സ്പെയിൻ എന്ന മനോഹരദേശത്തിന്റെ ഓമനദീപായി അറ്റലാന്റിക് സമുദ്രത്തിന്റെ ലാളനയേറ്റ് വിനോദ സഞ്ചാരികളോട് സംവദിച്ചു പരിലസിക്കുന്ന “ടെൻ “അരിഫും “നയൻ “താരയും തമ്മിൽ ഒരു കാര്യത്തിലെ സാമ്യതയേ ഉള്ളു, സൗന്ദര്യം. എന്നും വച്ച് ആരെങ്കിലും ഇതുകേട്ടോണ്ട് പിള്ളേർക്ക് ലെവൻതാര എന്ന് പേരിട്ടാൽ അതിനും സൗന്ദര്യം ഉണ്ടാകും എന്ന് ഉറപ്പൊന്നുമില്ലകേട്ടോ.
സുഖസുന്ദരമായ കാലാവസ്ഥയാൽ അനുഗ്രഹീതമായ Tenerife ദീപിൽ ആണ്ടുവട്ടം മുഴുവനും വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്.
ഈ ഒഴുക്കിലേയ്ക്കാണ് നമ്മളും ചെന്നത്. ട്രിപ്പ് ബുക്ക് ചെയ്തിട്ട് മാസങ്ങളും ആഴ്ച്ചകളും മാസങ്ങളും എണ്ണിയെണ്ണിതീർത്താണ് അവസാനം ഹോളിഡേയുടെ ദിവസം എത്തുന്നത്.
അങ്ങനെ രണ്ടുദിവസം മുൻപ് കുട്ടിനിക്കറുകളും, കാളൻ പൂളൻ വരകളുള്ള കുറച്ച് ഷർട്ടുകളും വാരിയെടുത്തു ഒരു “ശകടബാഗിൽ” കുത്തി നിറച്ച് “പ്രിയദർശന്റെ ബോയിങ് ബോയിങ് “ൽ കയറി Tenerife എന്ന കുട്ടി ദീപിലേക്ക് യാത്ര തിരിച്ചത്.
ഇംഗ്ലണ്ടിൽ നിന്നും വിമാനം ഇംഗ്ലീഷ് ചാനൽ കടന്ന്, വിപ്ലവത്തിന്റെ മണ്ണായ ഫ്രാൻസിന്റെയും, ഗാമയുടെ നാടായ പോർച്ചുഗല്ലിന്റെയും, പോരുകാളയുടെ മദമിളകുന്ന സ്പെയിനിന്റെയും ഓരം ചേർന്ന് പറന്നു തുടങ്ങിയപ്പോൾ “വായൂസേവികാസമാജം” പ്രവർത്തകർ അഥവാ എയർഹോസ്റ്റസ്മാര്, സീറ്റിലെ ബെൽറ്റ് എങ്ങനെ അരയിൽ കുരുക്കണമെന്ന് വളരെ യന്ത്രികമായി പറഞ്ഞു തന്നുകൊണ്ടിരുന്നു. അതിനു ശേഷം അവർ, ഒരു മഞ്ഞ പ്ലാസിറ്റിക് സഞ്ചി പോലത്തെ ഒരു സാധനം കഴുത്തിലിട്ട്, പോകുന്ന വഴിയിൽ ഒരു എമർജൻസി ഉണ്ടായാൽ ആ “മഞ്ഞ എമർസഞ്ചി” എങ്ങനെ ഊതി വീർപ്പിക്കണം എന്നും കാണിച്ചുകൊണ്ടിരുന്നു.
അതിനൊന്നും ചെവികൊടുക്കാഞ്ഞ യാത്രികർ “ഒന്ന് പോടാപ്പാ, നമ്മൾ ഇതെത്ര കേട്ടിരിക്കുന്നു” എന്നമട്ടിൽ അതിനെ അവഗണിച്ചുകൊണ്ട് Tenerife -ൽ ചെന്നിറങ്ങിയാൽ എന്തൊക്കെ ചെയ്യണം എവിടെയൊക്കെപ്പോകണം ഹോട്ടലിൽ നിന്നും കിട്ടുന്ന വാട്ടീസ് എത്ര എണ്ണം കേറ്റണം കയ്യിൽ ഉള്ള യൂറോപ്പണം കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും എന്നിത്യാതി ചിന്തകളുടെ ഭാവനാലോകത്ത് വിഹരിച്ചുകൊണ്ടിരുന്നു.
ഉദ്ദേശം ഒരുമണിക്കൂർ കഴിഞ്ഞുകാണും. ആകാശത്തു വേണ്ടത്ര ഉയരത്തിലേക്ക് ആക്‌സിലേറ്റർ ചവുട്ടിവിട്ട് വിമാനം കയറ്റിയ ശേഷം പൈലറ്റ്കൾ ഓരോ ബിയർ അടിച്ചു ഒന്ന് മയങ്ങിത്തുടങ്ങിക്കാണും.
അപ്പോഴേയ്ക്കും ആകാശ സേവിനികൾ അവരുടെ ചെറിയ പെട്ടിക്കട വിമാനത്തിന്റെ നടുവേയുള്ള ഫുട്പാത്തിന്റെ ഓരത്തുകൂടി ഉരുട്ടിക്കൊണ്ട് വന്ന് അവരുടെ സേവനം ആരംഭിച്ചിരുന്നു.
എന്റടുത്തുവന്ന് അവർ “സാറെ തെങ്ങുവേണോ പനവേണോ” എന്നൊരു ചോദ്യം.
മനസിലായില്ലേ? ബ്രാണ്ടി വേണോ വിസ്കി വേണോ എന്ന്.
ഞാൻ എന്റെ മുന്നിൽ നിർത്തിയിരുന്ന അവരുടെ പെട്ടിക്കടയുടെ മുകളിൽനിന്നും തല നീട്ടി നിന്ന നീണ്ട കുപ്പിക്കഴുത്ത് ചൂണ്ടിയിട്ട് അതിൽ നിന്നും രണ്ടെണ്ണം ഊറ്റിത്തന്നേക്കാൻ പറഞ്ഞു.
അതും രണ്ടെണ്ണം വിട്ട്, ഞാൻ അതിന്റെ പുറത്ത് വീണ്ടും രണ്ടെണ്ണം കൂടി കപ്പലണ്ടിയും കൊറിച്ചു അകത്താക്കി കഴിഞ്ഞപ്പോൾ ബോയിങ് ബോയിങ് അറ്റ്ലാന്റിക്കിന്റെ മുകളിൽ കൂടി കുതിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോഴാണ് എന്റെ പുറകിൽ നിന്ന് ഒരാൾ എന്നെ വിളിച്ചത്.
“ഹലോ, എങ്ങോട്ടാ” എന്നൊരു ചോദ്യം.
ഞാൻ വിചാരിച്ചു ഇതാരാ ഈ വണ്ടിയിൽ എന്നെ അറിയുന്ന ആൾ?
തല പുറകോട്ടു വെട്ടിച്ചുകൊണ്ട് ഞാൻ ചോദിച്ചു, ആരാ മനസിലായില്ല?
കുരങ്ങിന്റെ അരയ്ക്ക് വള്ളി കെട്ടിയിരിക്കുന്നതുപോലെ സീറ്റ് ബെൽറ്റ് എന്ന സാധനം എന്റെ ഉദരപ്രദേശത്തു ഉള്ളതുകാരണം ശരിക്ക് പുറകോട്ട് തിരിഞ്ഞ് നോക്കിയിട്ട് എന്നോട് വർത്തമാനം പറയുന്നത് ആരാണെന്നു കാണാൻ എനിക്ക് പറ്റുന്നില്ല.
“ഞാൻ നിങ്ങളുടെ നാട്ടുകാരനാ, പറഞ്ഞുവന്നാൽ എന്നെ അറിയും.”
എന്നായി അയാൾ.
നാട്ടുകാരനോ? ഇവിടെയോ? ചുമ്മാ തമാശ കളിക്കാതെ നിങ്ങൾ ആരാണെന്ന് പറയണം മിസ്റ്റർ,എനിക്ക് കുറേശ്ശേ ദേഷ്യം വന്നു തുടങ്ങി.
അപ്പോൾ അയാൾ പറഞ്ഞു. “ഞാനാണ് ദൈവം.”
ഇപ്പോൾ ഞാൻ ഒന്ന് ഞെട്ടി. എങ്കിലും ഇത് നല്ല തമാശ എന്നോർത്തുകൊണ്ട് ഞാൻ ചോദിച്ചു, “ആര്, ദൈവമോ? ഈ ബോയിങ്ങിലോ? എടോ മദ്യം മേടിച്ചുകൂടിക്കുമ്പോൾ ഒരു ലിമിറ്റും വച്ചില്ലേൽ തലക്ക് പിടിക്കുമ്പോൾ നിങ്ങൾക്ക് ഇതിലപ്പറോം തോന്നും.”
ഞാൻ ഇത് പറഞ്ഞ് തീരുകേം എന്റെ മുൻപിൽ, കൊച്ചിയിലെ കുപ്പയിലെ പ്ലാസ്റ്റിക് കത്തിച്ചാൽ എന്നപോലെ ഒരു പൊക വന്നു നീറഞ്ഞു . എന്നിട്ട്, ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുകേല, ആ പൊകയ്ക്കകത്തുനിന്ന് ഒരു തിളങ്ങുന്ന വെള്ളത്താടിക്കാരന്റെ മുഖം തെളിഞ്ഞു. ചിരിച്ചുകൊണ്ട് അങ്ങേര് പറഞ്ഞു.
“എടോ നോക്ക്, ഞാൻ സാക്ഷാൽ ദൈവമാ.” എടോ, താൻ ദൈവത്തിന്റെ നാട്ടുകാരൻ അല്ലേ? താൻ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം ഞാൻ നിന്റെ നാട്ടുകാരൻ ആണെന്നുകൂടിയല്ലേ?”
ഞാൻ ഓർത്തു, അത് നേരാണല്ലോ. ഞാൻ അത്രയും ചിന്തിച്ചില്ല.
ഉള്ളതുപറഞ്ഞാൽ അത് ദൈവം ആണെങ്കിലും നമ്മള് സമ്മതിക്കണം.
ഞാൻ പറഞ്ഞു ദൈവമേ, ആ പറഞ്ഞതിലും കാര്യമുണ്ടല്ലോ.
“എടോ എന്റെയും തന്റെയും നാട് കേരളം ഇത്ര നല്ലതാണെങ്കിൽ താനെന്തിനാ ഹോളിഡേയ്ക്ക് കേരളത്തിലോട്ട് പോകാതെ വണ്ടി കേറി വല്ല നാട്ടിലോട്ടും പോകുന്നത്?”
ഈ ദൈവത്തിനു വേറെ പണിയൊന്നുമില്ലേ? സമാധാനമായിട്ട് ഒരു ഹോളിഡേയ്‌ക്ക് പോകുമ്പോൾ വിമാനത്തിൽ കയറി മുന്നിൽ വന്ന് ഉടക്കാൻ വരുന്നത്? ദൈവത്തിനോട് രണ്ടു പറഞ്ഞാലോ എന്ന് ആലോചിക്കുമ്പോഴാണ് പൂസായി ഉറങ്ങിയിരുന്ന ഞാൻ പൈലറ്റ് ന്റെ അനൗൺസ്മെന്റ് കേട്ട് ഉറക്കത്തിൽ നിന്നും ഉണർന്നുപോയത്.
പൈലെറ്റ് പറയുവല്ലേ, “ഞാൻ ക്യാപ്റ്റൻ ക്രിസ് ഇവൻസ്, സ്പീക്കിങ്. സോറി ഒരു കാര്യം പറയാൻ വിട്ടുപോയി. ഞാൻ ഇന്നലെ വിമാനം പറത്തിയത് Madaira ദീപിലേക്ക് ആയിരുന്നു. ആ ഓർമ്മ വച്ച് ഇന്നും ഞാൻ വെച്ചു പിടിച്ചത് അങ്ങോട്ടാണ്, ഇപ്പോൾ ഒരു എയർ ഹോസ്റ്റസ് സഹോദരി വന്നു ജനലിൽക്കൂടി പുറത്തോട്ട് നോക്കിയിട്ട് “അയ്യോ സാർ ഇതെങ്ങോട്ടാണ് വച്ചുപിടിക്കുന്നത്, നമ്മൾ പോകേണ്ടത് Tenerife ലേയ്ക്കാണ്” എന്ന് എന്നെ ഓർപ്പിച്ചത്.
“Don’t worry compensation ആയിട്ട് എല്ലാവർക്കും ഓരോ പാക്കറ്റ് പൊരികടലയും കൂടെ ഓരോ പെഗ്ഗ്ഉം കൂടി ഒഴിച്ചു തരാൻ ഇടപാടാക്കിയിട്ടുണ്ട്.” എന്നുകൂടി അയാൾ പറഞ്ഞതുകൊണ്ട് അരമണിക്കൂർ കൂടി താമസിച്ചാലും കുഴപ്പമില്ല എന്ന് സമാധാനിച്ചു യാത്രികർ അടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ.
അല്ലെങ്കിൽ പൈലറ്റ് ക്രിസ് ഇവൻസ് വിവരം അറിഞ്ഞേനെ.
തുടരും…
മാത്യു ഡൊമിനിക്