ഇന്ത്യൻ മഹാസമുദ്രത്തിൽ മാലിദ്വീപിനു സമീപത്തായാണ് ഡീഗോ ഗാർഷ്യ സ്ഥിതിചെയ്യുന്നത്. ഒട്ടേറെ ചെറുദ്വീപുകൾ ഉൾക്കൊള്ളുന്ന മാലിദ്വീപിനു തെക്കുമാറി ഷാഗോസ് ആർച്ചിപെലാഗോ മേഖലയിലെ 44 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഏറ്റവും വലിയ ദ്വീപാണ് ഡീഗോ ഗാർഷ്യ. കന്യാകുമാരി മുനമ്പിൽനിന്നു രണ്ടായിരം കിലോമീറ്ററിലേറെ ദൂരമുണ്ട് ദ്വീപിലേക്ക്.
എ. ഡി. 1512-ൽ യൂറോപ്യന്മാർ ഇവിടെ വരുംമുൻപേ ഈ ചെറുദ്വീപിൽ മനുഷ്യവാസം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ചരിത്രം പറയുന്നത്. പ്രത്യേകിച്ച് ആൾത്താമസം ഉണ്ടായിരുന്നില്ല എങ്കിലും ദ്വീപിനെ മൗറീഷ്യസിൻ്റെ ഭാഗമായാണ് കരുതപ്പെട്ടിരുന്നത്. മൗറീഷ്യസ് ഫ്രഞ്ച് ഭരണത്തിലായിരുന്ന പതിനെട്ടാം നൂറ്റാണ്ടിൽ, തേങ്ങാ ശേഖരിക്കാനും മീൻപിടുത്തത്തിനുമായി ഫ്രഞ്ചുകാർ ഇടയ്ക്കിടെ ദ്വീപ് സന്ദർശിച്ചിരുന്നതിന് തെളിവുകളുണ്ട്. അവിടെ അവർ കുറെ വീടുകളും വച്ചിരുന്നു. 1786-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അറ്റ്ലസ് എന്ന കപ്പൽ തകർന്നപ്പോൾ ഈ ദ്വീപിൽ കപ്പലിലെ യാത്രക്കാരായിരുന്ന ഇരുനൂറ്റി എഴുപത്തഞ്ചോളം ബ്രിട്ടീഷ് നാവികർ ദ്വീപിൽ എത്തുകയും കുറെനാൾ അവിടെ താമസിക്കുകയും ചെയ്തു. അവർ ദ്വീപു വിട്ട ശേഷം പിന്നീട് മൗറീഷ്യസ് ഈ ദ്വീപിനെ ഉപയോഗിച്ചത് കുഷ്ഠരോഗികളെ ഉപേക്ഷിക്കുന്നതിനായിട്ടായിരുന്നു. 1793 ആയപ്പോഴേക്കും ഫ്രഞ്ചുകാർ പല നാട്ടുകാരായ അടിമകളെ ഉപയോഗിച്ച് അവിടെ തെങ്ങിൻതോപ്പുകൾ ഉണ്ടാക്കുകയും തെങ്ങിൻ്റെയും തേങ്ങയുടെയും ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും കയറ്റിയയയ്ക്കുകയും ചെയ്തുപോന്നു.
വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടനും ഫ്രാൻസുമായി ഒപ്പിട്ട 1814-ലെ പാരീസ് ഉടമ്പടിയോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ഉൾപ്പെടെയുള്ള ഫ്രഞ്ച് അധീന ദ്വീപസമൂഹങ്ങൾ എല്ലാംതന്നെ ബ്രിട്ടീഷ് ഭരണത്തിനുകീഴിലായി. 1965-ൽ ആണു ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി (ബി ഐ ഒ ടി) രൂപീകരിച്ചത്. 1966-ലാണ് ഒരു ബ്രിട്ടീഷ് കോളനിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അതിക്രൂരവും മനുഷ്യത്വരഹിതവുമായ നടപടികൾക്ക് ഡീഗോ ഗാർഷ്യ നിവാസികൾ ഇരയായത്. സ്വന്തം ജനങ്ങളെ വെറുംകൈയോടെ അതിക്രൂരമായി കടൽകടത്തി അവരുടെ രാജ്യത്തെ മറ്റൊരു രാജ്യത്തിന് കൈമാറിയ അതിവിചിത്രമായ സംഭവം അറങ്ങേറിയത് അപ്പോഴാണ്. മനുഷ്യാവകാശത്തെപ്പിടിച്ച് ആണയിടുന്ന വൻശക്തികളുടെ ഈ ക്രൂരപ്രവൃത്തി ലോകരാജ്യങ്ങളും മുഖ്യധാരാ മാധ്യമങ്ങളും കണ്ടില്ലെന്നുനടിച്ചു. 1968 മുതലുള്ള കാലത്ത് ഈ ദ്വീപുകളിലെ ആളുകളെ മൊറീഷ്യസ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കു മാറ്റി.
ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയമാറ്റങ്ങൾ ദ്വീപിലെ പ്രവർത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കി. ബ്രിട്ടീഷുകാർ ദ്വീപ് അക്കാലത്ത് സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. 1942-ൽ ബ്രിട്ടീഷുകാർ അവിടെ പറക്കാനും നൗക പോലെ സഞ്ചരിക്കാനുമാകുന്ന ഫ്ലൈയിംഗ് ബോട്ടുകൾ എന്നറിയപ്പെടുന്ന വിമാനങ്ങളെ വിന്യസിച്ചു. കറ്റലിന എന്നും സന്ദർലാൻഡ് എന്നും ആയിരുന്നു അവയുടെ പേരുകൾ. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാൻ്റെയും ജർമ്മനിയുടെയും മുങ്ങിക്കപ്പലുകളെ കണ്ടെത്തുക എന്നുള്ളതായിരുന്നു ഇവയുടെ ദൗത്യം.
ആ ഡീഗോ ഗാർഷ്യ ഇന്നിപ്പോൾ ഒരു അമേരിക്കാൻ സൈനിക കേന്ദ്രമാണ്. അറുപതുകളുടെ തുടക്കത്തിൽ, ബ്രിട്ടൻ തങ്ങളുടെ സൈനികപരമായ പ്രവർത്തനങ്ങൾ ഡീഗോ ഗാർഷ്യയിൽ മരവിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ, അവർ അവിടെ ഒരു നാവിക വാർത്താവിനിമയ കേന്ദ്രം തുടങ്ങാൻ അമേരിക്കയ്ക്ക് അനുമതി നൽകി.
ഡീഗോ ഗാർഷ്യയുടെ നിയന്ത്രണം കയ്യിലായതോടെ, അമേരിക്കയ്ക്കുണ്ടായ നേട്ടം, ദക്ഷിണേഷ്യയിലെ സൈനികവും നയതന്ത്രപരവുമായ കാര്യങ്ങളിൽ മേൽക്കൈ വന്നു എന്നുള്ളതാണ്. ഭൂഗോളത്തിൽ അമേരിക്കയുടെ മറുവശത്തുള്ള പ്രദേശത്ത്, അവർക്ക് നേരിട്ട് നിയന്ത്രണമുള്ള ഒരു സൈനിക കേന്ദ്രം. അവിടെ അതിശക്തമായ നാവികപ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ, അതാകട്ടെ തന്ത്രപ്രധാനമായ ഒരിടത്തും.
യുഎസ്സിന് അവിടെ വ്യോമ-നാവിക കേന്ദ്രങ്ങളുള്ളതിനാൽ ദക്ഷിണേഷ്യൻ രാജ്യങ്ങളെ സൈനികശക്തി കാട്ടി വരുതിയിൽ നിർത്താനുള്ള അമേരിക്കയുടെ ഉപായങ്ങളിലൊന്നാണ് ഇപ്പോൾ ഡീഗോ ഗാർഷ്യ. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ഗതാഗതം, കടൽക്കൊള്ളക്കാരെ അമർച്ച ചെയ്യൽ, എണ്ണവ്യാപാരം തുടങ്ങി എന്തിലും അമേരിക്കക്ക് സ്വാധീനം ചെലുത്താൻ ഡീഗോ ഗാർഷ്യ മൂലം സാധ്യമാണ്.
ഇന്ത്യൻ മഹാസമുദ്രം ലോകത്ത് ഏറ്റവും അധികം വ്യോമ-നാവിക ഗതാഗതങ്ങൾ നടക്കുന്ന സ്ഥലമാണ്. ഹോർമുസ് മുനമ്പ് ഭാഗത്തുനിന്നുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരപഥത്തോട് തൊട്ടടുത്താണ് ഡീഗോ ഗാർഷ്യ. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ഗൾഫ് മേഖല, ഇറാൻ, പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മാർ തിടങ്ങിയ രാജ്യങ്ങൾ, തായ്‌ലൻഡ്, സിംഗപ്പൂർ മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങൾ തുടങ്ങി ചൈന ഉൾപ്പെടെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങൾക്കും അവരുടെ വ്യവസായപരവും സൈനികവുമായ വിനിമയങ്ങൾ കടൽ വഴി സാധ്യമാകുന്ന മേഖലയാണ് ഇന്ത്യൻ മഹാസമുദ്രം. പ്രാദേശികമായ പ്രത്യേകതകളാൽ ഇന്ത്യക്കാണ് ഇവിടെ മേൽക്കൈ ഉള്ളതെങ്കിലും ഇക്കാര്യത്തിൽ ചൈനയും ഡീഗോ ഗാർഷ്യയിലെ സൈനിക സാന്നിധ്യത്താൽ അമേരിക്കയും ഇന്ത്യയുടെ പ്രതിയോഗികളാണ്. ഡീഗോ ഗാർഷ്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തിനു അറിയില്ല. പുറത്തുനിന്നുള്ള റഡാറുകളിലൊന്നും ഡീഗോ ഗാർഷ്യ കുടങ്ങില്ല. കാരണം എല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അത്യാധുനിക പരീക്ഷണങ്ങളെല്ലാം നടക്കുന്നത് ഇവിടെയാണ്.
മാറിയ ലോക സാഹചര്യത്തിൽ ചൈനയുടെ ആധിപത്യത്തിന് എതിരെ അമേരിക്ക ഇന്ത്യ ഓസ്ട്രേലിയ ജപ്പാൻ കൂട്ടുകെട്ട് ശക്തി പ്രാപിക്കുമ്പോൾ ഡീഗോ ഗാർഷ്യയുടെ പ്രാധാന്യം വീണ്ടും വർദ്ധിക്കുന്നു.