ന്യൂ ഡൽഹി: ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം രാജിവച്ച സിറ്റിംഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും. വരും ദിവസങ്ങളിൽ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിൽ സജീവമാകുമെന്ന് രാജിവെച്ച എംഎൽഎമാര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎൽഎമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നൽകി.
ഗിരീഷ് സോണി (മാദിപൂർ), രോഹിത് മെഹ്‌റൗലിയ (ത്രിലോക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), രാജേഷ് ഋഷി (ജനക്പുരി), നരേഷ് യാദവ് (മെഹ്‌റൗലി), ഭാവന ഗൗർ (പാലം), പവൻ കുമാർ ശർമ (ആദർശ് നഗർ), ബിഎസ് ജൂൺ (ബിജ്വാസൻ), അജയ് റായ് കൗൺസിലർ, (വാർഡ് 137). എന്നിവരാണ് ബിജെപിയിലെത്തിയത്. സീറ്റ് നിഷേധിച്ച 8 എംഎൽഎമാരുടെ രാജി കെജ്‌രിവാളിനെയും സംഘത്തെയും ആശങ്കയിൽ ആക്കിയിരുന്നു. ഇതിനിടെയാണ് ഇവര്‍ ബിജെപിയിൽ ചേര്‍ന്നത്. ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിങ് എംഎൽഎമാർക്ക് ആം ആദ്മി പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് എട്ട് എംഎൽഎമാര്‍ രാജിവെച്ചത്. അതേസമയം, എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി വാദം.