മാനവ സമൂഹത്തെ സ്വാതന്ത്ര്യ- സമത്വ- സഹോദര്യത്തിലേക്ക് നയിക്കുന്നവരാണ് സർഗ്ഗ പ്രതിഭകൾ. മലയാള സാഹിത്യത്തിൻ്റെ പുരോഗതിയിൽ പ്രമുഖ സ്ഥാനമാണ് പ്രശസ്‌ത സാഹിത്യകാരൻ ശ്രീ. എം.മുകുന്ദനുള്ളത്. അദ്ദേഹം തിരുവന്തപുരത്തു് നടന്ന കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം വാങ്ങി നന്ദി പ്രകടനം നടത്തിയത് ‘പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണം. അധി കാരത്തിൻ്റെ കൂടെ നിൽക്കരുതെന്നുള്ളത് തെറ്റായ ധാരണയാണ്. വലിയൊരു കേരളത്തെ നിർമ്മിക്കാൻ ഞാൻ മുഖ്യമന്ത്രിക്കൊപ്പം നിൽക്കും’. ഇതിന് പ്രശസ്‌ത കഥാകൃത്തു് ടി. പദ്‌മനാഭൻ പ്രതികരിച്ചത് ‘എഴുത്തു കാരൻ സത്യ ധർമ്മത്തിനൊപ്പം നിൽക്കുക. രണ്ടാഴ്‌ചയ്ക്ക് മുൻപ് കേരളത്തിലെ ഒരു നോവലിസ്റ്റ് വലിയ ഒരു അവാർഡും ഒരു ലക്ഷം രൂപയും സ്വീകരിച്ചു’. ഇതാണ് ഇന്ന് കേരള സാംസ്‌കാരിക ലോകം നേരിടുന്ന പ്രതിസന്ധി. സാഹിത്യ രംഗത്ത് നടക്കുന്ന അജ്ഞതയുടെ മുഖങ്ങൾ തെളിഞ്ഞുവരുന്നു. ഒരു പ്രതിഭയുടെ സഞ്ചാര പഥത്തിൽ പ്രപഞ്ച സത്യങ്ങളെ അപഗ്രഥനാത്മകമായി നേരിടേണ്ടവരാണ് സാഹിത്യ പ്രതിഭകൾ. ശ്രീ. എം. മുകുന്ദൻ നേരിടുന്ന ആശയപരമായ വിയോജിപ്പ് ഇതിനകം പലരും രേഖപ്പെടുത്തി കഴിഞ്ഞു. ഇങ്ങനെ വാസ്തവികമായ സാധർമ്യങ്ങളിൽ സർഗ്ഗ പ്രതിഭകളെ ആശയാധികാരങ്ങളുടെ മറവിൽ സമുന്നതരാക്കിയാൽ ആ വ്യക്തിത്വം പടർന്നു പന്തലിക്കുന്നത് അവർ താലോലിച്ചു വളർത്തിയ സംഘടനകളിൽ മാത്രമാണ്. മലയാള ഭാഷയെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത് ഭാഷ സാഹിത്യത്തെ വരേണ്യ വർഗ്ഗാധിപത്യ അധികാര ചങ്ങലകളിൽ നിന്ന് മുക്തരാക്കി തുല്യ നീതി നടപ്പാക്കണം. സാംസ്‌കാരിക രംഗത്ത് നടക്കുന്ന ഈ അധിനിവേശം ഇനിയും എത്ര നാൾ തുടരും?
മലയാള സാഹിത്യത്തിൽ അനന്യസാധാരണ വ്യക്തിപ്രഭാവമുള്ള പ്രതിഭകൾ എഴുതിയ അടിച്ചമർത്തപ്പെട്ടവരുടെ, അന്ധവിശ്വാസങ്ങളിൽ കഴിയുന്നവരുടെയെല്ലാം ധാരാളം കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. ദീർഘദർശികളായ പ്രതിഭകൾ കാണുന്നത് അധികാരമെന്ന വന്മരത്തണലിൽ സാഹിത്യത്തിൻ്റെ നിലനിൽപ്പും വികാസവും ഭാഷാസാഹിത്യത്തിൻ്റെ സീമകൾ ലംഘിച്ചുകൊണ്ട് എഴുത്തുകാരെ അടിമകളാക്കുന്നതാണ്. ഒരു എഴുത്തുകാരൻറെ വേരുകൾ തേടേണ്ടത് ആ സാഹിത്യവൻമരത്തിൽ പൂത്തുനിൽക്കുന്ന ഫലങ്ങൾ കണ്ടുവേണം അല്ലാതെ ആ മരത്തണലിൽ ഫലങ്ങൾ ഭക്ഷിക്കാൻ വന്ന പക്ഷപാത രാജകീയാധികാരത്തോടെയാകരുത് രാഷ്ട്രത്തോടാകണം. സത്യത്തെ ഉപാസിച്ച ഭരണകൂട- മതഭ്രാന്തിനെതിരെ ശബ്ദദിച്ച രക്തസാക്ഷികളായ ഗോവിന്ദ് പൻസാരെ, പ്രൊഫ.എം.എം. കൽബുർഗി, ഡോ. നരേന്ദ്ര ധാബോൽക്കർ, ഗൗരി ലങ്കേഷ് തുടങ്ങിയ വരെ ഗൂഡ തന്ത്ര അധികാര കേന്ദ്രങ്ങളിലൂടെ പുരസ്‌കാരങ്ങൾ നേടി മുക്തകണ്ഠമായ പ്രശംസ നേടിയവർ മറക്കരുത്.
സാംസ്കാരിക രംഗത്തു് നടക്കുന്ന വ്യക്തമായ വിധിനിർണ്ണയങ്ങൾ, വിവാദങ്ങൾ ശ്രീ. ടി. പദ്‌മനാഭൻ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രതിഭയുടെ പ്രാധാന്യം കാണുന്നത് അനീതി അസത്യത്തിനെതിരെ പ്രതികരിക്കുന്നതി ലാണ് കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങളടക്കം എന്തെല്ലാം കൊടുംക്രൂരതകൾ നടക്കുന്നു. ഇന്നുവരെ രാഷ്ട്രീയ അക്കാദമി- ജ്ഞാനപീഠ പുരസ്‌കാരമടക്കം നേടിയിട്ടുള്ള എത്രയോ എഴുത്തുകാരുണ്ട്. മണ്മറഞ്ഞ എം.ടി.യുടെ ഒരു വാചകമൊഴിച്ചാൽ ആരെങ്കിലും പ്രതികരിച്ചു കണ്ടിട്ടുണ്ടോ? ഒരു എഴുത്തുകാരൻ്റെ ഔന്നത്യം എന്താണ്? ഹിമാലയ പർവ്വത നിരകളുടെ, മരുഭൂമിയുടെ സമഗ്ര സൗന്ദര്യം അവതരിപ്പിക്കലാണോ?
ഏതൊരു പ്രതിഭക്കും സാമൂഹ്യ തിന്മകൾ പുതുമയുള്ള വിഷയങ്ങളാണ്. സമുഹത്തിന്റെ വികാസപ രിണാമങ്ങൾ വീക്ഷിക്കുന്ന എഴുത്തുകാരൻ അധികാരികളുടെ ഗർവ്വ്, അഹങ്കാരം, അന്യായം മൗനികളായി കണ്ടുനിൽക്കുന്നരോ അവരുടെ അപ്പക്കഷണത്തിനായി കാത്തുനിൽക്കുന്നവരുമല്ല. പല എഴുത്തുകാർക്കും ഒരു പ്രതിഭയുടെ ശക്തിയും സവിശേഷതകളും മഹത്വവും ഇന്നുമറിയില്ല. കേരളത്തിൽ കണ്ടുവരുന്നത് വ്യക്തി പൂജയും പ്രശംസയുമാണ്. നാട് വാഴുന്നോർക്ക് വളയണിഞ്ഞു നിന്നാൽ, വാഴ്ത്തിപ്പറഞ്ഞാൽ പാട്ടും പട്ടും പുടവയും കിട്ടും. ഇങ്ങനെ രാഷ്ട്രീയ പുരസ്‌കാര പദവികൾ ലഭിക്കുന്നവർക്ക് അവിടുത്തെ മാധ്യമങ്ങളും അമിത പ്രാധാന്യം നൽകുന്നു. വിത്തിനൊത്ത വിളപോലെ സോഷ്യൽ മീഡിയ അതേറ്റെടുത്തു് കാറ്റിൽ പറത്തുന്നു. ആത്മസമർപ്പണമുള്ള എഴുത്തുകാർ എന്തുകൊണ്ടാണ് സമൂഹത്തിൽ കാണുന്ന നീറുന്ന വിഷയങ്ങളെ രാഷ്ട്രീയ വിജ്ഞാനംകൊണ്ടെങ്കിലും നേരിടാത്തത്.
ഒരു എഴുത്തുകാരൻ്റെ വ്യക്തിത്വ മഹത്വമറിയാൻ ലോകം കണ്ട മഹാനായ റഷ്യയുടെ രാഷ്ട്ര പിതാവ് ലെനിനെ പഠിച്ചാൽ മതി. അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച ലോക പ്രശസ്‌ത ടോൾസ്റ്റോയി, മാക്‌സിംഗോർക്കി ഇവരൊന്നും പുരസ്‌കാര പദവികൾക്കല്ല പ്രാധാന്യം നൽകിയത് അതിലുപരി പാവപ്പെട്ട മനുഷ്യരുടെ കണ്ണീരും ദാരിദ്ര്യവും തൊഴിലാളികളുടെ നീറുന്ന വിഷയങ്ങളായിരിന്നു. ലെനിൻ ലണ്ടനിൽ കഴിയുമ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിലെ ധാരാളം പുസ്‌തകങ്ങൾ വായിക്കുകയും വിദേശത്തിരിന്നുകൊണ്ട് സർ ചക്രവർത്തിക്കതിരെ പൊരുതുന്ന ബോൾഷെവിക്കുകൾക്ക് നേതൃത്വം നൽകുകയും ചെയ്‌തു. അദ്ദേഹം ഒളുവിലിരുന്ന് എഴുതിയ ‘ഭരണകൂടവും വിപ്ലവവും‘ വായിച്ചാൽ എം.മുകുന്ദനും ടി.പദ്‌മനാഭൻ പറഞ്ഞതിൻ്റെ ആർക്കൊപ്പം നിൽക്കണമെന്നതിന്റെ പൊരുൾ മനസ്സിലാകും. നമ്മുടെ പല എഴുത്തുകാരും കണ്ണുണ്ടെങ്കിലും കാണാത്തവരെപോലെ ജീവിക്കുന്നത് കാണാം. ആ തെളിച്ചമുള്ള കണ്ണുകൾ കാണണമെങ്കിൽ പാശ്ചാത്യ സാഹിത്യം പഠിക്കണം. ഒരു കൂട്ടർ പഠിച്ചത് മഹാന്മാരായവരുടെ സാഹിത്യ സൃഷ്ടികൾ ഇംഗ്ലീഷ് മലയാള പരിഭാഷയിൽ നിന്ന് എങ്ങനെ ഒരു കൃതി തൻ്റെ പേരിലാക്കാമെന്ന ഗവേഷണമാണ് നടത്തുന്നത്. മലയാളികളുടെ തലയിൽ കെട്ടിവെച്ചിരിക്കുന്ന പല പ്രശസ്‌തരുടെ കൃതികൾക്ക് വിദേശ കൃതികളുമായി ഒരു ആത്മബന്ധമുള്ളത് പലർക്കുമറിയില്ല. അതൊക്കെ വിവാദമാക്കാൻ സാംസ്‌കാരികബോധമുള്ളവർ ശ്രമിക്കാറുമില്ല. നോർവേ നൊബേൽ സമ്മാന ജേതാവ് നട്ട് ഹംസൻ്റെ ‘വിശപ്പ്‘, ഫ്രാൻസിലെ വിപ്ലവപോരാളി വിക്ടർ യുഗോയുടെ ‘പാവങ്ങൾ’ തുടങ്ങി എത്രയോ ഭാഷകളിൽ നിന്ന് അടിച്ചുമാറ്റി സാഹിത്യ സൃഷ്‌ഠികൾ ഇറക്കുന്നവർക്ക് സർക്കാർ അക്കാദമി രാഷ്ട്രീയ പുരസ്‌കാരങ്ങൾ (അക്കാദമിയിൽ തുടങ്ങി ജ്ഞാനപീഠം വരെ) ഏറ്റുവാങ്ങുന്ന പ്രതിഭാസം കാണുമ്പോൾ ഈ രംഗത്ത് നടക്കുന്ന സാഹിത്യത്തിൻ്റെ മഹത്തായ മൂല്യനിർണ്ണയ പിഴവുകൾ വിശാലമായ അർത്ഥത്തിൽ സഗൗരവം ആരെങ്കിലും പഠിക്കുന്നുണ്ടോ? എൻ്റെ വിമർശനം പുരസ്‌കാരങ്ങൾ അടിച്ചുമാറ്റുന്നവരെപ്പറ്റിയാണ് അല്ലാതെ പ്രമുഖ സർഗ്ഗ പ്രതിഭകളെപ്പറ്റിയല്ല. മനുഷ്യർക്ക് തുല്യനീതിക്കായി പൊരുതുന്ന എഴുത്തുകാർക്ക്പോലും തുല്യ നീതി ലഭിക്കുന്നില്ല. ഇതാണോ നമ്മുടെ പുരോഗമനാത്മക കാഴ്‌ചപ്പാടുകൾ?
ഈ വ്യക്തിഗത രാഷ്ട്രീയ പക്ഷപാത വീക്ഷണം അല്ലെങ്കിൽ സാംസ്‌കാരിക ജീർണ്ണതകൾ ആരെങ്കിലും സാഹിത്യ പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ? ഈ അടിച്ചമർത്തൽ – അടിമത്വ- അടിച്ചുമാറ്റൽ നടക്കുന്നതിനിടയിൽ പ്രവാസ സാഹിത്യങ്ങൾ മലയാളത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനം ആരെങ്കിലും അപഗ്രഥിച്ചിട്ടുണ്ടോ? കോലെടുത്തവരെല്ലാം മാരാന്മാരാകുന്നതുപോലെ സംഘടനകൾ വാഴുന്നത് കൊടിയുടെ നിറവും, വോട്ടുപെട്ടിയും, നക്കാനുള്ളതും നോക്കിയാണ്. ചുരുക്കത്തിൽ ഈ അധികാര വലയത്തിന് പുറത്തു് നിൽക്കുന്ന എഴുത്തുകാരുടെ ദുരവസ്ഥയും ശ്രീ. എം. മുകുന്ദൻ പറഞ്ഞതുമായി കൂട്ടിവായിച്ചാൽ കൂട്ടുകൂടിയാൽ കൂടുതൽ കിട്ടുമെന്നാണ്. ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും സമൂഹത്തിൽ വർദ്ധിച്ചു് വരുന്ന സാമൂഹ്യ ദുരന്തങ്ങളെപ്പറ്റി ഒരു വാക്ക് എഴുതാത്ത സാംസ്‌കാരിക നായകന്മാർ കുരുട്ടുകണ്ണിന് മഷിയെഴുതുന്നവരായി മാറുന്നത് അറിവുള്ളവർ അറിയുമെന്നറിയുക.
കാരൂർ സോമൻ (ചാരുംമൂടൻ)