യൂട്യൂബ് വ്ലോഗേഴ്സിന് സന്തോഷവാർത്ത. ഇനി വീഡിയോയിൽ സ്വന്തം ഇഷ്ടത്തിന് പശ്ചാത്തല സംഗീതം തയ്യാറാക്കാം. വീഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എഐ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ജനറേറ്റര്‍ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റര്‍ മ്യൂസിക് ടാബിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവിൽ കോപ്പി റൈറ്റടിക്കാത്ത ഗാനങ്ങളും സംഗീതവും മാത്രമേ പശ്ചാത്തലസംഗീതമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടെയും ഗായകരുടെയും ഹിറ്റ് ഗാനങ്ങൾ പശ്ചാത്തല സംഗീതമാക്കാൻ സാധിക്കില്ല. പകർപ്പവകാശ നിയന്ത്രണങ്ങൾ കാരണം പശ്ചാത്തല സംഗീതം തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമായിരുന്നു. കോപ്പി റൈറ്റ് പ്രശ്നങ്ങൾ വീഡിയോയെയും ചാനലിനെയും വരെ ബാധിച്ചിരുന്നു. അതിനൊരു പരിഹാരവുമായി ആണ് പുതിയ ആപ്ലിക്കേഷൻ യു ട്യൂബ് അവതരിപ്പിക്കുന്നത്.
ക്രിയേറ്റർമാരുടെ ഇഷ്ടാനുസരണം പാട്ടുകൾ നിർമിച്ചെടുക്കാൻ എഐ സഹായിക്കും. ക്രിയേറ്റർ മ്യൂസിക് ടാബിൽ പ്രത്യേകം ജെമിനൈ ഐക്കൺ നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ എങ്ങനെയുള്ള പാട്ടാണ് വേണ്ടതെന്ന് നിർദേശിക്കുക. ദൈർഘ്യം, സ്വഭാവം ഉള്‍പ്പടെയുള്ള വിവരങ്ങളും നല്‍കാം. ശേഷം ജനറേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓഡിയോ സാമ്പിളുകള്‍ നിര്‍മിക്കപ്പെടും. ഏത് തരം മ്യൂസിക് നിര്‍മിക്കണം എന്നറിയില്ലെങ്കില്‍, പ്രത്യേകം സജസ്റ്റ് ടാബ് ലഭ്യമാണ്. അതില്‍ മ്യൂസിക് ജനറേഷന് വേണ്ട ആശയങ്ങള്‍ ലഭിക്കും. ക്രിയേറ്റര്‍മാര്‍ക്കെല്ലാം ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാം എന്നാണ് സൂചന.