ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾക്കും ബജറ്റ് ടൂറിസത്തിനും സംവിധാനം ഒരുക്കുന്നു. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ക്ഷേത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ചെയിൻ സർവീസ് നടത്താനാണ് പദ്ധതി.
ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 4,000 സ്ത്രീ തീർഥാടകരെ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും.
കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ:
തിരുവനന്തപുരം സെൻട്രൽ, സിറ്റി, പാപ്പനംകോട്, വികാസ് ഭവൻ, വെള്ളനാട്, പേരൂർക്കട എന്നീ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ നിന്ന് മാർച്ച് 14 വരെ തീർഥാടകരുടെ തിരക്കനുസരിച്ച് ‘ആറ്റുകാൽ ക്ഷേത്രം സ്പെഷ്യൽ സർവീസ്’ ബോർഡ് വെച്ച് അധിക സർവീസുകൾ നടത്തും. മാർച്ച് 5 മുതൽ ഈ സർവീസുകൾ ആരംഭിച്ചു.
തിരുവനന്തപുരം റവന്യൂ ജില്ലയ്ക്ക് പുറത്തുള്ള യൂണിറ്റുകളിൽ നിന്ന്, കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട യൂണിറ്റുകളിൽ നിന്ന് മാർച്ച് 12 മുതൽ 13 വരെ (അല്ലെങ്കിൽ തിരക്ക് തീരുന്നതുവരെ) തിരുവനന്തപുരത്തേക്ക് അധിക സർവീസുകൾ നടത്തും.
ആറ്റുകാൽ പൊങ്കാലയെ മുന്നോടിയായി ഹരിതചട്ടം കർശനമാക്കി. ക്ഷേത്ര പരിസരത്തും ഉത്സവ മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിലും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്, കോർപ്പറേഷൻ സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ 25 കിലോ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. ജില്ലാ ശുചിത്വ മിഷൻ ടീം, ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസും കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരും ചേർന്നാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. കോർപ്പറേഷൻ പരിധിയിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട് .
സർക്കാർ ഓഫീസുകൾ ഉൾപ്പെടെ മറ്റ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി, നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ സ്പോട്ട് ഫൈൻ ഈടാക്കി, ചട്ടലംഘനം നടത്തിയവർക്കെതിരെ നോട്ടീസും നൽകി. ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനയു നടന്നു, വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.