ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികൾ. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി. ലഷ്കർ ഇ ത്വയ്ബയുടെ സ്ഥാപകനായ ഹാഫിസ് സായീദിന്റെ അടുത്ത കൂട്ടാളിയാണ് സൈഫുള്ള കസൂരി. പാക്കിസ്ഥാനിൽ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) എന്ന സംഘടനയുടെ മറവിൽ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയും ഐഎസ്‌ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നു സ്ഥിരീകരിച്ചു. ഭീകരർ ബൈക്കുകളിലായാണ് എത്തിയതെന്നും വിവരമുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. പ്രദേശത്ത് നിലവിൽ തിരച്ചിൽ തുടരുകയാണ്. ലഷ്കർ ഇ ത്വയ്ബയുടെ പ്രാദേശിക ഭീകരസംഘടനയായ ദി റെസിസ്റ്റർസ് ഫ്രണ്ടിലെ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പ്രാദേശിക ഭീകരൻ ഉൾപ്പെടെ ആറംഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ എന്നാണ് നിഗമനം.
ആഭ്യന്തരമന്ത്രി അമിത്ഷാ പഹൽഗാമിൽ എത്തി. ഇന്നലെ ഭീകരാക്രമണം നടന്ന സ്ഥലത്ത് എത്തിയത് ഹെലികോപ്റ്ററിൽ. എൻഐഎയും , സൈനിക ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്. ഇന്ന് രാവിലെയോടെ ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അമിത് ഷാ ആദരാജ്ഞലി അര്‍പ്പിച്ചു. വെടിവയ്പ്പിൽ 29 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 17 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുലര്‍ച്ചെ ഡൽഹിയിലെത്തി. പാക്ക് വ്യോമപാത ഒഴിവാക്കി അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്ത് ഭാഗം വഴിയാണ് മോദി ഇന്നു പുലർച്ചെ ഡൽഹിയിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവരുമായി വിമാനത്താവളത്തില്‍ വെച്ച് മോദി അടിയന്തര യോഗം ചേര്‍ന്നു. പഹൽഗാമിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭായോഗം ചേരും.
നിലവിൽ പഹൽഗാം, ബൈസരൺ, അനന്ത് നാഗ് മേഖലകളിൽ പരിശോധന നടക്കുകയാണ്. രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉറിയില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.
ദക്ഷിണ കാശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള “ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ഉത്തരവാദിത്തമേറ്റു. 2019-ലെ പുൽവാമ ആക്രമണത്തിനു ശേഷമുള്ള കശ്‌മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
നിന്നെ ഞങ്ങൾ കൊല്ലില്ല. ഈ ആക്രമണം നീ കാണണം. ഇത് നിന്റെ മോദിയോട് പോയി പറയണം