പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ സ്വീകരിച്ച നടപടികള്‍ക്ക് തിരിച്ചടിയായി ഷിംല കരാര്‍ മരവിപ്പിക്കുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി. എന്താണ് ഈ കരാർ? 1971-ലെ ഇന്ത്യാ–പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം 1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്. പാക്കിസ്ഥാൻ –ബംഗ്ലദേശ് തർക്കത്തിൽ ഇന്ത്യ ബംഗ്ലദേശിനെ പിന്തുണച്ചതായിരുന്നു അന്നത്തെ യുദ്ധത്തിന്റെ പ്രകോപനം. ഇന്ത്യ വിജയിച്ച ആ യുദ്ധത്തിനു ശേഷം ഹിമാചൽ പ്രദേശിൽ വച്ച് ഒപ്പുവച്ച കരാർ ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന പല സംഘർഷങ്ങൾക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതിൽ പ്രധാനം.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാക്കിസ്ഥാൻ സൈനികരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.
1947-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ യുദ്ധത്തിനൊടുവിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ അഭ്യർത്ഥനപ്രകാരം ഐക്യരാഷ്ട്രസഭ പ്രശ്നത്തിലിടപെടുകയും 1948 ഓഗസ്റ്റ് 13-ന് പാസാക്കപ്പെട്ട ഒരു പ്രമേയത്തിലൂടെ ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തിയിൽ 1945 ജനുവരി 5-ന് ഒരു വെടിനിറുത്തൽ രേഖ നിലവിൽ വരികയും ചെയ്തു. ഈ രേഖയിലെ വെടിനിർത്തൽ നിരീക്ഷിക്കാൻ നിരീക്ഷണ സമിതിയും നിലവിൽ വന്നിരുന്നു. എന്നാൽ, 1972-ൽ ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഒപ്പുവച്ച്, പിന്നീട് ഇരുപാർലമെൻറുകളും അംഗീകരിച്ച ഷിംല കരാർ യാഥാർഥ്യമായതോടെ ഈ വെടിനിറുത്തൽ രേഖ നിയന്ത്രണരേഖയായി ഇരുരാജ്യങ്ങളും അംഗീകരിക്കുകയാണുണ്ടായത്. 1971-ലെ യുദ്ധത്തില്‍ ഇന്ത്യ പിടിച്ചെടുത്ത 13,000 കിലോ മീറ്ററിലധികം പാക് ഭൂമി തിരികെ നല്‍കാനും കരാര്‍ വ്യവസ്ഥ ചെയ്തിരുന്നു. അതേസമയം, ചില സുപ്രധാന മേഖലകള്‍ ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്തു.
ഷിംല കരാർ നിലവിൽ വന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ തുടർന്നുകൊണ്ടേയിരുന്ന സംഘർഷങ്ങൾ കരാറിന്റെ ലക്ഷ്യം പൂർണമായി നിറവേറ്റിയിരുന്നില്ല. സിയാച്ചിൻ മോഖലയിൽ പാക്ക് സൈന്യം പിടിമുറുക്കുന്നുവെന്നും ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നുമുള്ള വിവരത്തെത്തുടർന്ന് ഇന്ത്യ 1984-ൽ ഓപറേഷൻ മേഘദൂതിലൂടെ ആ മേഖല പിടിച്ചെടുത്തു. ലോകത്തെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മിലിട്ടറി ഓപ്പറേഷനുകളിലൊന്നായിരുന്നു അത്. അന്ന് ഇന്ത്യ സിയാച്ചിൻ മേഖല പിടിച്ചെടുത്തത് ഷിംല കരാറിന്റെ ലംഘനമായാണ് പാക്കിസ്‌ഥാൻ വ്യാഖ്യാനിച്ചത്.
കരാറില്‍ വ്യവസ്ഥ ചെയ്തപോലെ സുഗമമായ ഒരു ബന്ധം ഇരുരാജ്യങ്ങളും തമ്മില്‍ തുടര്‍ന്നില്ല. നിയന്ത്രണ രേഖയില്‍ പലപ്പോഴും ഇരുരാജ്യങ്ങളുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം തുടര്‍ന്നു. 1999-ല്‍ കാര്‍ഗില്‍ യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ വലുതാക്കി. കരാർ ലംഘിച്ചു പാക്കിസ്ഥാന്‍ നിയന്ത്രണരേഖ ലംഘിച്ചപ്പോഴും അത് മറികടക്കാതെ നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയായിരുന്നു ഇന്ത്യ കാര്‍ഗില്‍ യുദ്ധത്തില്‍ ചെയ്തത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജലക്കരാറും പാക്കിസ്‌ഥാന്‍ ഷിംല കരാറും മരവിപ്പിച്ചിരിക്കുകയാണ്. ഈ കരാര്‍ മരവിപ്പിച്ചാല്‍ അതുവഴി നിയന്ത്രണരേഖയുടെ നിയമപരമായ അസ്തിത്വമാണ് ചോദ്യം ചെയ്യപ്പെടുക. സിന്ധു നദിയുടെ പേരില്‍ പാക്കിസ്‌ഥാന്‍ ഇന്ത്യയുമായി സായുധ സംഘര്‍ഷത്തിന് ഒരുങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
നിയന്ത്രണരേഖയിൽ സേനാവിന്യാസം വർധിപ്പിച്ചു; ഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി