കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. കോഴിക്കോട് രൂപത ഇനി അതിരൂപത. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയം അതിരൂപതയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രഖ്യാപനം നടത്തിയത്. ശതാബ്ദി ആഘോഷിച്ച് 102 വർഷം പിന്നിടുന്ന വേളയിലാണ് കോഴിക്കോട് ലത്തീൻ രൂപതയെ ഫ്രാൻസിസ് മാർപാപ്പ അതിരൂപതയായി പ്രഖ്യാപിച്ചത്. തലശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോസഫ് പാംപ്ലാനി മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചു. കണ്ണൂർ രൂപതാ ബിഷപ് അലക്‌സ് വടക്കുംതല മാർപാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷ വായിച്ചു.
കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തിയതിനൊപ്പം ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷപ്പായും ഉയർത്തപ്പെട്ടു. ഇതോടെ കോഴിക്കോട് അതിരൂപതയുടെ ആദ്യത്തെ ആർച്ച് ബിഷപ്പായി ഡോ.വർഗീസ് ചക്കാലയ്ക്കൽ മാറി. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലായിരിക്കും. മലബാറിന് ലഭിച്ച ഓശാന സമ്മാനമാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയതെന്ന് മാർ ജോസഫ് പാംപ്ലാനി ആശംസയർപ്പിച്ചുകൊണ്ട് പറഞ്ഞു. മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അതിരൂപത പദവിയും ആർച്ച് ബിഷപ് പദവിയും ഒരുമിച്ച് ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലത്തീൻ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. തിരുവനന്തപുരവും വരാപ്പുഴയും ആണ് കേരളത്തിലെ മറ്റ് രണ്ട് അതിരൂപതകൾ. ഷൊർണൂർ മുതൽ കാസർകോട് വരെയാണ് കോഴിക്കോട് അതിരൂപതയുടെ അധികാരപരിധിയിൽ വരുന്നത്. ഇതോടെ ഇന്ത്യയിലെ 25-ാമത് ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത അറിയപ്പെടും. 1923 ജൂൺ 12-നാണ് കോഴിക്കോട് ലത്തീൻ രൂപത സ്ഥാപിതമായത്. മലബാറിലെ ആദ്യ ലത്തീൻ രൂപത കൂടിയാണ് കോഴിക്കോട് അതിരൂപത. ശതാബ്ദി നിറവിൽ ലഭിച്ച വലിയ അംഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം.