തമിഴ്‌നാട്ടിൽ ബിജെപിക്ക് ഇനി പുതിയ മുഖം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ ഇന്നലെ നാമനിർദേശ പത്രിക നൽകി. പാർട്ടി ആസ്ഥാനമായ കമലാലയത്തിൽ കെ അണ്ണാമലൈയോടൊപ്പമാണ് പത്രിക നൽകാൻ നൈനാർ എത്തിയത്. ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചാണു നൈനാർ നാഗേന്ദ്രനു ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നറുക്കുവീണതെന്നാണ് സൂചന. തെക്കൻ തമിഴ്‌നാട്ടിലെ ജനങ്ങൾക്കിടയിലെ സ്വാധീനമുള്ള തേവർ സമുദായാംഗമാണ് നൈനാർ. തമിഴ്‌നാട് നിയമസഭയിൽ ബിജെപിയുടെ നിയമസഭാ കക്ഷിനേതാവാണ് നൈനാർ നാഗേന്ദ്രൻ. അണ്ണാഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഒടുവിൽ പ്രിയ നേതാവ് ജയലളിതയുടെ വിയോഗത്തിന് പിന്നാലെ പാർട്ടി വിട്ട അദ്ദേഹം, 2017-ലാണ് ബിജെപിയിലേക്ക് എത്തുന്നത്. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായും പിന്നീട് വൈദ്യുതി – വ്യവസായ മന്ത്രിയായും നൈനാർ നാഗേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിറഞ്ഞുനിന്ന അണ്ണാമലൈയെ മാറ്റാനും നൈനാർ നാഗേന്ദ്രനെ പകരം നിയമിക്കാനും ബിജെപി തീരുമാനിച്ചത് രാഷ്ട്രീയ പരമായ പല കാരണങ്ങൾ കൊണ്ടാണ്. ഏതെങ്കിലും ദ്രാവിഡ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്നാൽ തമിഴ്‌നാട്ടിൽ താമര വളരില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞതാണ്. അണ്ണാമലൈ തുടങ്ങിവച്ച തമിഴ്‌നാട് ബിജെപിയിലെ മാറ്റങ്ങൾക്കു നൈനാർ നാഗേന്ദ്രനിലൂടെ തുടർച്ചയാണ് കേന്ദ്രനേതൃത്വം പ്രതീക്ഷിക്കുന്നത്. അപ്പോഴും പ്രശ്‌നമായി നിന്നത് പ്രധാന സഖ്യകക്ഷിയായിരുന്ന അണ്ണാഡിഎംകെയുടെ അഭാവമാണ്. അണ്ണാമലൈ സംസ്‌ഥാന അധ്യക്ഷനായി തുടർന്നാൽ എൻഡിഎയിലേക്ക് മടങ്ങില്ലെന്ന് ഇപിഎസ് ഉറപ്പിച്ചതോടെ മറ്റൊരു വഴിയും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഇല്ലാതായി.
അതേസമയം തമിഴ്‌നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചെന്നൈയില്‍ എത്തിയ അമിത് ഷാ എടപ്പാടി പളനിസ്വാമിയുമൊത്താണ് സഖ്യം പ്രഖ്യാപിച്ചത്. സഖ്യത്തെ എടപ്പാടി പളനിസ്വാമി നയിക്കുമെന്നും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഉപാധികളും മുന്നോട്ടുവയ്‌ക്കാതെയാണ് എഐഎഡിഎംകെ (AIADMK) എൻഡിഎയിലേക്ക് വന്നതെന്നും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് ജനവിധി തേടുമെന്നും അമിത് ഷാ പറഞ്ഞു. 1998 മുതൽ എഐഎഡിഎംകെ എൻഡിഎയുടെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ മുഖ്യമന്ത്രി ജെ ജയലളിതയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ സഖ്യം കൂടുതൽ ശക്തമാണ്. എൻഡിഎ വലിയ വിജയം നേടും. തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.