കേരള നാടിനു ഇതു വേനൽക്കാലമാണ്. എങ്കിലും ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. കണ്ണഞ്ചിപ്പിക്കുന്ന മിന്നലും കാതടപ്പിക്കുന്ന ഇടിശബ്ദവും മനുഷ്യരെ ഭീതിപ്പെടുത്തുന്നു. അതോടുകൂടി യുദ്ധഭീതിയും നാടിനെ നടുക്കുന്നു.’ഒരു യുദ്ധവും നല്ലതല്ല ‘ എന്ന ചിന്ത മനുഷ്യ മനസ്സുകളിൽ ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കുകയാണ്.
പണ്ടു രാജഭരണകാലത്ത് രാജാക്കന്മാരുടെ ഇഷ്ട വിനോദമായിരുന്നു ചതുരംഗ കളി. പണ്ടുകാലത്തെ പടയൊരുക്കത്തെ സൂചിപ്പിക്കുന്നതുപോലെ കാലാളും തേരുകളും കുതിരകളും ആനകളും വിന്യസിച്ചുകൊണ്ടുള്ള കളി. അവിടെ മന്ത്രിയുണ്ട് രാജാവുമുണ്ട്. എതിരാളിയുടെ നീക്കങ്ങൾ അതീവ ശ്രദ്ധയോടുകൂടി നിരീക്ഷിച്ചു കരുക്കൾ നീക്കിയില്ലെങ്കിൽ തോൽവി സുനിശ്ചിതമായ ഒരു കളി. രണ്ടുപേരുടെ കളിയിൽ ഒരാൾ വെളുത്ത കരുക്കളും മറ്റേയാൾ കറുത്ത കരുക്കളിലും കളിക്കുന്നു. ആരാണ് ആദ്യം രാജാവിനെ തടവിലാക്കുന്നുവോ അയാളായിരിക്കും കളിയിലെ വിജയി.
പഴയകാല യുദ്ധങ്ങളിലും പുതിയകാല യുദ്ധങ്ങളിലും അതുപോലെ ചതുരംഗ കളിയിലും മുന്നണിപ്പോരാളികൾ കാലാൾ തന്നെ. പിന്നണിയിൽ തേരിനും കുതിരയ്ക്കും ആനയ്ക്കും പകരം തോക്കും പീരങ്കിയും ടാങ്കും ആണെന്നുമാത്രം. കളിയിൽ ജയവും തോൽവിയും സമനിലയിൽ വരാം എങ്കിലും കളിക്കുന്നവർക്കും കാഴ്ചക്കാർക്കും അതു സന്തോഷം നൽകുന്നു. പക്ഷേ, ആധുനിക യുദ്ധത്തിലോ നാശവും ദുരിതങ്ങളും മാത്രം.
സ്തനിസ്‌ലാവോസ്
“ഒരു ജഡ്ജിയെപ്പോലെ നമ്മെ ശിക്ഷിക്കുന്നതിനുമുമ്പ് ഒരു സ്നേഹിതനെപ്പോലെ മനഃസാക്ഷി നമുക്കു മുന്നറിയിപ്പ് നൽകുന്നു”
സ്പർജൻ സി. എച്ച്.
“ഒരിക്കലും പരാജയപ്പെടാത്ത മനുഷ്യൻ ഒരിക്കലും സമ്പന്നനാകാൻ പോകുന്നില്ല”
സ്റ്റിലെ
“ധീരന്മാരും പണ്ഡിതന്മാരും ധാരാളമുണ്ട്. പക്ഷേ, മാന്യന്മാർ വിരളമാണ്”
സ്റ്റുവർട്ട് എൽ. ഉഡാൻ
“അധികാരം മഹത്വമായി നാം തെറ്റിദ്ധരിക്കുന്നു”
സ്റ്റെർനേം
“ചിരിക്കുന്ന മനുഷ്യൻ ജീവിതത്തെ സുഗന്ധപൂർണ്ണമാക്കുന്നു”
സ്വൈറ്റ് ജെ.
“വിശ്രമത്തിനു ചെലവഴിച്ച സമയം നഷ്ടമല്ല, ലാഭമാണ്”
സ്വൈറ്റ്മൈൻ
“ആശയങ്ങൾ സൃഷ്ടിക്കയെന്നത് പൂക്കൾ ശേഖരിക്കലാണ്. ചിന്ത അവകൊണ്ടുള്ള മാലകെട്ടലും”
സ്റ്റീവൻസൺ ആർ. എൽ.
“നിങ്ങളുടെ ഭയം സ്വന്തമായി സൂക്ഷിക്കുകയും ധൈര്യം മറ്റുള്ളവരോടു പങ്കുവയ്ക്കുകയും ചെയ്യുക”
“ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ അധപ്പതനത്തിന്റെ വക്കത്തെത്തുകയായി”
സ്പെൻക
“ദാരിദ്ര്യത്തെ സ്വയം വരിക്കുന്നവർക്കേ ലളിതമായ ജീവിതം നയിക്കാനാവൂ”
ഹക്സലി ടി. എച്ച്.
“ജീവിതത്തിനു പ്രസക്തി നൽകുന്നത് വിജ്ഞാനത്തിന്റെ വൈപുല്യമല്ല, കർമ്മ സാഫല്യമാണ്”
ഹാഡൻ ചേബേഴ്സ്
“മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യങ്ങളിൽ വച്ചേറ്റവും മഹത്ത്”
ഹാൾഡെയ്‌ൻ ജെ. ബി. എസ്.
“യുദ്ധത്തെ പുകഴ്ത്തുന്ന ഗ്രന്ഥം അശ്ലീല ഗ്രന്ഥംപോലെ നിരോധിക്കേണ്ടതാണ്”
ഹാരോൾഡ് വിൽസൺ
“ഒരാളുടെ വേതനക്കയറ്റം മറ്റൊരാളുടെ വിലക്കയറ്റമാണ്”
ഹാഡ്ലിറ്റ്
“നടന്മാർ മാത്രമാണു സത്യസന്തതയുള്ള കാപട്യക്കാർ. അവരുടെ ജീവിതം ഒരു സ്വപ്നമാണ്. വിചാരങ്ങൾപോലും അവർ കടം വാങ്ങിയവയായിരിക്കും”
ഹാത്തോൺ
“സുഖം ഒരു ചിത്രശലഭമാണ്. പിന്നാലെ ചെന്നാൽ കിട്ടുകയില്ല. സ്വസ്ഥമായിരുന്നാൽ അതു നിങ്ങളുടെ ദേഹത്തു വന്നിരിക്കും”
ഹിഗിൻസ്
“നിയമങ്ങൾ വസ്ത്രത്തെപ്പോലെ ആയിരിക്കണം. അതായതു ജനങ്ങൾക്കു പറ്റിയതായിരിക്കണം”
ഹൂബാർഡ് ഇ. ജി.
“നിങ്ങൾ സ്വയം പരസ്യപ്പെടുത്തുന്നില്ലെങ്കിൽ നിങ്ങളുടെ കടുത്ത എതിരാളികൾ നിങ്ങളെ പരസ്യപ്പെടുത്തും”
“ബുദ്ധിശക്തിക്കു അതിരുണ്ട്, മണ്ടത്തരത്തിനു അതിരില്ല”
“നിങ്ങൾ തെറ്റു ചെയ്തേക്കും എന്നു ഭയപ്പെട്ടു കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്”
ഹൂം
“ബുദ്ധിയെക്കാൾ ഭാഗ്യമാണ് മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത്”
ഹെഡ്ജയ എച്ച്. എഫ്.
“ഓരോ മനുഷ്യനും അവന്റെ പിതാവും അവകാശിയുമാണ്. സ്വന്തം ഭാവി അവൻ നിർമ്മിക്കുന്നു. സ്വന്തം ഭൂതകാലത്തിൽ നിന്നാണ് അവന്റെ ജനനം”
ഹെബർ
“ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നതിലാണ്, നിവൃത്തിയാക്കുന്നതിലല്ല സമാധാനമിരിക്കുന്നത്”