റോമിൽ നിന്ന് 300 കിലോമീറ്റർ ദൂരെയുള്ള ഒരു പ്രകൃതി ദത്ത ഗുഹയിൽ കാണുന്ന അത്ഭുതപ്രതിഭാസം ആണ് നിങ്ങളുമായി പങ്കുവക്കുന്നത്. ഗ്രോത്ത ഫ്രസാസി ( Fressasi caves) എന്ന് അറിയപ്പെടുന്ന ഈ ഗുഹയിൽ പ്രകൃതി മനോഹര ശില്പങ്ങൾ ഒരുക്കിയിരിക്കുന്നു. 24+ കിലോമീറ്റർ നീളമുള്ള ഈ പ്രകൃതി ദത്ത ഗുഹയിൽ 1650 മീറ്റർ മാത്രമേ സാധാരണ രീതിയിൽ നമുക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളു. തുടർന്ന് യാത്രയ്ക്കു ഓക്സിജനും ശ്വസന ഉപകാരണങ്ങളും അനിവാര്യമാണ്.
1972 -ൽ ട്രെക്കിങ്ങിന് വന്ന കുറച്ച് ചെറുപ്പക്കാർ ആണ് ഈ അത്ഭുതത്തെ ലോകത്തിനു മുൻപിൽ എത്തിച്ചത്. ട്രക്കിങ്ങിന്റെ ഭാഗമായി മലമുകളിൽ എത്തിയ ഇവർ കണ്ട ഒരു ചെറിയ ദ്വാരത്തിൽ കൂടി നോക്കിയപ്പോൾ ഒന്നും കാണാൻ സാധിച്ചില്ല. കൂട്ടത്തിൽ ഒരാൾ സിഗറരറ്റ് കത്തിച്ചപ്പോൾ ഈ ദ്വാരത്തിലേക്ക് തീ ആകർഷിക്കപെടുന്നതായി അവർക്ക് മനസിലാക്കി. കല്ലുകൾ ഇട്ട് നോക്കിയതിൽ നിന്നും നല്ല ആഴം ഉണ്ടെന്നും മനസിലാക്കി. ചെറുപ്പക്കാർ തങ്ങൾ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങൾ ഭരണാധികാരികളെ അറിയിക്കുകയും തുടർന്ന് അവർ നടത്തിയ വിശദമായ പഠനത്തെ തുടർന്നാണ് അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ച പുറം ലോകത്തിൽ എത്തുന്നതും. മലയുടെ അടിവാരത്തിൽ നിന്നും ഈ ഗുഹയിൽ എത്തനായി 200 മീറ്റർ നീളത്തിൽ ഒരു ഇടനാഴി പിന്നീട് തുരന്നുണ്ടാക്കി. അതുവഴിയാണ് സന്ദർശകർക്ക് പ്രവേശനം.
ഈ ഗുഹയിൽ എപ്പോഴും 14 ഡിഗ്രി താപനിലയും 99%ഹ്യൂമിഡിറ്റി (ഈർപ്പം) യുമാണ് ഉള്ളത്. പുറത്തെ താപ വ്യത്യാസമോ കാലാവസ്ഥ വ്യതിയാനമോ ഒരിക്കലും ഉള്ളിൽ ബാധിക്കില്ല. ഗുഹക്കുള്ളിലെ ഹ്യൂമിഡിറ്റി (ഈർപ്പം) കൂടുതൽ കൊണ്ട് മുകളിൽ നിന്ന് വെള്ളതുള്ളികൾ താഴേക്ക് പതിക്കും. ഈ പതിക്കുന്ന വെള്ളത്തുള്ളികളിൽ അടങ്ങിയിരിക്കുന്ന കാൽഷ്യം കാർബണെറ്റ് ദീർഘാകാലം അടിഞ്ഞു കൂടിയാണ് ഈ സുന്ദര ശില്പങ്ങൾ രൂപീകരണം പ്രാപിച്ചത്. ഇറ്റലിയിലെ വെള്ളത്തിൽ കാൽസ്യത്തിന്റെ അളവ് മറ്റു രാജ്യങ്ങളിലേക്കാൾ കൂടുതൽ ആണ്. 120 മീറ്റർ വരെ ഉയരം ഉള്ള ഈ ഗുഹയിലെ ഏറ്റവും വലിയ കാൽഷ്യം സ്തൂപത്തിനു 80 മീറ്റർ ഉയരമുണ്ട്. നൂറ്റാണ്ടുകൾ കൊണ്ടാണ് ഇത്രയും ഉയരത്തിൽ ഇത് രൂപപ്പെട്ടത്. ഒന്നോ രണ്ടോ മില്ലി മീറ്റർ മാത്രം ആണ് ഓരോ വർഷവും വളരുന്നത്. മെഴുക് ഉരുകി വീണത് പോലെയുള്ളതും നല്ല വെളുപ്പ് നിറമുള്ളതും ഇളം മഞ്ഞ നിറമുള്ളതും കർട്ടൻ പോലെ തോന്നിപ്പിക്കുന്നതും സാന്തക്ലോസിന്റെ രൂപ സാദൃശ്യം ഉള്ളതും ഒക്കെ ആയുള്ള രൂപങ്ങൾ കാണാൻ സാധിക്കും.
ഈ ഗുഹക്കുള്ളിലെ പ്രകൃതി ദത്ത താപനില നിലനിർത്തുന്നതിനായി പ്രവേശന ഇടനാഴിയിൽ മൂന്ന് വാതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇടക്കിടക്ക് ഇവ ഓരോന്നായി തുറന്നാണ് സന്ദർശകരെ കടത്തി വിടുന്നത്. ഇരു വശവും കൈവരികൾ സ്ഥാപിച്ച ചെറിയ പാതയിലൂടെയും പടിക്കെട്ടുകളിലൂടെയും നടന്നു വേണം ഈ കാഴ്ചകൾ കാണാൻ. താപനിലയിൽ വ്യത്യാസം ഉണ്ടാകാതിരിക്കാൻ ഏറ്റവും കുറവ് ലൈറ്റുകൾ മാത്രം ആണ് ഇവിടെ ഉള്ളത്. അതിനാൽ തന്നെ ഒരു അരണ്ട വെളിച്ചം മാത്രം ആണ് ഗുഹക്കുള്ളിൽ ഉള്ളത്. ഫോട്ടോ എടുക്കാമെങ്കിലും ഫ്ലാഷ് ഉപയോഗിക്കാൻ അനുവാദം ഇല്ല. അതുപോലും താപനിലയിൽ മാറ്റം ഉണ്ടാക്കുമെന്നുള്ളതുകൊണ്ട് വളരെ ശ്രദ്ധയോടെ ഉള്ള നിയന്ത്രണം ആണ് സന്ദർശകർക്ക് ഉള്ളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വളരെ അടുത്ത് നിന്ന് കാണാൻ പറ്റുമെങ്കിലും തൊടാൻ അനുവാദം ഇല്ല. സ്പർശം ഏറ്റാൽ അതിന്റെ സ്വാഭാവിക നിറത്തിന് മാറ്റം വരും എന്നതിനാലാണ് ആ നിയന്ത്രണം.
ഇന്ത്യൻ ക്ഷേത്രഗോപുരങ്ങളിലെ ചെറിയ കൊത്തു പണികൾക്ക് സമാനമായത് പോലെ തോന്നും ഇതിലെ കലയും. എന്തായാലും പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സുന്ദര കലാരൂപം തന്നെയാണ് ഇറ്റലിയിലെ ഫ്രസാസി ഗുഹ എന്നതിൽ ഒരു സംശയവും ഇല്ല.
ജിജി, റോം