പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായുമടച്ചു. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. പാക്കിസ്ഥാൻ പൗരന്മാർ ഉടൻ ഇന്ത്യ വിടണമെന്നും നിർദ്ദേശിച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു.
സൈന്യത്തോട് സജ്ജമാകാൻ നിർദ്ദേശവും നൽകി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ചു. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങളിൽ ഇത്ര കടുത്ത തീരുമാനം എടുക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്. രണ്ടര മണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിനൊടുവിലാണ് തീരുമാനം പുറത്തുവന്നത്.