തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ദേവി സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയുടെ അനുബന്ധിച്ച് ഇന്നുമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും ഇന്ന് ഉച്ച മുതൽ 13 -ന് രാത്രി 8 വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ആറ്റുകാല്‍ പൊങ്കാലയ്ക്കായി ആയിരക്കണക്കിന് ഭക്തര്‍ തലസ്ഥാന നഗരത്തിലേക്കു എത്തുന്നതു കണക്കിലെടുത്തു പോലീസും സുരക്ഷ ശക്തമാക്കി. 4500 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിനകത്തും പുറത്തുമായി നൂറോളം സിസിടിവി ക്യാമറകള്‍ സജ്ജമാക്കി 24 മണിക്കൂറും നിരീക്ഷണം നടത്തും. സ്മാര്‍ട്ട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള 847 ക്യാമറകളിലൂടെ നഗരത്തിന്റെ വിവിധ മേഖലകള്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലായിരിക്കും. പൊങ്കാല ദിവസം പ്രത്യേകം പാസ് ഉള്ള പുരുഷന്മാരെ മാത്രമേ ക്ഷേത്ര കോംപൗണ്ടിലേക്ക് കടത്തിവിടുകയുള്ളൂ. പൊങ്കാലയിടാന്‍ വരുന്ന സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി.
പതിമൂന്നിന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിക്കും. പണ്ടാര അടുപ്പിൽ തീ പടരുന്നതോടെ ജില്ലയിലുടനീളം ഒരുക്കിയിട്ടുള്ള ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. പൊങ്കാലയോട് അനുബന്ധിച്ച് ശുദ്ധജലവിതരണം, ഗതാഗതം, മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്സ് എന്നിവ സജ്ജീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.