Saturday, March 15, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കുട്ടികൊലയാളി കാട്ടാളന്മാരുടെ നാട്
കുട്ടികൊലയാളി കാട്ടാളന്മാരുടെ നാട്

കുട്ടികൊലയാളി കാട്ടാളന്മാരുടെ നാട്

by Editor
Mind Solutions

വിദ്യാർത്ഥി ജീവിതത്തിൻ്റെ ദാരുണവും ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ് പലപ്പോഴായി വിദ്യാകേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത്. പകർച്ചവ്യാധിപോലെ നിർവികാരമായ ഒരു ജനസമൂഹത്തെയാണ് കേരളത്തിൽ കാണുന്നത്. വിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന ഈ മൂഢത്വത്തെ ആരും ഗൗരവമായി കാണുന്നില്ലെന്ന് മാത്രമല്ല യാഥാർഥ്യങ്ങളെ ഒളിപ്പിച്ചുവെക്കുകയും കുറ്റവാളികൾക്ക് വേണ്ടുന്ന എല്ലാം ഒത്താശയും ചെയ്‌തുകൊടുക്കുന്നു. നമ്മുടെ കുട്ടികൾ ചോദ്യങ്ങൾ കാണാതെ പഠിച്ചു് ഉത്തരങ്ങൾ എഴുതുന്നതു പോലെ നമ്മുടെ വിദ്യാഭ്യാസ രംഗം പട്ടി കുരച്ചാൽ ചന്ദ്രൻ പേടിക്കുമോയെന്ന ഭാവത്തിൽ മുന്നോട്ട് പോകുന്നു. അച്ചടക്കവും അനുസരണയും വിദ്യാപീഠങ്ങളിൽ നിന്ന് മാത്രമല്ല സ്വന്തം വീടുകളിൽനിന്നുമുണ്ടാകണം. അതിന് മാതാപിതാക്കളും കുട്ടികളും തമ്മിൽ ഊഷ്‌മളമായ സ്നേഹബന്ധമുണ്ടാകണം. അറിവിൻ്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികൾ കഞ്ചാവിനും, മയക്കുമരുന്നിനും അടിമകൾ മാത്രമല്ല ഇന്ന് അമേരിക്കയിൽ കുട്ടികൾ തോക്കുമായി സ്‌കൂളിൽ പോകുന്നതുപോലെ മാരകമായ ആയുധങ്ങളുമായി സ്‌കൂളിൽ പോകുന്നത് പണക്കൊഴുപ്പാണോ അതോ അധികാര ഇടനാഴികളിലെ സ്വാധീനമാണോ?

താമരശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടത് ഷഹബാസ് എന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ്. കുട്ടികൾ സ്‌കൂളിൽ നിന്ന് നല്ല പാഠങ്ങൾ പഠിക്കുന്നില്ല. പോലീസ് റിപ്പോർട്ടിൽ പറയുന്നത് മാരകമായ ആയുധമുപയോഗിച്ചാണ് തലയോട്ടി അടിച്ചുതകർത്തത്. ഇതിനൊക്കെ കാരണമായി പറയുന്നത് കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ ഒരു കൂട്ടം കൂവിവിളിച്ചു, ട്യൂഷൻ സെൻ്ററിലെ യാത്രയയപ്പിലുണ്ടായ പ്രശ്‌നങ്ങൾ അങ്ങനെ പലതും കേൾക്കുന്നു. എന്ത് കാരണമായാലും ഒരാളുടെ ജീവനെടുക്കുക എന്നത് ബോധപൂർവ്വമാണ്. അതിനുള്ള തെളിവാണ് തലയ്ക്കടിച്ചുകൊന്ന കുട്ടിയുടെ വീട്ടിൽ നിന്ന് മാരകായുധം കണ്ടെത്തിയത്. ഇതിലൂടെ ഈ കുട്ടികളെ വളർത്തി വഷളാക്കിയ മാതാപിതാക്കളും കുറ്റവാളികളാണ്. എന്നിട്ട് വീരവാദം മുഴക്കുന്നത് എൻ്റെ കുട്ടി ഒരു തെറ്റും ചെയ്‌തിട്ടില്ല. സത്യത്തിൻ്റെ അന്തസത്തയെ കുഴിച്ചു മൂടി ഈ പരിവേഷം ചാർത്തുമ്പോൾ ഇവരുടെ മക്കൾ നാളത്തെ ഭീകരരായി മാറുമെന്നുള്ളത് മറക്കുന്നു.  ഇവർക്ക് വളരാൻ മതരാഷ്ട്രീയ പഠനങ്ങളും പരിശീലനങ്ങളുമുണ്ട്. ചെറുപ്പത്തിൽ എന്നെപോലുള്ളവർ സ്‌കൂൾ മത പഠനങ്ങൾ നടത്തിയത് നല്ലവരായി, നല്ല മനുഷ്യരായി ജീവിക്കാനാണ്. ഒരു കുട്ടി കുറ്റവാളിയായി മുദ്രകുത്തിയാലും – മത – രാഷ്ട്രീയ – അധ്യാപക – രക്ഷിതാക്കൾ ഉത്തരവാദിത്വത്തിൽ ഒളിച്ചോടുന്നത് കാണാം. അധ്യാപകർ നിസ്സംഗത തുടരുന്നു. കൊല്ലപ്പെട്ടുകഴിയുമ്പോൾ വാഴ്ത്തിപ്പാടാനും, ചരമഗീതങ്ങൾ പാടാനും, റീത്തുവെക്കാനും ഈ കൂട്ടർ ഒഴുകിയെത്തുന്നു. ഒരാൾ എരിഞ്ഞമരുമ്പോൾ വീണ്ടും വരുന്നു കൊലപാതകം. ദൈവത്തിന്റെ നാട് പിശാചിൻ്റെ നാടായി മാറിയോ? മറ്റുള്ളവരുടെ ജീവനെടുക്കുന്ന, സമൂഹത്തെ കൊള്ളചെയ്യുന്ന ഈ തസ്‌കരവീരന്മാരുടെ താരാട്ട് പാടി എത്രനാൾ തുടരും?

നമ്മുടെ കലാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? സർക്കാർ രാഷ്ട്രീയത്തിനതീതമായി ഇടപെടണം. സ്വന്തം മകനോ മകൾക്കോ ഈ ദുരവസ്ഥ വന്നാൽ എന്തുചെയ്യും?

കോടാലിക്ക് കുഷ്‌ഠം പിടിച്ചതുപോലെയാണ് കുട്ടികളുടെ ജുവനൈൽ നിയമങ്ങൾ. നിയമത്തിന് മുഖമില്ല. നിയമങ്ങൾ സമൂഹത്തിന് വെളിച്ചം നല്‌കുന്നതാകണം. കോടതിക്ക് തെളിവുകളല്ലേ ആവശ്യം? ആ നേരിൻ്റെ മാർഗ്ഗം പൂജിക്കപ്പെടണം. പ്രായമെന്ന പരിഗണനയിൽ പൂവിട്ടു് പൂജിക്കയോ പരിരക്ഷയോ കൊടുക്കരുത്. അത് കുറ്റം ചെയ്യാതിരിക്കാൻ കുട്ടികുറ്റവാളികൾക്ക് നൽകുന്ന വലിയ സന്ദേശമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടില്ലെങ്കിൽ കുറ്റം പെരുകക തന്നെ ചെയ്യും. പൊലീസ് അകമ്പടിയിൽ സ്വന്തം സഹപാഠിയെ നഞ്ചക്കിനടിച്ചു കൊലപ്പെടുത്തിയിട്ടും പരീക്ഷ എഴുതാൻ അവസരം ലഭിക്കുന്നു. കൊടുംകുറ്റവാളികൾക്ക് കുടപിടിക്കുന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ദിശാബോധം, സാമൂഹിക നീതി അറിവോ അറിവില്ലായ്‌മയോ എന്നത് സമൂഹത്തിലുയരുന്ന ചോദ്യമാണ്. ഷഹബാസിനെ കൊല്ലാൻ ഗൂഡാലോചന നടത്തിയതും, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് കൊലവിളികൾ, പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചു് വിദ്യാർത്ഥികളിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥന്റെ മകനെന്നുള്ളതും എത്ര ഭയാനകമാണ്. കൂടെപഠിക്കുന്ന സഹപാഠികളെ തല്ലുക, കൊല്ലുക, പെൺകുട്ടികളെ അപമാനിക്കുക തുടങ്ങിയ കാട്ടാള സ്വഭാവമുള്ള ക്രിമിനലുകളെ പരീക്ഷയെഴുതിയും പാലൂട്ടിവളർത്തികൊണ്ട് വരുന്നത് രാജ്യസേവനത്തിനാണോ? അതോ സമൂഹത്തിൽ ഇതുപോലുള്ള ശവസംസ്‌കാരം നടത്താനോ? അതുമല്ലെങ്കിൽ ഇവർ മൂലം കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങളിൽ നിന്നെഴുന്നേറ്റ് വന്ന് ചരമഗീതങ്ങൾ പാടാനോ?

കുട്ടികൾ എന്തുകുറ്റം ചെയ്‌താലും അതിനെ ശിശുമനസ്സായി കാണുന്നതുകൊണ്ടാണ് കുറ്റവാസന കുട്ടികളിൽ കൂടുന്നത്. നിയമ മനഃസാക്ഷിയും നിയമങ്ങളുമാണ് ഉണരേണ്ടത്. അതിന് ആദ്യം വേണ്ടത് ജുവ നൈൽ നിയമങ്ങൾ പൊളിച്ചെഴുതണം. പ്രായപൂർത്തിയാകാത്ത ഒരു കുട്ടി കൊലപാതകം ചെയ്‌താൽ എഫ്. ഐ.ആർ ഇടാൻ നിയമമില്ലാതെ എസ്.ബി.ആർ (സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട്) മൂലം കുറ്റവാളികൾ രക്ഷപ്പെടുന്നു. ചെറിയവരോ വലിയവരോ എന്നതിനേക്കാൾ കുറ്റത്തിന് ശിക്ഷ കിട്ടണം. ഇല്ലെങ്കിൽ കത്തിയമരുന്ന ചിതകളും ശവപ്പറമ്പുകളും ഇനിയും കാണേണ്ടി വരും. മൊബൈൽ ഡിജിറ്റൽ യുഗം വന്നതോട് കുറെ കുട്ടികൾ പഠിക്കുന്ന പാഠപുസ്‌തകങ്ങളിൽ നിന്നകന്ന് മനോവൈകല്യമുള്ളവരായി മാറുന്ന കാഴ്‌ചയാണ് കാണുന്നത്. ബോധവൽക്കരണ ക്ലാസുകൾ അനിവാര്യമാണ്. പല സ്വദേശ വിദേശ കച്ചവട ആധുനിക സിനിമകളും സീരിയലുകളും കുട്ടികളെ വഴിതെറ്റിക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു കുട്ടിയെ നൊന്തു പ്രസവിച്ച ഒരമ്മയുടെ കുഞ്ഞു് കൊല്ലപ്പെടുമ്പോൾ ആ ഹൃദയത്തിലുള്ള മുറിവ് ആർക്കെങ്കിലുമുണക്കാൻ സാധിക്കുമോ?

കേരളത്തിലെ കലാലയങ്ങളിൽ പലപ്പോഴും കാണുന്നത് കുറെ കുട്ടി നേതാക്കളുടെ വിഹാരരംഗമാണ്. ഇവർ ആളിക്കത്തിക്കുന്നത് സ്നേഹമോ ആനന്ദമോ അല്ല സംഘർഷങ്ങളാണ്. ഇവർ വിദ്യാലയങ്ങളിൽ വരുന്നത് പഠിക്കാനാണോ അതോ രാഷ്ട്രീയ ഗുണ്ടായിസം നടത്താനോ? കുട്ടികളുടെ ഭാവി തകർക്കുന്നതിൽ അധ്യാപക സംഘടനകൾക്കും, വിദ്യാഭ്യാസ വകുപ്പിനും വലിയൊരു പങ്കുണ്ട്. കുട്ടികൾ ചെയ്യുന്ന കുറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കൂട്ടർ പൊതുജനത്തിൻ്റെ നികുതിപ്പണം ശമ്പളമായി വാങ്ങി പഠനമാണോ പ്രോൽസാഹിപ്പിക്കുന്നത് അതോ രാഷ്ട്രീയ അജണ്ടകളോ? കുട്ടികളുടെ ഭാവി ശോഭനമാക്കുന്ന, വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമതയറിയാവുന്ന അധ്യാപർക്ക് ഇവർ ഒരപമാനം തന്നെയാണ്. കഞ്ചാവും, മദ്യവും കഴിക്കുന്നവരെ, അടിപിടി നടത്താൻ വരുന്നവരെ ഇവർക്കറിയാം. സാമൂഹ്യബോധമുള്ള കുട്ടികളെ വളർത്തിയെടുക്കാൻ നിലവിലുള്ള പാഠ്യപദ്ധതികൾ മാറണം. ഒരു കുട്ടി വഴിതെറ്റിപോകുന്നതിൻ്റെ കാരണങ്ങൾ എന്തുകൊണ്ടാണ് രക്ഷിതാക്കൾ, അധ്യാപകർ, മത രാഷ്ട്രീയക്കാർ പഠിച്ചു് പരിഹാരം കാണാത്തത്? നല്ലൊരു വിഭാഗം കുട്ടികൾക്ക് നാട്ടിൽ പഠിക്കാൻ താല്‌പര്യമില്ല. ആരാണ് ഇതിനുത്തരവാദികൾ? വിദ്യാഭ്യാസ മേഖലകളിൽ നടക്കുന്ന അരാഷ്ട്രീയ അരാജകത്വത്തിന് കാരണം രാഷ്ട്രീയപാർട്ടികളും യൂണിയനുകളുമാണ്. വിദ്യാകേന്ദ്രങ്ങളിൽ നിന്ന് ഈ അക്രമ രാഷ്ട്രീയം നിരോധിക്കാതെ ഇതിന് പരിഹാരം കാണാൻ സാധിക്കില്ല. കുട്ടികളുടെ ഭാവി അക്രമത്തിലും, കഞ്ചാവിലും, മദ്യത്തിലും കൊണ്ടെത്തിക്കുന്നതിൽ എല്ലാവരും കൂട്ടുപ്രതികളാണ്. നമ്മുടെ കുട്ടികൾ സ്വാതന്ത്ര്യ സമരപോരാട്ടമല്ല നടത്തുന്നത്. കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇതിനെതിരെ സംഘ ടിച്ചു ശക്തരായി രംഗത്ത് വരണം.

കാരൂർ സോമൻ (ചാരുംമൂടൻ)

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!