കൊച്ചി: ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കർശനമാക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തിൽ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് അറിയിപ്പ്. പുതിയ സാഹചര്യത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനുശേഷവുമുള്ള സുരക്ഷാ പരിശോധനകൾക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ്റ് ചെക്ക് (എസ്എൽപിസി)’ കൂടിയാണ് ഏർപ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയിൽ പരിശോധന ആരംഭിച്ചു. ഇതു പ്രകാരം ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിൻ ബാഗും അടക്കം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചതായി സോഷ്യൽ മീഡിയ വഴി പ്രചരണം ഉണ്ടായിരുന്നെങ്കിലും ഇത് പൂർണമായും അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാറിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചിട്ടുണ്ട്. നിലവിൽ 24 വിമാനത്താവളങ്ങളിൽ മാത്രമാണ് സർവീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പാകിസ്ഥാനിൽ ആഭ്യന്തരകലാപം, ബിഎൽഎ ക്വറ്റ പിടിച്ചെടുത്തു; പ്രമുഖർ പാക്കിസ്ഥാൻ വിട്ടോടുന്നു.