ന്യൂ ഡൽഹി: ഇന്ത്യൻ നഗരങ്ങൾക്കു നേരെയും പാക്കിസ്ഥാന്റെ ആക്രമണ ശ്രമം. പാക്കിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.
ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അവന്തിപുര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്‌സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്ക് – പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളെ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്‌ഥാന്റെ ആക്രമണമെന്നും ഇൻ്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കിയെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പാക്കിസ്‌ഥാൻ നടത്തിയ ആക്രമണത്തിന് തെളിവായി നിരവധി സ്‌ഥലങ്ങളിൽ നിന്നു ഇതിൻ്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്.
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചു പാക്കിസ്ഥാൻ.