിക്കാന്‍ കഴിയാത്തതിനാല്‍ സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി.

Send your news and Advertisements

You may also like

error: Content is protected !!