പഹൽഗാം ഭീകരാക്രമണത്തില്‍ ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍ പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാൻ ഭയക്കുന്നു. തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ പാക്കിസ്ഥാന്‍ ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വ്യോമസേനയോട് ജാഗ്രത പുലര്‍ത്താനും പാക്കിസ്ഥാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ പാക്കിസ്ഥാന്റെ തെക്കന്‍ പട്ടണങ്ങളിലെ താവളങ്ങളിലുണ്ടായിരുന്ന വ്യോമസേന വിമാനങ്ങള്‍ വടക്കുള്ള ബേസുകളിലേക്ക് മാറ്റിയിട്ടുമുണ്ട്. അതിര്‍ത്തികളിലെ പിക്കറ്റുകളില്‍ നിന്നും പാക്കിസ്ഥാന്‍ പട്ടാളം പിന്‍വലിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം തന്നെയാണ് ഭീകരാക്രമണത്തില്‍ ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍ പറയുന്നത്. ഒരു തരത്തിലുമുള്ള ഭീകരതയെയും പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കില്ലെന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ കൈകഴുമ്പോഴും അതിർത്തി കടന്നുള്ള ഭീകരതയാണ് ചോരപ്പുഴ ഒഴുക്കിയതെന്നത് വ്യക്തമാണ്. കശ്മീർ മറന്നിട്ടില്ല എന്ന പാക് സൈനിക മേധാവിയുടെ അത്യന്തം പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് പഹൽഗാമിൽ ഭീകരർ കൂട്ടക്കുരുതി നടത്തിയത്. മതം ചോദിച്ചുള്ള ആക്രമണത്തിനു പ്രേരണ, ജനറൽ ആസിം മുനീറിന്‍റെ വാക്കുകൾ തന്നെ ആണെന്നുള്ളത് ബുദ്ധികേന്ദ്രം പാക്കിസ്ഥാൻ ആണെന്ന് കൂടുതൽ വ്യക്തത നൽകുന്നു. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷവും ജമ്മു കശ്മീർ ശാന്തമായി തുടരുന്നതും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതും കാശ്മീർ മേഖല വികസന കുതിപ്പ് നടത്തുന്നതും പാക് ചാര സംഘടനയായ ഐഎസ്ഐ യെ ഏറെ അലോസരപ്പെടുത്തിയിരുന്നു. ഇതെല്ലാം ആണ് പാക്കിസ്ഥാനെ ഈ ക്രൂരതക്ക് പ്രേരിപ്പിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തെളിവുകള്‍ ലഭിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിയന്ത്രണത്തിലാണ് ആക്രമണം നടന്നതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന് ലഭിക്കുന്ന വിവരം. ഭീകരരില്‍ ഒരാളായ ആസിഫ് ഫൗജി മുന്‍ പാക് സൈനികനാണ്. ഇയാള്‍ പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹം ആക്രമിച്ച കേസില്‍ പ്രതിയാണെന്നും വ്യക്തമായിട്ടുണ്ട്. ഭീകരരായ ആസിഫ് ഫൗജി(മൂസ),സുലൈമാന്‍ ഷാ(യൂനുസ്),അബു തല്‍ഹ(ആസിഫ്) എന്നിവരുടെ രേഖാചിത്രവും എന്‍ഐഎ പുറത്തുവിട്ടു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സംസാരിക്കുന്ന പഷ്തോ ഭാഷയാണ് ഭീകരര്‍ സംസാരിച്ചിരുന്നത്. യുഎസ് നിര്‍മിത എം 4 കാർബൈൻ റൈഫിളുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നും സൈന്യം കണ്ടെത്തി.
അതിനിടെ ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരതയ്‌ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരോട് ആദരാമർപ്പിച്ചും ഐക്യദാർഢ്യത്തോടെ നിൽക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചും ജനങ്ങൾ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ആക്രമണത്തെ അപലപിച്ച ജനങ്ങൾ സൈന്യത്തിനും സർക്കാരിനും പിന്തുണ പ്രഖ്യാപിച്ചു. വിവിധ രാഷ്‌ട്രീയ പാർട്ടികളും വ്യവസായ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പല മേഖലകളിലും ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം കശ്മീരി ജനതയുടെ ആതിഥ്യമര്യാദയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അവർ ആരോപിച്ചു.
നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരെ ഒരു തരത്തിലും വെറുതെവിടില്ലെന്നും ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും അമിത് ഷാ എക്സിൽ കുറിച്ചു. ഈ വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പാവപ്പെട്ടവരെ കൊലപ്പെടുത്തിയ ഭീകരരെ വെറുതെവിടില്ല. ഇത് മരിച്ചവരുടെ കുടുംബത്തിന് നൽകിയ വാക്കാണെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരി; ആസൂത്രണം ചെയ്തത് ലഷ്കറും ഐഎസ്‌ഐയും ചേർന്ന്.