സിറിയയിൽ വീണ്ടും അശാന്തിയുടെ പുക ഉയരുകയാണ്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം മൂന്നു ദിവസത്തെ ഏറ്റുമുട്ടലിനിടെ സാധാരണക്കാരായ അലവികള്‍ ഉൾപ്പെടെ സിറിയിയിൽ ഇതിനോടകം ആയിരത്തിലധികം പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്. സിറിയയുടെ പടിഞ്ഞാറൻ തീരമേഖലയായ ലതാകിയ, ടാർട്ടസ് പോലുള്ള നഗരങ്ങളിലാണ് അലവി വിഭാഗക്കാർ കൂടുതലായി താമസിക്കുന്നത്. ഇവിടെ നൂറുകണക്കിനു സാധാരണക്കാരായ അലവികൾ കൂട്ടക്കൊല ചെയ്യപ്പെട്ടതായാണു മനുഷ്യാവകാശ സംഘടനകളുടെ നിഗമനം. അലവി ഭൂരിപക്ഷ ഗ്രാമത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതാണു പെട്ടെന്നുള്ള സംഘർഷത്തിലേക്കും ഇപ്പോൾ നടക്കുന്ന കൂട്ടക്കൊലയിലേക്കും വഴിവച്ചതെന്നും സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സുരക്ഷാ സേനയും – അലവികളും തമ്മിൽ സംഘർഷം തുടരുന്ന മേഖലകളിലേക്കു കൂടുതൽ സൈന്യത്തെ അയച്ചതായി സൈനികവൃത്തങ്ങൾ പറയുന്നത്. കൂട്ടക്കൊല നടക്കുന്ന ലറ്റാകിയ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡരികിൽ വെടിയേറ്റ ആളുകളുടെ മൃതദേഹങ്ങൾ നിരത്തിക്കിടത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സിറിയയിലെ ഷിയ വിഭാഗത്തിന്റെ ഉപവിഭാഗമാണ് അലവി (അലവൈറ്റ്) വിഭാഗക്കാർ. അസദ് കുടുംബം അലവി വിഭാഗക്കാരാണ്. ശിയാക്കളിലെ മുഖ്യ വിഭാഗമായ ഇസ്നാ അശരികളിൽ നിന്ന് (ഏറ്റവും വലിയ ഷിയാ വിഭാഗം) നിന്ന് ഉൾപിരിഞ്ഞുണ്ടായ ഒരു അവാന്തര ഷിയാ വിഭാഗമാണ് അലവികൾ. 1920-ന് മുമ്പ് അലവികൾ പൊതുവെ നുസൈരികൾ എന്നായിരുന്നു അറിയപ്പെട്ടത്. സിറിയയിലും ലെബനോനിലും തുർക്കിയിലും മാത്രമായി കാണപ്പെടുന്ന ഒരു വിഭാഗമാണ് അലവികൾ. പത്താം ഇമാമായിരുന്ന അലി അൽ ഹാദിയുടെയും (Term AD 835-868) പതിനൊന്നാം ഇമാമായിരുന്ന ഹസൻ അൽ അസ്‌കരിയുടെയും (Term AD 868-873) ശിഷ്യനായിരുന്ന ഇബ്ൻ നുസൈർ (Ibn Nusayr) സ്ഥാപിച്ചതാണ് ഈ അവാന്തര ശാഖ. ഏതാണ്ട് 60 ലക്ഷം അനുയായികളുള്ള അലവികളിൽ 36 ലക്ഷം പേരും വസിക്കുന്നത് സിറിയയിലാണ്. ബാക്കിയുള്ളവർ തുർക്കിയിലും ലെബനോനിലും ആണ് വസിക്കുന്നത്. ക്രിസ്ത്യൻ ആചാരങ്ങളുമായി തൊട്ടുരുമ്മി നിൽക്കുന്ന അലവികൾക്ക് ഒരു ഹിഡൻ അജണ്ടയുണ്ടെന്ന് സുന്നി മുസ്ലിങ്ങളും മുഖ്യ ഷിയാ സമാന്തര വിഭാഗമായ ‘ഇത്‌ന അഷരി’കൾ പോലും വിശ്വസിക്കുന്നു. പള്ളികളിലുള്ള പ്രാർത്ഥനയോ, ബാങ്ക് വിളിയോ, ഹജ്ജ് തീർത്ഥാടനമോ അലവികൾക്ക് നിർബന്ധമില്ല.
സുന്നി ഭൂരിപക്ഷ ജനസംഖ്യയുള്ള സിറിയയിൽ അസദിന്റെ നട്ടെല്ലായിരുന്നു ഒരു കാലത്ത് അലവികൾ. അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനു പിന്നാലെയാണ് എച്ച്ടിഎസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അലവികൾ മാറിയത്. ഇതോടെ സുരക്ഷാസേനയും അസദ് വിശ്വസ്തരായ അലവികളും തമ്മിൽ പോരാട്ടം ആരംഭിച്ചു. പോരാട്ടം ഒടുവിൽ അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറുകയായിരുന്നു.
അസദിന്റെ ഭരണത്തിൻ കീഴിൽ അലവി വിഭാഗക്കാർക്കു മുൻഗണന ലഭിച്ചിരുന്നു. എന്നാൽ അസദ് വിമതരായ എച്ച്ടിഎസ് അധികാരം പിടിച്ചതോടെ അലവികൾ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി മാറിയിരിക്കുകയാണ്. അസദിനെ പുറത്താക്കിയതിനു പിന്നാലെ അധികാരത്തിലെത്തിയെ എച്ച്ടിഎസ് സർക്കാരിന് നേതൃത്വം നൽകുന്നത് സുന്നി വിഭാഗമാണ്. അഹമ്മദ് അൽ-ഷറയാണ് ഇടക്കാല പ്രസിഡന്റ്. എല്ലാ സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം സിറിയയിൽ കെട്ടിപ്പടുക്കുമെന്നായിരുന്നു ഇടക്കാല പ്രസിഡന്റിന്റെ ഉറപ്പെങ്കിലും അലവികൾക്കെതിരെ ആക്രമണങ്ങൾ തുടരുകയായിരുന്നു.