Sunday, June 1, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ശനിസിൻഹാപ്പൂർ = സത്യസന്ധത, പരസ്പരവിശ്വാസം
ശനിസിൻഹാപ്പൂർ = സത്യസന്ധത, പരസ്പരവിശ്വാസം

ശനിസിൻഹാപ്പൂർ = സത്യസന്ധത, പരസ്പരവിശ്വാസം

by Editor

വടക്കേ ഇന്ത്യയിലെ ഒരു ഉൾനാടൻ ഗ്രാമത്തിന്റെ പേര് ആണ് ശനിസിൻഹാപ്പൂർ. A unique Indian village in the world എന്ന് നിസ്സംശയം പറയാവുന്ന ഒരു തനി നാട്ടിൻ പുറം. പട്ടണത്തിന്റെ ഒരു വിദൂര സാന്നിധ്യം പോലും ഇല്ലാത്ത തനി ഗ്രാമം. കൃഷി മുഖ്യതൊഴിൽ ആയി കരുതുന്നവർ മാത്രം. പക്ഷെ ഈ ചെറിയ ഗ്രാമം ലോകത്തിനു മുഴുവൻ വലിയ മാതൃകയും അത്ഭുതവുമാണ്. ഇതുപോലെ മറ്റൊരു സ്ഥലം ലോകത്ത് എവിടെയുമില്ല എന്ന് ഉറപ്പിച്ചു പറയാം.

നാമൊക്കെയും നമ്മുടെ വീടുകൾക്ക് ഓഫീസുകൾക്ക്, സ്ഥാപനങ്ങൾക്ക്, എല്ലാം ബലമുള്ള ചുമരുകൾ പണിത് ഉറപ്പുള്ള കതകുകൾ സ്ഥാപിച്ചു സുരക്ഷിതമായ പൂട്ടുകൾ (locks) ഉപയോഗിച്ച് പൂട്ടി സുരക്ഷ ഉറപ്പു വരുത്തുന്നു. എന്നിട്ടും സുരക്ഷ പോരാ എന്ന തോന്നലിൽ ബാങ്ക് ലോക്കർ കളിൽ വിലപിടിപ്പുള്ളവ സൂക്ഷിക്കുന്നു. നിർഭാഗ്യവശാൽ എന്നിട്ടും നമ്മുടെ വിലപിടിച്ച വസ്തുവകകൾ മോഷണം പോകുന്നു. അതായത് എത്ര വലിയ സുരക്ഷാ ക്രമീകരണങ്ങൾക്കും സുരക്ഷ ഉറപ്പിക്കാൻ സാധിക്കുന്നില്ല എന്ന് ചുരുക്കം.

ഈ അവസ്ഥയിൽ ആണ് നമ്മുടെ രാജ്യത്തെ ഒരു ഗ്രാമം അത്ഭുതകരമായ വ്യത്യാസം പുലർത്തുന്നത്. ശനിസിൻഹാപ്പൂരിലെ ഒരു വാതിലിനും പൂട്ട് (lock) ഇല്ല എന്നതാണ് പ്രത്യേകത. അടച്ചുറപ്പുള്ള വാതിലുകൾ തന്നെ ഇല്ല എന്ന് പറയുന്നതാവും കൂടുതൽ യാഥാർഥ്യം. ഈ ഗ്രാമത്തിലെ വീടുകൾക്കോ വ്യാപാര സ്ഥാപനങ്ങൾക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ കടകൾക്കോ ഒന്നും ബലമുള്ള വാതിലുകളോ അവയ്ക്കു പൂട്ടുകളോ ഇല്ല. എന്തിന് ഗ്രാമത്തിൽ ഉള്ള ഏക ബാങ്കിന് പോലും പൂട്ടില്ല എന്ന് അറിയുമ്പോൾ ആണ് നമ്മുടെ അത്ഭുതം പാരമ്യതയിൽ എത്തുന്നത്.

എല്ലാ കെട്ടിടങ്ങളുടെയും പുറം വാതിലുകൾ പലകയോ മെറ്റൽ ഷീറ്റൊ ചാരി വച്ചു മറച്ചിരിക്കുന്നത് കാണാം. ഇത് മൃഗങ്ങൾ അകത്തേക്ക് പ്രവേശിച്ചു നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ ഇരിക്കാനുള്ള ഒരു ക്രമീകരണം മാത്രം. അകത്തുള്ള മുറികൾക്ക് ഒന്നും വാതിൽ തന്നെ ഇല്ല. കിടപ്പ് മുറികളുടെ വാതിൽ തുണി കർട്ടൻ മാത്രം മറ ആയിരിക്കുന്നു. അലമാരികൾക്ക് പോലും വാതിൽ ഇല്ല. വിലപിടിപ്പുള്ള ആഭരണവും പണവും ഡോക്യുമെന്റ്കളും ഉൾപ്പെടെ എല്ലാം ഒരു തുണി കർട്ടന്റെ പിന്നിൽ ഈ ഗ്രാമത്തിൽ സുരക്ഷിതം.

കടകളിലും അവസ്ഥ ഇതുതന്നെ. മൃഗങ്ങൾ കയറി ശല്യം ഉണ്ടാക്കാതെ ഇരിക്കാൻ ഉള്ള ലഘുവായ ക്രമീകരണം മാത്രം. അവയ്ക്കൊന്നും ലോക്ക് ഇല്ല. വിലപിടിപ്പുള്ള സാധനങ്ങൾ എവിടെ ആണ് ഇരിക്കുന്നത് എന്ന് മറ്റുള്ളവർ അറിയുന്നതിലും അവർക്ക് പ്രശ്നം ഒന്നുമില്ല. കാരണം അറിഞ്ഞാലും കുഴപ്പമില്ല. അവിടെ മോഷണം ഇല്ല. ജനങ്ങൾ 100% സത്യസന്ധരും വിശ്വസ്ഥരും. അത്രമേൽ ആണ് ഗ്രാമത്തിൽ ഉള്ളവർ തമ്മിലുള്ള പരസ്പര വിശ്വാസം.

വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും നൂതന ആശയങ്ങളുടെ കാര്യത്തിലും പരിഷ്കാരത്തിന്റെ കാര്യത്തിലും ഒക്കെ പിന്നോക്കം എന്ന് നാം അവരെ മുദ്രകുത്തി പാർശ്വവൽക്കരിക്കുമ്പോൾ ഓർക്കുക അവരല്ലേ യഥാർത്ഥത്തിൽ സംസ്കാരസമ്പന്നർ. എല്ലാം തികഞ്ഞവർ എന്ന് വീമ്പിളക്കുന്ന നമുക്ക് അവരുടെ മുൻപിൽ തല ഉയർത്തി നിൽക്കാനുള്ള അർഹത പോലും ഇല്ല.

ജിജി, റോം

You may also like

error: Content is protected !!