ഇന്ത്യയ്ക്കുനേരെ വീണ്ടും ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി നേരിട്ടിട്ടും പിൻമാറാതെ വീണ്ടും ആക്രമണ ഭീഷണി മുഴക്കുകയാണ് പാക്കിസ്ഥാൻ. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫാണ് അന്താരാഷ്ട്ര മാധ്യമത്തിൽ ഇന്ത്യക്കെതിരായ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ ഡൽഹിയിൽ തിരക്കിട്ട കൂടിയാലോചനകൾ ആണ് നടക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ പാക്കിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. സംയുക്ത സൈനിക മേധാവിയും, സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. ബിഎസ്എഫ്, സിഐഎസ്എഫ് ഡിജിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ടെറിറ്റോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗിക്കാൻ കരസേനയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള നീക്കം എങ്ങനെയാണെന്ന് ഇന്ത്യ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാൻ നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യയും നിര്‍ത്താൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പല ലോകരാജ്യങ്ങളെയും നേതാക്കളെയും ഇന്ത്യ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതേ സമയം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഇപ്പോഴും ഇന്ത്യയെ ആക്രമിക്കും എന്നുള്ള ഭീഷണിയാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ തിരിച്ചടിക്കാൻ തന്നെയാണ് ഇന്ത്യ തയ്യാറാകുന്നത്.
സംഘർഷാവസ്ഥ രൂക്ഷമായിരിക്കെ അതിർത്തി സംസ്ഥാനങ്ങൾ അതീവജാഗ്രതയിൽ ആണ്. ജമ്മു കശ്മീരിനു പുറമെ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശമുള്ളത്. ചണ്ഡിഗഡിന്റെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ വീടിനുള്ളിൽ തന്നെ തുടരാൻ പഞ്ചാബിലെ മൊഹാലി ജില്ലാ ഭരണകൂടം നിർദേശിച്ചു. പട്യാലയിലെ ജില്ലാ ഭരണകൂടവും ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർഥിച്ചുകൊണ്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സർക്കാർ കെട്ടിടങ്ങളും തിരക്കേറിയ പ്രദേശങ്ങളും ഉൾപ്പെടെ ഡൽഹിയിലെ സുപ്രധാന സ്ഥാപനങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ബോംബ് സ്ക്വാഡിന്റെ ഉൾപ്പെടെ കർശന പരിശോധനയ്ക്കു ശേഷമാണ് വാഹനങ്ങൾ തലസ്ഥാന നഗരിയിലേക്കു കടത്തിവിടുന്നത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി.
അതേസമയം, ഇന്നലെ രാത്രി പാകിസ്ഥാൻ ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളുടെ കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അൻപതിലേറെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത് എന്നും എല്ലാ ആക്രമണ ശ്രമവും ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെന്നും സൈന്യം വ്യക്തമാക്കി. ഒരിടത്തും ആർക്കും ജീവഹാനി ഇല്ല. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിഞ്ഞ രാത്രി എന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.