ശ്രീനഗര്‍: ജമ്മുകശ്മീരിലെ അഖ്‌നൂര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യ. ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. വധിച്ചവരില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സാദുല്ലയും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കരസേന, അർധസൈനിക വിഭാഗത്തിലെ കമാൻഡോകൾ, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ്, എസ്‌ഒജി എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിലാണ് മൂന്നു ഭീകരരെ വധിച്ചത്.
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ചക്കൻ-ദ-ബാഗ് ക്രോസ് പോയിന്റിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യങ്ങളുടെ ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ഫ്ലാഗ് മീറ്റിംഗ് നടത്തിയത്. വെടി നിർത്തൽ കരാറടക്കം അതിർത്തിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ യോഗത്തിൽ ഇരു രാജ്യങ്ങളും ചർച്ച ചെയ്തിരുന്നു. തുടർന്നാണ് വീണ്ടും പാകിസ്ഥൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നത്.