Thursday, April 24, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ
സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ

സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ

by Editor
Mind Solutions

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ലോകബാങ്കിന്റെ (International Bank for Reconstruction and Development) മധ്യസ്ഥതയിൽ ഉണ്ടാക്കിയ ഒരു ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി (Indus Waters Treaty). 1960 സെപ്റ്റംബർ 19 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും പാക്കിസ്ഥാൻ പ്രസിഡണ്ട് അയൂബ് ഖാനും ആണ് ഈ ഉടമ്പടിയിൽ ഒപ്പുവച്ചത്. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ഇന്ത്യ പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയത്. ഇരു രാജ്യങ്ങളുടെയും അതിർത്തികൾ അശാന്തമായി തുടർന്നപ്പോഴും മൂന്ന് യുദ്ധങ്ങൾ ഉണ്ടായപ്പോൾ പോലും ഇങ്ങനെയൊരു കടുത്ത നടപടിയിലേക്കു ഇന്ത്യ കടന്നിട്ടില്ല. എന്നാൽ പഹൽ ഹ​ഗാമിൽ നിരപരാധികളായ 26 പേരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കിയതോടെയാണ് ഇന്ത്യ കരാറിൽ നിന്ന് പിന്മാറാനുള്ള നിലപാടിലേക്ക് കടന്നത്.

1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതടത്തേയും രണ്ടായി മുറിച്ചിരുന്നു. സിന്ധു നദീജല കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും ലഭിച്ചു. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്കും ബാക്കി 70% പാക്കിസ്ഥാനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയാണ് ഈ കരാര്‍ വഴി ഇന്ത്യ നല്‍കിയിരുന്നത്. ഇന്ത്യയിൽക്കൂടി ഒഴുകുന്ന നദികളെ ഇന്ത്യ തിരിച്ചുവിട്ട് പാക്കിസ്ഥാനിൽ വരൾച്ചയും പട്ടിണിയും ഉണ്ടാകുമോ, പ്രത്യേകിച്ചും യുദ്ധകാലത്ത്, എന്ന പാക്കിസ്ഥാന്റെ പേടിയിൽ നിന്നുമാണ് ഇത്തരം ഒരു കരാർ ഉടലെടുത്തത്. ഇന്ന് ലോകത്തുള്ള നദീജല പങ്കുവയ്ക്കൽ കരാറുകളിൽ ഏറ്റവും വിജയകരമായ ഒന്നായി സിന്ധു നദീജല ഉടമ്പടിയെ കരുതിപ്പോന്നിരുന്നു.

2016-ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ കരാർ റദ്ദാക്കണമെന്ന് കേന്ദ്രമന്ത്രിമാർ ആവശ്യം ഉന്നയിച്ചിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് അന്ന് പ്രധാനമന്ത്രിയും നിലപാടെടുത്തിരുന്നു. എന്നാൽ അന്ന് കടുത്ത നടപടിയിലേക്ക് ഇന്ത്യ കടന്നിരുന്നില്ല. പിന്നീട് ഈ മേഖലയിൽ ഇന്ത്യ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതികളെ എതിർത്ത് പാക്കിസ്ഥാൻ രം​ഗത്തെത്തിയിരുന്നു. ഇതിൽ 330 മെഗാവാട്ടിന്റെ കിഷൻഗംഗ പദ്ധതി 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. 850 മെഗാവാട്ടിന്റെ രത്​ലെ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യയുടെ മാറ്റൊരു പദ്ധതി. ഈ രണ്ട് പദ്ധതികൾക്കുമെതിരെ പാക്കിസ്ഥാൻ‌ രം​ഗത്തെത്തിയത്. പദ്ധതി വരുന്നതോടെ തങ്ങളുടെ ഭാ​ഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുമെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. കരാറിൽ ഭേദ​ഗതി ആവശ്യമാണെന്ന് ഇന്ത്യ നേരത്തെ മുതൽ ആവശ്യപ്പെടുന്ന കാര്യമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഉടമ്പടി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന് നോട്ടീസ് നൽകിയിരുന്നു.

അങ്ങനെയിരിക്കെയാണ് പഹൽ ഹ​ഗാമിൽ രാജ്യത്തെ നടുക്കികൊണ്ടു ക്രൂരമായ ഭീകരാക്രമണം പാക്കിസ്ഥാൻ സഹായത്തോടെ നടന്നിരിക്കുന്നത്. ഇതിന് പിന്നാലെ കൂടിയ മന്ത്രിസഭാ സമിതി യോ​ഗം ആണ് സിന്ധു നദീജല കരാർ റദ്ദാക്കൽ ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടന്നത്. പാക്കിസ്ഥാനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ദോഷകരമായി ബാധിക്കാൻ പോകുന്നത്. അടിസ്ഥാന ജലസേചന ആവശ്യങ്ങൾക്കടക്കം സിന്ധു നദീതടത്തിൽ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങൾ ഉപയോ​ഗിച്ചിരുന്നത്. പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവശ്യയായി പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനകത്ത് തന്നെ വലിയ കലാപത്തിന് തന്നെ വഴിയൊരുക്കുന്നതാണ്. സാമ്പത്തികപരമായി നിലവില്‍ വെല്ലുവിളി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു കനത്ത പ്രഹരമാണ്.

സേനകളോട് സജ്ജമാകാൻ നിർദ്ദേശം, സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക്കിസ്ഥാനികൾ ഉടൻ ഇന്ത്യ വിടണം.

Top Selling AD Space

You may also like

error: Content is protected !!