Wednesday, April 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » വല്യ നോമ്പ്, പറുദീസായിലേക്കുള്ള കവാടം
വല്യ നോമ്പ്, പറുദീസായിലേക്കുള്ള കവാടം

വല്യ നോമ്പ്, പറുദീസായിലേക്കുള്ള കവാടം

by Editor
Mind Solutions

സൂര്യന്റെ നേരെ തിരിഞ്ഞുള്ള, പരിമിതമായ ജീവിതകാലാവധിയാണ് സൂര്യകാന്തിപ്പൂവിന്റേത്. ദിനരാത്രങ്ങൾ പിറക്കുന്നത് ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നത് കൊണ്ടാണ്. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയ്ക്കും, മണ്ണിൽ വിരിയുന്ന ഓരോ ഇതളിനും അനന്തമായ ഊർജ്ജശ്രോതസ്സായ സൂര്യനിൽ ഉള്ള പ്രതീക്ഷയാണ് അവയെ ഓരോന്നിനെയും മുകളിലേക്ക് ഉയർത്തുന്നത്, വളർത്തുന്നത്. ഇവകൾ തമ്മിലുള്ള പരസ്പര-അദൃശ്യ-ബന്ധം ബലഹീനമാകയോ വിച്ഛേദിക്കപ്പെടുകയോ ചെയ്യാത്തിടത്തോളം പ്രപഞ്ചത്തിന്റെ ദൈനംദിനക്രമത്തിന് തടസ്സം നേരിടുകയില്ല. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ത്രിയേകദൈവവുമായുള്ള ബന്ധവും ഏറെക്കുറെ സൂര്യന് നേരെ ദൃഷ്ടി തിരിച്ചുനിൽകുന്ന സൂര്യകാന്തിപ്പൂവിന് സമാനമാണ്.

സൂര്യതേജസ്സിലും തീക്ഷ്ണതയേറിയ ദൈവത്തിന്റെ പ്രാഭവത്തോടും ദൈവസാന്നിധ്യത്തോടുമുള്ള വിശ്വാസിയുടെ വിധേയത്വവും ഇതേ പോലെയാകണം എന്ന് പിതാക്കന്മാരും സഭയും നമ്മെ പരിശീലിപ്പിച്ചിരിക്കുന്നു. പറുദീസയെന്ന ആത്യന്തികലക്ഷ്യത്തിലേക്കുള്ള തീർഥയാത്രയാകുന്നു ക്രിസ്തീയജീവിതം. അത് പൂർണ്ണമാകുവാനും, ക്രിസ്തുവിലുള്ള അവന്റെ ജീവിതക്രമം നേരെയാക്കാനുമായി’ സഭാപിതാക്കന്മാരാൽ ക്രമീകരിച്ചിരിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ വലിയ പങ്ക് വഹിക്കുന്നു. നോമ്പുകൾ, ഉപവാസം എന്നിവയ്ക്ക് ആ ദൌത്യത്തിൽ പ്രഥമസ്ഥാനമാണ് സഭ നല്കിയിരിക്കുന്നത്. എന്തുകൊണ്ടോ സഭയുടെ ഭാഗമായ വിശ്വാസിയും അവിശ്വാസിയും മേൽപ്പറഞ്ഞ 2 അനുഷ്ഠാനങ്ങളും നാമമാത്രമായും നാവിൽ മാത്രമായും കരുതുന്ന കാലത്താണ് നാം ജീവികുന്നത്. ഉള്ളിലേക്ക് കടക്കാത്ത ചര്യകൾക്ക് പ്രതിഫലമായി അകവും പുറവും ഒരു പോലെ പൊള്ളിക്കുന്ന അനുഭവങ്ങൾ വരാതിരിക്കാനും നമുക്ക് ഒരു നല്ല മുഖവുര ആവശ്യമാണ്. ആ മുഖവുരയിലേക്കുള്ള കവാടത്തിലേക്കാണ് കൊത്ത്നെ ഞായറാഴ്ച സന്ധ്യ മുതൽ നാം ചുവട് വയ്ക്കുന്നത്! ക്രിസ്തുവെന്ന രക്ഷകന്റെ 40 ദിനങ്ങൾ നീണ്ട, ഉപവാസവും തുടർന്ന് 10 ദിനങ്ങൾ നീണ്ട കഷ്ടാനുഭവത്തെയും സ്മരിക്കുന്ന കാലാവധിയെ നാം വല്യ നോമ്പെന്ന് വിളിക്കുന്നു.

ഏവർക്കും അറിയാവുന്നതുപോലെ വല്യനോമ്പ് ആരംഭിക്കുന്നത് കൊത്ത്നെ ഞായറാഴ്ചയോടെ ആണ്. പ്രത്യേക നിറവും മണവും രുചിയും ഇല്ലാതിരുന്ന പച്ചവെള്ളത്തെ വിരുന്നുവാഴിയെ സ്വാധീനിക്കുന്ന തരം മേൽത്തരം വീഞ്ഞാക്കി മാറ്റിയ ശ്രേഷ്ഠമായ മുഹൂർത്തം മാനുഷകുലത്തിനും മഹത്തായ ഒരു നിമിഷവുമായിരുന്നു. പാപത്താൽ ചുവന്ന മനുഷ്യമനസ്സിനെ ദൈവസ്പർശനത്താൽ രുചിസമൃദ്ധമാക്കുക എന്നത് നോമ്പിലേക്ക് കടക്കുന്ന നമുക്കേവർക്കും വഴി തെളിക്കുവാനും ആത്മവീര്യം വർദ്ധിപ്പിക്കുവാനും പ്രചോദനം നല്കുകയാണ്. പ്രത്യേകിച്ച്, ഏവർക്കുമറിയാവുന്നത് പോലെ, സഭയുടെ 5 പ്രധാന നോമ്പുകളിൽ, 3 ആഴ്ച മുൻപ് അവസാനിച്ച മൂന്ന് നോമ്പും വല്യ നോമ്പുമാണ് അനുതാപത്തിന്റെ നോമ്പുകൾ എന്നത് ശ്രദ്ധേയമാണ്. ഈ നോമ്പുകൾക്ക് പ്രാധാന്യമേറുന്നത് എന്തുകൊണ്ട് എന്ന് അവയിലൂടെ കടന്നുപോകുന്ന ആരും വിസ്മരിച്ചുകൂടാത്ത ചില ഘടകങ്ങളിലൂടെ ചൂണ്ടിക്കാണിക്കട്ടെ:

നോമ്പാചരണവേളയിൽ ‘പ്രാർഥന, ഉപവാസം, മനനം, ധ്യാനം’ എന്നിവ ഒഴിച്ചുകൂടാനാവാത്തതാണ്. ‘പ്രാണന്റെ അർത്ഥനയും അർപ്പണവും’ ആണ് പ്രാർത്ഥന എന്നതിനാൽ നോമ്പും പ്രാർത്ഥനയും പരസ്പര-പൂരകങ്ങളാണ്. ഉപവാസം എന്നാൽ അത്യന്തം ഇഷ്ടമായതിനെയും ദൈവത്തിന് ഇഷ്ടമല്ലാത്തതിനെയും ഉപേക്ഷിച്ചുകൊണ്ട് ദൈവത്തോട് ഒപ്പം വസിക്കുക എന്നാണ്. കപ്പദോക്കിയയിലെ വല്യ മാർ ബസേലിയോസ് പറയുന്നത് ‘ശരീരത്തിന്റെ ഉപവാസം ആത്മാവിന്റെ ഔഷധം ആകുന്നു’ എന്നാണ്. മനനം ചെയ്യുവാന് കഴിവുള്ളവൻ മനുഷ്യൻ എന്ന നിലയിൽ ഈ നോമ്പുകാലത്ത് അവനവന്റെ ചിന്തകളെ ശുദ്ധീകരിച്ച് ദൈവസന്നിധിയിലായിരിക്കുക എന്നതാണ് നോമ്പുസമയത്ത് ശ്രദ്ധിക്കേണ്ടതായ പ്രധാന കർമ്മം. നോമ്പാചരണം ‘അന്യായബന്ധനങ്ങളെ അഴിച്ചുകൊണ്ടും വിശക്കുന്നവന് അപ്പം കൊടുത്തും’ കൊണ്ടായിരിക്കേണം എന്ന് വെളിപ്പെടുത്തുന്ന, യെശയ്യാ പ്രവചനം 58-ആം അദ്ധ്യായം ചൊരിയുന്ന ആത്മീയദീപപ്രഭ എത്രയോ ശ്രേഷ്ഠമാണ്! ലോകത്തിന്റെ ആസുരവേഗത്തിന്റെ പ്രലോഭനത്തിൽ പെട്ട് ഉഴറാതെയും ലക്ഷ്യം തെറ്റാതെയും നോമ്പെന്ന സീനായ് മലയിലേക്ക് മോശയെന്ന പോലെ ധ്യാനത്തോടെയും ശുദ്ധിയോടെയും സമീപിക്കാം. നോമ്പിനെ കൂടുതൽ പരിചയപ്പെടുത്തുകയും ചിന്തിപ്പിയ്ക്കുന്നതിനായും ലഭിക്കുന്ന വേദവായനാഭാഗങ്ങൾ ധ്യാനിച്ചുകൊണ്ട് ലോകത്തിന്റെ കളങ്കത്തിൽ നിന്ന് സ്വയം വിടുതൽ ചെയ്തുകൊണ്ടുമാകണം ഈ നോമ്പിനൊപ്പം യാത്ര ചെയ്യേണ്ടത്.

‘പതിനെട്ടിട, പേതൃത്താ, ശുബ്ഖോനോ’ എന്നീ പദങ്ങൾ മൂന്ന് നോമ്പ് മുതൽ വല്യ നോമ്പിന്റെ ആദ്യ വാരം വരെ കേൾക്കുന്നവയെങ്കിലും അവയുടെ ആന്തരാർത്ഥമോ ഉദ്ദേശ്യമോ പൂർണ്ണ-അർത്ഥത്തിൽ മനസ്സിലാക്കപ്പെട്ടിട്ടില്ല എന്ന അനുമാനത്താൽ അല്പം വിവരിക്കട്ടെ. 18-ഇടയെ പറ്റി മൂന്ന് നോമ്പിന് ശേഷം പരാമർശിച്ചതിനാൽ ആവർത്തിക്കുന്നില്ല. എന്നാൽ പേതൃത്താ’ ഞായർ സംബന്ധിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ട ലാഘവബുദ്ധിയോടെ കാണേണ്ട ഒരു ദിനമല്ല എന്ന് ആമുഖമായി സൂചിപ്പിക്കട്ടെ. പ്രത്യേകിച്ച്, പതിനേഴാം നൂറ്റാണ്ടിന് മുൻപ് ഭൂരിപക്ഷം നസ്രാണി ക്രിസ്ത്യാനികളും സസ്യാഹാരം മാത്രം ഉപയോഗിച്ചവർ ആയിരുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ ഭക്ഷണവുമായി ബന്ധപ്പെടുത്തി പേതൃത്താ ഞായറിനെ കാണുന്നത് ആ ദിനത്തെ ഇകഴ്ത്തിക്കാട്ടുന്നതിന് തുല്യവുമാകും. എന്നാലോ, ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും മാർഗ്ഗത്തിലേക്ക് നമ്മെ തന്നെ നയിക്കുവാനും, ഒരു തിരിഞ്ഞു നോട്ടത്തിലൂടെ, അനുതാപത്തോടെ ദൈവത്തിങ്കലേക്ക് തിരിയാനുള്ള ഒരു സ്വയം തീരുമാനത്തിന്റെ ദിനവുമാണ് പേതൃത്താ ഞായർ. വല്യനോമ്പ് പോലെ ഒരു വലിയ ശുശ്രൂഷയ്ക്ക് മുൻപുള്ള ഒരുക്കം, വിശുദ്ധ കുർബ്ബാനയ്ക്ക് മുൻപുള്ള ‘തൂയോബോ’ പോലെ അർത്ഥവത്തായ രീതിയിലുള്ള ഒരുക്കത്തിനുള്ള ഇടവേളയാണ് പേതൃത്താ ഞായർ എന്നർത്ഥം.

“ശുബ്ഖോനോ” എന്നാൽ Reconcile അഥവാ നിരപ്പാകുക എന്നതാണ് അർത്ഥം. നോമ്പിന്റെ തുടക്കത്തിലെ, പ്രത്യേകിച്ച് മിക്ക ദേവാലയങ്ങളിലും, നോമ്പിന്റെ ആദ്യ തിങ്കളാഴ്ച ഉച്ചനമസ്കാരത്തോടെ അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കുന്ന ശുശ്രൂഷ! അറിഞ്ഞോ അറിയാതെയോ ചിന്ത കൊണ്ടോ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മനസ്സ് തുറന്ന് ക്ഷമ ചോദിക്കുക എന്നതാണ് ഈ ശുശ്രൂഷയുടെ അന്ത്യത്തിലെ സമാധാനചുംബനം വഴി സാക്ഷാത്കരിക്കപ്പെടുന്നത്. പരസ്പരം കൈത്തലങ്ങൾ ഒന്നിച്ച് ചേർക്കുമ്പോൾ, ഹൃദയങ്ങൾ ചേരുന്നതിന് സമാനമെന്ന പ്രവർത്തിയിലൂടെ തെറ്റുകൾ ഏറ്റുപറയുകയും ക്ഷമിക്കുകയും ചെയ്യുമ്പോൾ സ്വർഗീയപിതാവിന്റെ ഹിതം കൂടിയാണ് നിറവേറുന്നത്. ക്രൂശിച്ചവരോട് ക്ഷമിക്കുവാൻ പിതാവിനോടർത്ഥിച്ച്, നിരപ്പാകലിനെ മനുഷ്യരാശിയ്ക്കായി കാട്ടിത്തന്നാണ് യേശു ജീവൻ വെടിയുന്നത്. അത് വെറും ചടങ്ങാകാതെ ശ്രദ്ധിക്കുവാൻ ഒരു മാതൃകയായി കരുതാൻ വേണ്ടി മറ്റൊരു സഭയിലേക്ക് വിരൽ ചൂണ്ടട്ടെ : റഷ്യൻ സഭയിലെ വിശ്വാസികളും അഭിഷിക്തരും ഒന്നൊഴിയാതെ – നിനെവെയിൽ രാജാവും പ്രജയും ഒരു പോലെ രട്ടുടുത്തത് പോലെ – കുടുംബനാഥനിൽ നിന്ന് ആരംഭിച്ച് വേലക്കാരും മക്കളും ഉൾപ്പെടെ എല്ലാവരോടും ക്ഷമ ചോദിച്ചശേഷം നോമ്പാചരിക്കുന്ന രീതി നിലനിന്നിരുന്നു. സഹോദരീ-സഭയായ റഷ്യൻ ഓർത്തോഡോക്സ് സഭയുടെ, ആചാരാനുഷ്ഠാനങ്ങൾ ഏറെക്കുറെ കാർക്കശ്യത്തോടെ പാലിക്കുന്ന രീതികളെ, അനുകരിക്കുവാനും അനുഗ്രഹപ്രാപ്തി നേടുവാനും നമുക്കും കഴിയേണ്ടതാണ് എന്ന നിരീക്ഷണം പങ്ക് വെയ്ക്കുന്നു.

ആത്മാവിന്റെ ശക്തിയേറ്റുന്ന നോമ്പ്

വല്യ നോമ്പ് എന്നാൽ കാനാ മുതൽ കാൽവരി വരെ നീളുന്ന ഒരു തീർത്ഥയാത്രയാണ് എന്ന് ആലങ്കാരികമായി വിവക്ഷിക്കാം. കൊത്ത്നെ ഞായറാഴ്ചയിലെ ഏവൻഗേലിയോൻ ഭാഗത്തിൽ കേട്ടതുപോലെ ‘കർത്താവിന്റെ പരസ്യശുശ്രൂഷ’ കാനാവിലെ 6 കൽഭരണികൾക്ക് സമീപത്തുനിന്ന് ആരംഭിക്കുകയും, തുടർന്നുള്ള 6 ഞായറാഴ്ചകൾ മാനുഷികബലഹീനതകൾക്കും വൈകല്യങ്ങൾക്കും മേൽ, പിതാവായ ദൈവത്തിന്റെ ഹിതം പുത്രനായ യേശുക്രിസ്തുവിന്റെ സൌഖ്യദായകമായ കരത്താൽ നിറവേറ്റപ്പെടുന്നതും, കാൽവരിയിലെ 7 വചനങ്ങൾ മനുഷ്യരാശിയ്ക്കായി മൊഴിഞ്ഞുകൊണ്ട് സ്വർഗ്ഗോന്നതി പ്രാപിക്കുന്നതുൾപ്പെടെയുള്ള സംഭവങ്ങളെ ഓർമ്മിപ്പിക്കുന്നതുമായ 50 ദിനങ്ങളാണ് നാം വല്യ നോമ്പിലൂടെ സ്മരിക്കുന്നത്. മുകളിൽ പരാമർശിച്ചതുപോലെ നാവ് കൊണ്ട് പ്രാർത്ഥനകൾ ഉരുവിട്ടതുകൊണ്ടും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ കഴിക്കാത്തതുകൊണ്ടും മാത്രം നോമ്പ് പൂർണ്ണമാവുകയില്ല. എന്നാൽ നമ്മുടെ നഷ്ടപ്പെടുത്തലിൽ, ഹിതകരമായ വസ്തുക്കളിൽ നിന്നും സ്വഭാവങ്ങളിൽ നിന്നുമുള്ള സ്വയം അകറ്റിനിർത്തലിൽ സന്തോഷവും ആത്മനിർവൃതിയും കണ്ടെത്തുവാൻ ശ്രമിക്കണം. ആ ചിന്തയുടെ മുഹൂർത്തത്തിലാണ് നാം നോമ്പിലാകുന്നത്. ‘ഞാൻ’ എന്ന ‘ബാബേൽ ഗോപുരം’ എന്ന ചിന്ത തകർന്നുവീഴുമ്പോഴാണ് നോമ്പ് സൃഷ്ടിക്കപ്പെടുക. അല്ലെങ്കിൽ നമ്മുടെ കർമ്മങ്ങൾ വെറും ചടങ്ങായി മാത്രമേ കാണപ്പെടൂ.

സഭയുടെ 2 അനുതാപനോമ്പുകളിൽ ആദ്യത്തേതായ മൂന്ന് നോമ്പും രണ്ടാമത്തേത് ആയ വല്യ നോമ്പും അനുതാപത്തിന്റെ ആത്മാവിലേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോകേണ്ടതാണ്. മൂന്ന് നോമ്പിലും വല്യ നോമ്പിലും സാധാരണ പ്രാർത്ഥനകളിൽ കൃത്യമായിട്ട് കുമ്പിട്ട് നമസ്കരിക്കുകയും പ്രത്യേകിച്ച് ഉച്ചനമസ്കാരം 40 കുമ്പിടീൽ നടത്തി പൂർത്തീകരിക്കുകയും വേണം. ശരീരം സാഷ്ടാംഗം കുനിയുമ്പോൾ ആദ്യം അൽപം ക്ഷീണിക്കുന്ന ശരീരം കൊണ്ട് നാം നമ്മുടെ ആത്മാവിന് ശക്തിയേറ്റുകയാണ് എന്ന ആത്മീയലാഭത്തെ തിരിച്ചറിയുവാൻ നമുക്ക് കഴിയേണം. വർത്തമാനകാലസാഹചര്യം നിരീക്ഷിക്കുന്നതിൽ നിന്ന് മനസ്സിലാകുന്നത് അതിര് കടന്ന ആരോഗ്യ പരിപാലന-പരിജ്ഞാനവും സ്വയം-കരുതലും ഉള്ളവർ വർദ്ധിക്കുന്നു എന്നും ആത്മീയബോധം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നുമാണ്. പരമാവധി സഭയുടെ അനുഷ്ഠാനങ്ങൾ പിന്തുടരാൻ ശ്രമിക്കുന്ന എന്റെ ഒരു വിദ്യാർത്ഥിനി പോലും ആരോഗ്യം ശ്രദ്ധിച്ചുകൊള്ളണം, ശ്രദ്ധിക്കാതെ പറ്റുമോ എന്ന നിർദ്ദേശ-നിരീക്ഷണങ്ങൾ ആണ് നൽകിയത്. ഇത് ദൈവത്തിന് വേണ്ടി ‘അല്പം കൊടുക്കുന്നതിലും’ മേൽക്കൈ, സ്വയത്തിന് ഭേദ്യം വരുത്താത്ത വിധം എത്ര എടുക്കാം’ എന്ന ചിന്തയ്ക്കല്ലേ എന്ന പ്രതീതിയല്ലേ നൽകുന്നത്?? മക്കൾക്ക് നോമ്പിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുവാനോ അത് പ്രാവർത്തികമാക്കി കാട്ടികൊടുക്കുവാനോ ഉള്ള ഇച്ഛാശക്തി കുറയുന്ന മാതാപിതാക്കളുടെ എണ്ണവും അതിനൊപ്പം കൂടുന്നു എന്ന സങ്കടകരമായ അവസ്ഥയാണ് നിലവിലുള്ളത്. സൺഡേസ്കൂൾ അദ്ധ്യാപനവേളയിലെ ഒരു വെല്ലുവിളിയാണ് ‘പഠിപ്പിക്കുന്നത് പ്രാവർത്തികമാക്കാം’ എന്നുറപ്പ് വരുത്താൻ കഴിയാതെ മുന്നിൽ തുടരുന്ന വിദ്യാർത്ഥീ-വിദ്യാർത്ഥിനികൾ. പ്രാർത്ഥനയും നോമ്പും ഉപവാസവും ആചാരാനുഷ്ഠാനങ്ങളും സ്വന്തം മക്കൾ പഠിച്ച് വളരണമെന്ന് ആഗ്രഹിക്കുന്നവരും, മക്കളുടെ ഭാവി പ്രകാശമാനമാകാൻ അൽപം നഷ്ടങ്ങളും വിഷമങ്ങളും നന്ന് എന്ന് ചിന്തിക്കുന്നവരുമായി കൂടുതൽ മാതാപിതാക്കൾ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആണ്ടുകളായുള്ള സഭയുടെ ആചാര്യന്മാർ പഠിപ്പിച്ച ചര്യയെ പ്രാധാന്യം മനസ്സിലാക്കാതെ അവഗണിക്കുന്നവരോട് ഇന്നത്തെ കുട്ടികളോട് പറയുന്നത് തന്നെ പറയേണ്ടിയിരിക്കുന്നു: നോമ്പാചരണമോ ഉപവാസമോ കൊണ്ട് ഒരു കുഞ്ഞും വാടിത്തളരില്ല എന്ന് മാത്രമല്ല, അവർ ദൈവശക്തിയാൽ കൂടുതൽ വെട്ടിത്തിളങ്ങുകയും ദൈവസ്പർശനത്താൽ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യും എന്നതാണ് നിരീക്ഷണം. എന്നാലോ കതിരിന്മേൽ വളം വച്ചിട്ട് കാര്യമില്ല എന്ന ശരീരഭാഷയോടെ നീങ്ങുന്ന സഹോദരരും മുതിർന്നവരുമായവരോടും ഒരു വാക്ക് : നമ്മുടെ ദൈനംദിനവെല്ലുവിളികൾക്ക് തടയിടാൻ നോമ്പും ഉപവാസവും വഴിയൊരുക്കും എന്നതിനാൽ അതിനായി യത്നിക്കുവാൻ ഈ നോമ്പിന്റെ ആദ്യദിനങ്ങൾ സഹായകമാകട്ടെ.

Fasting അഥവാ ഉപവാസം നടത്തേണ്ട ക്രമത്തെ കുറിച്ചും ഒരു സൂചന നൽകട്ടെ: ഹൂദായ കാനോൻ പ്രകാരം ഉപവാസം സാധാരണ ദിവസങ്ങളിൽ ഒൻപതാം മണി (ഉച്ച തിരിഞ്ഞ് 3 മണി) വരെയും ശനി, ഞായർ ദിവസങ്ങളിൽ 12 മണി വരെയും ആയിരുന്നു നടത്തേണ്ടത്. പ്രായത്തിന്റെ അവശതയുള്ളവർ, മുലകൊടുക്കുന്ന അമ്മമാർ, പ്രത്യേക രോഗാവസ്ഥയിലുള്ളവർ എന്നിവർക്ക് ഉപവാസത്തിന് ഇളവ് നല്കിയിട്ടുള്ളതായും കേട്ടിട്ടുണ്ട്. എത്യോപ്യൻ ഓർത്തോഡോക്സ് സഭയിൽ : 13 വയസ്സിന് മുകളിലുള്ള എല്ലാവരും മുട്ട, പാൽ, മാംസാഹാരങ്ങൾ വർജ്ജിച്ചുകൊണ്ടും ധാന്യങ്ങളും പഴവർഗ്ഗങ്ങളും മാത്രം ഭക്ഷിച്ചും, ഒരു ദിവസം വൈകുന്നേരം 3 മണിക്ക് ശേഷം ഒരു നേരം മാത്രം ഭക്ഷിച്ചും, ദുഖവെള്ളി മുതൽ ഉയിർപ്പ് വരെ ഭക്ഷണം കഴിച്ചുകൂടാ എന്നും, ശനി, ഞായർ ദിവസങ്ങളിൽ പ്രഭാതഭക്ഷണം മാത്രമേ ആകാവൂ എന്നുമുള്ള നിബന്ധനകൾ പാലിച്ചാണ് വല്യ നോമ്പാചരിക്കുന്നത് എന്നാണ്. കോപ്റ്റിക് സഭയിലെ നോമ്പാചരണരീതിയും ഏറെക്കുറെ സമാനമായ രീതിയിൽ, ധാന്യങ്ങളും പച്ചിലകളും ജീവകം പ്രദാനം ചെയ്യുന്ന ഭക്ഷണസാധനങ്ങളും ഒഴിച്ച് എല്ലാം വർജ്ജ്യമാണ് എന്നാണ് സഹപ്രവർത്തകരായ സഭാംഗങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. [എന്തുകൊണ്ടോ നമ്മുടെ നോമ്പുകൾ പലപ്പോഴും പ്രഖ്യാപനങ്ങളുടെയും സ്വയ-പ്രസിദ്ധപ്പെടുത്തലിന്റെയും നോമ്പുകൾ ആയി തരംതാഴാറുണ്ട് എന്നതാണ് സത്യം. അത് കൊണ്ട് തന്നെ നോമ്പിന്റെ മൂല്യവും അർത്ഥവും നീർവീര്യമായി പോകുന്നു എന്ന നഗ്നസത്യവും വിസ്മരിച്ചുകൂടാ]. ഈ 2 സഭകളുടെ കഠിനമെന്ന് കരുതാവുന്ന ആചാരാനുഷ്ഠാനരീതികൾ കേൾക്കുമ്പോൾ ഞാനും നമ്മുടെ സഹോദരരായ സഭാംഗങ്ങളും അൽപം അത്ഭുതം കൂറിയേക്കാം [ലജ്ജിച്ചേക്കാം]. കൃത്യതയോടെ കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും ഇളവ് നൽകാതെ നോമ്പ് പ്രവർത്തിപഥത്തിൽ വരുത്തുന്ന സഭകളാണ് അവ രണ്ടും എന്നതും, ആത്മീയമായി അവർ എത്രയോ കാതം മുൻപിലാണെന്നും, അനുഷ്ഠാനങ്ങളിൽ എപ്പോളും ലാഘവസ്വഭാവം പുലർത്തുകയും, വീണ്ടും ലാഘവപ്പെടുത്തൽ കാംഷിക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ സ്വയം ലാഘവപ്പെടുത്തുകയോ, ചെയ്യാതിരിക്കുകയോ ചെയ്യുന്ന നാം മനസ്സിലാക്കേണ്ടതായ ഒരു യാഥാർത്ഥ്യമാണ്.

ശുബ്കോനോ അഥവാ നിരപ്പാകൽ (Reconciliation)
വലിയ നോമ്പിന്റെ ഔദ്യോഗിക ആരംഭം കുറിക്കുന്ന, കുമ്പിടീലോട് കൂടിയ പ്രാർത്ഥനകൾ നോമ്പിന്റെ തലേന്നത്തെ ഞായറാഴ്ച സന്ധ്യയോടെ ആണ് ആരംഭിക്കുന്നത്. വല്യ നോമ്പിന്റെ ആത്മാവായ സ്വയം ശൂന്യമാക്കൽ ദ്യോതിപ്പിക്കുന്നതും പരസ്പരം ക്ഷമായാചനം നടത്തുന്നതിനുമായി സഭ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയാണ് ശുബ്കോനോ. നോമ്പ് ആരംഭിക്കുന്ന തിങ്കളാഴ്ച ഉച്ചനമസ്കാരത്തോട് ചേർന്നാണ് ഈ ശുശ്രൂഷ നടത്താറുള്ളത്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ തിങ്കളാഴ്ചയ്ക്ക് പകരം ഞായറാഴ്ച സന്ധ്യയിലും ഈ ശുശ്രൂഷ നടത്താറുണ്ട്. മുഖ്യ കാർമ്മികൻ വിശ്വാസീസമൂഹത്തിന് മുൻപിൽ 3 തവണ മുട്ടുകുത്തി “സഹോദരരേ, വൽസലരേ, മശിഹായെ പ്രതി നിങ്ങൾ ഞങ്ങളോട് ക്ഷമിക്കേണമേ” എന്ന വചനമുൾപ്പെടുന്ന വായന വായിച്ച് ക്ഷമായാചനം നടത്തുന്നു. തുടർന്ന് വിശ്വാസീസമൂഹം “പിതാവേ, ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ” എന്ന മന്ത്രണത്തോടെ മുട്ടുകുത്തി ആ ശുശ്രൂഷയിൽ ഭാഗഭാക്കാകുന്നു. ശുശ്രൂഷയുടെ അന്ത്യത്തിൽ ജനസമൂഹത്തിൽ ഏവരും ഒന്നൊഴിയാതെ പരസ്പരം സമാധാനചുംബനം നടത്തി അടുത്ത 50 ദിനങ്ങളിലേക്ക് വിദ്വേഷവും വൈരാഗ്യവും പകയും മാറ്റിവച്ചുകൊണ്ട് നോമ്പാചാരണത്തിന്റെ വിശുദ്ധിയും പൂർണ്ണതയും ഉറപ്പാക്കുന്ന ഉടമ്പടിയുമായി പിരിഞ്ഞുപോകുന്നതോടെ ശുശ്രൂഷ അവസാനിക്കുന്നു.

യേശുക്രിസ്തു കാട്ടിയ മാർഗ്ഗത്തിലൂടെ, നോമ്പാചരണം ആകുന്ന ‘താഴ്മ നൽകുന്ന ഉത്തേജനവും, നഷ്ടപ്പെടുത്തലിൽ കൂടി ലഭിക്കുന്ന ശുദ്ധീകരണവും, പ്രാർത്ഥന വഴിയുള്ള ശാക്തീകരണവും’ ആണ് വല്യ നോമ്പ് അർത്ഥവത്തായി ആചരിക്കുന്ന ഏത് ക്രിസ്ത്യാനിക്കും ലഭ്യമാകുന്ന നേട്ടം. 50 നോമ്പിന്റെ ദിനങ്ങളിൽ കടന്നുവരുന്ന പാതിനോമ്പ്, വി. മറിയാമിന്റെ വചനിപ്പ് പെരുന്നാൾ, ഹോശന്നാ, പെസഹാ പെരുന്നാളുകൾ കടന്ന് നോമ്പിന്റെ പരിസമാപ്തിയിൽ ഉയിർത്തെഴുനേറ്റവനായ ക്രിസ്തുവിനെ സ്വീകരിക്കുവാനായി ഉള്ള തയ്യാറെടുപ്പും ആകട്ടെ ഈ വല്യ നോമ്പ്. സമാധാനത്തോടും ശാന്തിയോടും നോമ്പിനെ വരവേൽക്കുന്ന സന്ധ്യയിൽ നമ്മുടെ മനോമുകുരങ്ങളിൽ നിറഞ്ഞുനിൽക്കേണ്ടത് ഈ ചിന്തയും ലക്ഷ്യവും മാത്രം ആയിരിക്കട്ടെ.

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ,

അജോയ് ജേക്കബ് ജോർജ്

Top Selling AD Space

You may also like

error: Content is protected !!