വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. വിശുദ്ധ പത്രോസിൻ്റെ സിംഹസനത്തിൽ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇനി ലെയോ പതിനാലാമൻ മാർപാപ്പ എന്ന് അദേഹം അറിയപ്പെടും.
അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് അറുപത്തൊമ്പതുകാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ്. അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുള്ള കർദിനാളാണ് അദേഹം. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയാണ് അദേഹം. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിൻ്റെ അടയാളമായി വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൻ്റെ പുകക്കുഴലിൽ നിന്നും വൈകുന്നേരം വെളുത്ത പുക ഉയർന്നതോടെ ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികളുടെ പ്രാർത്ഥനകൾ ഫലം കണ്ടു.
മെയ് ഏഴിന് ആരംഭിച്ച കോൺക്ലേവിലാണ് രണ്ടാം ദിവസം തന്നെ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. വോട്ടവകാശമുള്ള 133 കർദിനാൾമാരായിരുന്നു കോൺക്ലേവിൽ സംബന്ധിച്ചത്. 2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21 ന് കാലം ചെയ്‌തതോടെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കേണ്ടി വന്നത്. ലെയോ പതിനാലാമൻ എന്ന നാമമാണ് പുതിയ പാപ്പ സ്വീകരിച്ചിരിക്കുന്നത്.