തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ദീപാ ദാസ് മുൻഷി തിരുവനന്തപുരത്ത് എത്തിയത്.
ഡൽഹി ചർച്ചയുടെ തുടർച്ചയല്ല ഇപ്പോൾ നടക്കുന്ന കൂടിക്കാഴ്ച. കൂടിക്കാഴ്ച അസാധാരണമല്ലെന്നും, സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ നേതൃ തലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്ന് ചർച്ചകൾക്കു ശേഷം മാണി സി കാപ്പൻ പറഞ്ഞു. യുഡിഎഫില്‍ എല്ലാവരും ഒരേ സ്വരത്തില്‍ സംസാരിക്കണമെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. ഇന്ന് മുസ്ലിം ലീഗ് നേതാക്കളുമായി ദീപാ ദാസ് മുൻഷി ചർച്ച നടത്തും.
കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിധി വിടുന്നതിലുള്ള വിയോജിപ്പ് സംസ്ഥാന-കേന്ദ്ര നേതാക്കളെ അറിയിച്ച ഘടകകക്ഷി നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്താനുള്ള താല്‍പര്യം അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് ഹൈക്കമാന്‍ഡ് പ്രതിനിധി കേരളത്തിലെത്തി ചര്‍ച്ച നടത്തുന്നത്.