ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരുന്നതിനൊപ്പം ദേശീയ ഐക്യവും ശക്തിപ്പെടട്ടേയെന്ന് മോദി ആശംസിച്ചു. “എല്ലാവർക്കും സന്തോഷകരമായ ഹോളി ആശംസിക്കുന്നു. ഈ ഉത്സവകാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ ജനമനസ്സുകളിൽ നിറയ്‌ക്കട്ടെ” -അദ്ദേഹം എക്‌സിൽ കുറിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും ഹോളി ആശംസകൾ നേർന്നു. ‘നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ വേളയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നു. സന്തോഷത്തിന്റെ ഈ ഉത്സവം ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശം നൽകുന്നതാണ്. ഇത് ഇന്ത്യയുടെ വിലയേറിയ സാംസ്‌കാരിക പൈതൃകത്തിൻ്റെ പ്രതീകം കൂടിയാണ്. ഈ ശുഭകരമായ അവസരത്തിൽ ഭാരത മാതാവിൻ്റെ മക്കളുടെ ജീവിതത്തിൽ തുടർച്ചയായ പുരോഗതിയുടെയും സമൃദ്ധിയുടേയും സന്തോഷത്തിൻ്റെയും നിറങ്ങൾ നിറയ്ക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം’ -ദ്രൗപതി മുർമു എക്സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഹോളി ആശംസകൾ അറിയിച്ചു.
വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദു സമൂഹം ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം.
ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് പ്രധാനമായും ഹോളിയുടെ അടിസ്ഥാനം. അതുകൂടാതെ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ജീവത്യാഗത്തിന്റെ കഥ എന്നിങ്ങനെയുള്ള ഐതിഹ്യങ്ങളും ഹോളിയുമായി ബന്ധപ്പെട്ടുണ്ട്. എങ്കിലും കൂടുതൽ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയാണു ഹോളിഗയിൽ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.