ഇടുക്കി: കുമളിയിൽ സിപിഎം പഞ്ചായത്ത് അംഗം നശിപ്പിച്ച വൈദ്യുത കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു. കെഎസ്ഇബിക്കുണ്ടായ നഷ്ട്‌ടം പഞ്ചായത്തംഗം തന്നെ അടച്ചതിനെ തുടർന്നാണ് നടപടി. സിപിഎം പതിനൊന്നാം പഞ്ചായത്ത് വാർഡ് അംഗം ജിജോ രാധാകൃഷ്ണനാണ് നിർധന കുടുംബത്തിന്റെ വൈദ്യുത മീറ്റർ അടിച്ചു തകർത്തത്. മീറ്ററും സർവീസ് വയറും അടക്കം അദ്ദേഹം നശിപ്പിച്ചു. വൈദ്യുതി കണക്ഷൻ സ്വകാര്യ വ്യക്തിയുടെ പോസ്റ്റിൽ നിന്നാണ് നൽകിയതെന്ന അവകാശവാദം മുന്നോട്ടുവച്ച് ഇയാൾ അതിക്രമം നടത്തിയത്.
സംഭവം ഇന്നലെ വൈകുന്നേരമാണ് അരങ്ങേറിയത്. രാവിലെ മാത്രം വയോധികനായ ദണ്ഡപാണിയുടെ ചെറിയ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നു. വൈദ്യുതി നൽകിയ പോസ്റ്റ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെന്നായിരുന്നു പഞ്ചായത്ത് അംഗത്തിന്റെ വാദം. എന്നാൽ, പോസ്റ്റ് സർക്കാർ ഭൂമിയിലാണെന്നും കണക്ഷൻ നൽകാൻ സ്വകാര്യ വ്യക്തിയുടെ അനുമതി ആവശ്യമില്ലെന്നും കെഎസ്‌ഇബി വ്യക്തമാക്കി.
വീട്ടുടമയും കെഎസ്‌ഇബിയും സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകി. ഗുണ്ടായിസം വലിയ ചർച്ചയായതോടെ ജിജോ രാധാകൃഷ്ണൻ നഷ്ടപരിഹാരം അടച്ച് സംഭവത്തിൽ നിന്ന് ഒഴിയാൻ ശ്രമിച്ചു. 2,650 രൂപ പിഴ അടച്ചതോടെ കെഎസ്‌ഇബി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുകയായിരുന്നു. പോലീസിൽ നൽകിയ പരാതി കുടുംബവും പിൻവലിച്ചു. ഇന്ന് പത്ത് മണിക്ക് ഒത്തുതീർപ്പാക്കാമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നതെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.