ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിനും യുദ്ധങ്ങൾക്കും സ്വാതന്ത്ര്യ കാലം മുതലുള്ള ചരിത്രമുണ്ട്. 1947-ൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ത്യാ വിഭജനത്തെ തുടർന്ന് ബ്രിട്ടിഷ് ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞു രണ്ട് സ്വതന്ത്ര രാജ്യങ്ങളായതിനു ശേഷം ഇതുവരെ നാല് യുദ്ധങ്ങളാണ് ഇരുവരും തമ്മിൽ നടന്നിട്ടുള്ളത്. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം സ്വന്തം മണ്ണിൽ ഭീകര സംഘടനകളെ വളർത്തി ഇന്ത്യയ്ക്കെതിരെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തി വരുന്നത് പാക്കിസ്ഥാൻ സൈന്യത്തിൻ്റെയും മാറിമാറി വരുന്ന പാക് ഭരണകൂടങ്ങളുടെയും സ്ഥിരം പതിവാണ്.
കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ഒന്നാം കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന 1947-ലെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധം. പുതിയ രാജ്യങ്ങൾക്കിടയിൽ നടന്ന ഇന്ത്യാ-പാക് യുദ്ധങ്ങളിൽ ആദ്യ യുദ്ധമായിരുന്നു ഇത്. 1947 ഒക്ടോബർ 22 -ന് പാക്കിസ്ഥാൻ സേന രാജ്യത്തിന്റെ തെക്ക് കിഴക്കൻഭാഗത്ത് നടന്ന കലാപം അടിച്ചമർത്താനെന്ന വ്യജേന കാശ്മീർ രാജ്യത്തിന്റെ അതിർത്തികടന്നു. കാശ്മീർ രാജാവായിരുന്ന ഹരി സിങ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യയുമായി ലയനരേഖയിൽ ഒപ്പുവെക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് യുദ്ധത്തിൽ പ്രവേശിച്ചു. തുടർന്ന് 1949 -ലെ കറാച്ചി കരാറിനെ തുടർന്ന് 830 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി രേഖ നിശ്ചയിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെയാണ് കരാർ നടപ്പായത്.
ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധം 1965: ഓപറേഷൻ ജിബ്രാൾട്ടർ എന്നു പാക്കിസ്ഥാൻ പേരിട്ട, തങ്ങളുടെ സേനകളെ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റാനുള്ള പദ്ധതിയെത്തുടന്നാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. തിരിച്ചടിയായി പാക്കിസ്ഥാനുമായി പൂർണ്ണയുദ്ധത്തിലേക്ക് ഇന്ത്യ ഇറങ്ങുകയായിരുന്നു. 1965 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു യുദ്ധം. പതിനേഴ് ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ടാങ്കുകൾ ഉൾപ്പെടെ വലിയ സേനാമുന്നേറ്റം ആണ് നടന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അമേരിക്കയും റഷ്യയും അടക്കമുള്ള ശക്തികളുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച താഷ്ക്കൻ്റ് ഉടമ്പടിയോടെയാണ് വെടിനിർത്തൽ ഉണ്ടായത്. ഇരുഭാഗത്തം ഒട്ടേറെ ജീവൻ നഷ്‌ടമായി. താഷ്ക്കൻ്റ് കരാർ പ്രകാരം യുദ്ധം അവസാനിപ്പിച്ചെങ്കിലും സംഘർഷത്തിന് കാര്യമായ അയവുണ്ടായില്ല.
ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മൂന്നാമത്തെ യുദ്ധമുണ്ടായി. 1971-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഈ യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1971 ഡിസംബർ 3-ന് ഇന്ത്യൻ എയർബേസുകളെ പാക്കിസ്ഥാൻ ആക്രമിച്ചതോടെ പ്രാരംഭം കുറിച്ച ഈ യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്. 1971 ഡിസംബർ 16-ന് കിഴക്കൻ പാക്കിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് പാക്കിസ്ഥാന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച “ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ” എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാക്കിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. അവസാനം പാക് സൈന്യം കീഴടങ്ങി. ഈ യുദ്ധത്തിൽ ലക്ഷകണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. യുദ്ധത്തിനിടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി.
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ബംഗ്ലാദേശിന്റെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധാവസാനത്തോടുകൂടിയാണ്.
ബംഗ്ലാദേശ് യുദ്ധം എന്നറിയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിന് തൊട്ടടുത്ത വർഷം 1972 ജൂലൈ രണ്ടിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിംല കരാറിൽ ഒപ്പുവച്ചു. സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും വിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും ലൈൻ ഓഫ് കൺട്രോൾ (നിയന്ത്രണ രേഖ) അംഗീകരിക്കുന്നതിനും ഈ കരാർ വഴിയൊരുക്കി.
എന്നാൽ സിലം കരാർ പ്രകാരമുള്ള നിയന്ത്രണ രേഖ മുറിച്ച് പാകിസ്ഥാൻ സൈനികർ ഇന്ത്യയിലേക്ക് കടന്നത് 1999 -ൽ നടന്ന നാലാം യുദ്ധത്തിന് കാരണമായി. കാശ്‌മീരിലെ കാർഗിൽ പ്രദേശം കേന്ദ്രീകരിച്ച് നടന്ന യുദ്ധമായതിനാൽ ഇതിനെ കാർഗിൽ യുദ്ധം എന്നാണ് അറിയപ്പെടുന്നത്. 1999 മെയ് മുതൽ ജൂലൈ വരെ നീണ്ടു നിന്ന ഈ യുദ്ധത്തിൽ സൈനികരടക്കം നിരവധി പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര കേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാക്കിസ്ഥാനെ നിർബന്ധിതമാക്കി. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്.
കാർഗിൽ യുദ്ധത്തിന് ശേഷം വീണ്ടും അതിശക്തമായ ആക്രമണവും തിരിച്ചടിയുമുണ്ടാകുന്നത് 2016 -ലാണ്. 2016 സെപ്റ്റംബറിൽ ജമ്മു കാശ്‌മീരിലെ ഉറിയിൽ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നു. ഈ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി പാക്കിസ്ഥാൻ അധിനിവേശ കശ്‌മീരിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി.
ഉറി ആക്രമണത്തിന് മൂന്ന് വർഷത്തിന് ശേഷം പുൽവാമയിൽ നടത്തിയ ഭീകരാക്രമണം വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സങ്കീർണമാക്കി. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ആക്രമണത്തിൽ 44 സിആർപിഎഫ് സൈനികരുടെ ജീവൻ നഷ്ടമായി. ഇതിന് തിരിച്ചടിയായി ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദിൻ്റെ താവളങ്ങളിലേക്ക് ഇന്ത്യ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു.
കഴിഞ്ഞ വർഷം ഒന്നിലേറെ ആക്രമണ സംഭവങ്ങൾ കശ്മീരിൽ നടന്നിരുന്നു. ലഡാക്കിലേക്കുള്ള ടണൽ നിർമ്മണം നടന്നിരുന്ന പ്രദേശത്ത് 2024 ഒക്ടോബറിൽ നടന്ന ആക്രമണത്തിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ആറ് പേർ കുടിയേറ്റത്തൊഴിലാളികളും ഒരാൾ ഡോക്ടറുമായിരന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാാദിത്വം ദ് റസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്) ഏറ്റെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലും ഈ സംഘടനയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കശ്മീരിലെത്തിയ വിനോദസഞ്ചാരികൾ ഉൾപ്പടെ 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന അന്തരീക്ഷം വീണ്ടും സംഘർഷഭരിതമായി. പാക്കിസ്ഥാൻ പിന്തുണയുള്ള ടി ആർ എഫ് ആണ് സംഭവത്തിന് പിന്നിൽ എന്ന് ഇന്ത്യ ആരോപിച്ചു. ദാരുണമായ പഹൽഗാം സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട് നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാനിലെ ഒമ്പതിടങ്ങളിലെ ഭീകരാക്രമണ കേന്ദ്രങ്ങൾ ആണ് ആക്രമിച്ചത്. ഇതേതുടർന്ന് ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്. പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കും എന്നാണ് ഇന്ത്യയുടെ നിലപാട്.