Sunday, April 13, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കാമനും കാലനും ചങ്ങാതികൾ
കാമനും കാലനും ചങ്ങാതികൾ

കാമനും കാലനും ചങ്ങാതികൾ

by Editor
Mind Solutions

സ്വാമി വിവേകാനന്ദൻ കേരളത്തെ നോക്കി മതഭ്രാന്തന്മാർ എന്ന് വിളിച്ചെങ്കിൽ ഇന്ന് വിളിക്കേണ്ടത് കാമഭ്രാന്തന്മാരുടെ നാടെന്നാണ്. കുറെ മനുഷ്യരുടെ പഴുത്തു ചീഞ്ഞ മലീമസമായ ചിന്തകളാണ് നടി ഹണി റോസിന്റെ ലൈംഗിക പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. തലയില്ലാത്ത സോഷ്യൽ മീഡിയയടക്കം പശുവിനു് പ്രസവവേദന മറ്റൊരു കൂട്ടർക്ക് കാളയ്ക്ക് കാമവേദന ഇതാണ് ഈ കൂട്ടരുടെ മനോസംസ്കാരം. പത്തനംതിട്ട ജില്ലയിൽ അറുപതിലേറെ പേർ ചേർന്ന് ഒരു ദളിത് കായിക താരത്തെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് തുടരുന്നു. വാളയാർ പെൺകുട്ടികൾ കൊലചെയ്യപ്പെട്ടത്, വണ്ടിപ്പെരിയാർ പിഞ്ചു പൈതൽ ഇങ്ങനെ കേരളത്തിൻ്റെ മുക്കിലും മൂലയിലും പച്ചപ്പുല്ല് കണ്ട പശുവിനെപോലെ കാമഭ്രാന്തന്മാർ വിലസുന്നത് വിദേശ മലയാളികൾ ആശ്ചര്യത്തോടെ കാണുന്നു. ഈ കാമരോഗികളുടെ ശിരസ്സിൽ ചുംബിച്ചു് താലോലിക്കുന്നത് ആരാണ്? നവോദ്ധാനം പ്രസംഗിക്കുന്ന നാട്ടിൽ ഹേമ കമ്മിറ്റി പുറത്തു വിട്ട, ആക്രമിക്കപ്പെട്ട സ്ത്രീകളുടെ പരാതിയിൽ സിനിമ കാമഭ്രാന്തന്മാരിൽ ആരെങ്കിലും ജയിൽ വാസമനുഭവിക്കുന്നുണ്ടോ? സിനിമ രംഗം മാത്രമല്ല സ്വന്തം വീട്ടിലും തൊഴിലിടങ്ങളിലും പെൺകുട്ടികളടക്കം പീഡനങ്ങൾ തുടരുന്നു. സുന്ദരമായ കേരളത്തെ വൈകൃതമുള്ള ലൈംഗിക വഷളന്മാരുടെ കൊടുങ്കാടായി വളർത്തുന്നു. കാമന് കണ്ണില്ലെങ്കിൽ നിയമത്തിന് കണ്ണില്ലേ?

കേരളത്തിലെ എഴുത്തുകാരെപോലെ സ്ത്രീകളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ട് കാലങ്ങൾ ഏറെ യായി. ചെന്താമര പുക്കൾപോലെ പുഞ്ചരിവിടരുന്ന പല മുഖങ്ങളും അസഹ്യമായ മനോവേദന പ്രകടമാ ക്കാതെ നമ്മുടെ മുന്നിലൂടെ സഞ്ചരിക്കുന്നു. ലൈംഗിക അരാജകത്വം നേരിടുന്ന നാട്ടിൽ സ്ത്രീകൾ ഭയം, ഭീതി, ഒറ്റപ്പെടൽ, നിശ്ശബ്ദത അവരെ മാനസിക രോഗികളാക്കുന്നു. സ്‌കൂളിൽ പോകുന്ന പെൺകുട്ടികളെയോർത്തു് വീടുകളിൽ ആശങ്കാകുലരായി ജീവിക്കുന്ന അമ്മമാർ. ഈ അത്യാധുനിക യുഗത്തിലും ഭീതിജനകമായ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകളാണ് കേൾക്കുന്നത്. ഒരു നടിയുടെ പരാതിയെക്കാൾ എത്രയോ പിഞ്ചുപെൺകുട്ടികളോടെ കാട്ടുന്ന കഠോരതകൾ നമ്മൾ കാണുന്നു. കേരളത്തിൽ സ്ത്രീകൾ മാറ് മറക്കാതെ നടന്നൊരു കാലമുണ്ടായിരുന്നു. അതിനെയാരും മാധുര്യത്തോടെ കണ്ടിരുന്നില്ല. അവർ ശീതളമായ കുറ്റിക്കാടുകളിലൂടെ സഞ്ചരിച്ചപ്പോൾ അവിടെയെങ്ങും കാമദേവന്മാരെ കണ്ടില്ല. ഇന്ന് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമ ദുർവിധി സ്ത്രീകളോടുള്ള അവഗണനയാണ്. സ്ത്രീ സുരക്ഷ ഇല്ലാത്തതിന്റെ തെളിവാണ്. വികസിത രാജ്യങ്ങളിൽ സ്ത്രീകൾക്ക് നേരെ വികാരശൂന്യമായ ഒറ്റ നോട്ടത്തിൽ അവൻ അകത്താകും ഇല്ലെങ്കിൽ കരണത്തടി കിട്ടുമെന്നുറപ്പ്. ഒരു നോട്ടത്തെപോലും അവർ ലാഘവത്തോടെ കാണാതെ ചങ്കൂറ്റത്തോടെ കാണുന്നു. പെൺകുട്ടികളടക്കം അവർ ഭീരുക്കളുമല്ല. അതിനവരെ പ്രാപ്‌തരാക്കിയത് അവരുടെ വായനയും, സാംസ്‌കാരിക വളർച്ചയും വിദ്യാഭ്യാസവുമാണ് കേരളത്തിൽ കുളത്തിലെ താവളകളെ പോലെ, കുടത്തിലകപ്പെട്ട വിത്തുകൾപോലെ ജീവിക്കുന്ന കുറെ കൊഞ്ഞാണന്മാർക്ക് ലോകമെന്തന്ന് അറിയില്ല. കുടത്തിലാക്കപ്പെട്ട ഈ മുളകൾ എന്ന് മുളക്കുമോ?

ഇന്ത്യൻ സ്ത്രീകൾ ധാരാളം മാനസിക സംഘർഷങ്ങൾ അനുഭവിക്കുമ്പോൾ പാശ്ചാത്യ സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അവർ സ്വന്തം ഭർത്താവിനോടുപോലും അധിക വിധേയത്വം കാണിക്കുന്നവരല്ല. അവർ എന്ത് വസ്ത്രം ധരിക്കണമെന്നുപോലും അഭിപ്രായം പറയില്ല. കാരണം അത് പൊട്ടിത്തെറിയിലെത്തുമെന്നും ഭാര്യ ഭർത്താവിന് കീഴടങ്ങി കഴിയേണ്ടവളല്ല തുല്യ പങ്കാളിയെന്നുള്ള തിരിച്ചറിവാണ്. അതവരിൽ ആശ്വാസവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു. കരുത്തില്ലാത്ത നിയമവാഴ്‌ചയും, അധികാരദുർവിനിയോഗവും നടക്കുന്ന രാജ്യങ്ങളിലാണ് അനീതിയും അധർമ്മങ്ങളും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതും കാണുന്നത്. എല്ലാം ദേശത്തും പോലീസ് സ്റ്റേഷനുള്ള ഒരു രാജ്യത്തു് നീതി ലഭിക്കണമെങ്കിൽ അധികാരത്തിലിരിക്കുന്നവരുടെ ആനുകൂല്യം വേണം. നേരിൽ പോയി പരാതി കൊടുക്കണം. ഇല്ലെങ്കിൽ ഇരയുടെ നൊമ്പരം തിരിച്ചറിയില്ല. ഇത് വേട്ടക്കാരെ വളർത്തുന്ന സംവിധാനമാണ്. ഇങ്ങനെയാണോ സാമൂഹ്യ നീതി നടപ്പിൽ വരുത്തേണ്ടത്? കാലത്തിനൊത്ത കോലങ്ങളായി കോടതി, പോലീസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ എന്തിനാണ്?

സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സവർണ്ണ മേലാളന്മാർ, ഒളിഞ്ഞും മറഞ്ഞും അവഹേളിക്കുന്നവർ അവളുടെ കവിളെല്ലുകൾ ഉന്തിനിൽക്കുന്നുണ്ടോ, നീണ്ട മുടിയുണ്ടോ, പുരികമുണ്ടോ, സ്‌തനങ്ങൾ തുടുത്തു നിൽക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണം. നടിമാരുടെ അരമുറി വസ്ത്രം, അവരുടെ നഗ്‌നത സിനിമയിൽ കണ്ടാൽ ഇമവെട്ടാതെ നോക്കി പുളകം കൊള്ളുന്ന ഈ കാമരോഗികളെ തടവറയിൽ അടയ്ക്കുകയാണ് വേണ്ടത്. ഒരു വ്യക്തിയുടെ സ്വാതന്ത്യ്രത്തിൽ ഇത്ര വൈകാരികമായ അഭിനിവേശമെന്തിനാണ്? ഈ രണ്ട് കൂട്ടരും അവരുടെ മേഖലയിൽ കപടവേഷധാരികളെന്ന് സിനിമാപ്രേമികൾക്ക് അറിയില്ലെങ്കിൽ വിവരമുള്ളവർക്കറിയാം. ഇവരുടെ ഉദ്ഘാടന പരിപാടികളിൽ കൂട്ടം കൂടുന്നത് ആരാണ്? ഇന്ത്യയിൽ നഗ്‌നരായി ജീവിക്കുന്ന ഒരുപറ്റമാളുകളില്ലേ? അവരുടെ മൗലികാവകാശങ്ങളിൽ ആർക്കും പരാതിയില്ല. ലോകമെങ്ങും സ്ത്രീകൾ നിക്കറും ബനിയനുമിട്ട് പുരുഷന്മാരെപ്പോലെ ജീവിക്കുന്നില്ലേ? സമൂഹത്തിൽ വെറുപ്പും സ്‌പർദ്ധയും വളർത്തുന്നവരും ചാനൽ ചർച്ചകളിൽ ജനങ്ങളുടെ പൊതുബോധ സംസ്‌കാരമറിയാത്തവരും മനസ്സിലാക്കേണ്ടത് ഈ രണ്ട് കൂട്ടരുടേയും മനസ്സുകൾക്കിടയിലെ മതിലുകൾ എങ്ങനെ പൊളിഞ്ഞു?

സമ്പന്നന്മാരുടേയും, ദന്തഗോപുരങ്ങളിലെ രതിലീല സുഖഭോഗങ്ങളിൽ മുഴുകി കഴിയുന്നവരുടെയും ധനവിനിയോഗ ചരക്കുകളായി സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ, സാധാരണ സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ കാക്ക ഓട്ടക്കലത്തിൽ നോക്കുംപോലെ ഒരു നടിയുടെ പരാതിയിൽ ചാനലുകൾപോലും നോക്കിയിരിക്കുന്നത് എന്ത് മാധ്യമ സംസ്‌കാരമാണ് ഇങ്ങനെ പീഡനങ്ങൾ നേരിടുന്ന പുരുഷന്മാരുടെ പരാതികൾ കൊട്ടിഘോഷിക്കാറില്ല. എത്രയോ സ്ത്രികൾ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരിൽ കുതന്ത്ര കഥകൾ മെനഞ്ഞു് പുരുഷന്മാരെ അപമാനിക്കുന്നു. കേസെടുക്കുന്നു. പീഡനങ്ങൾക്ക് ഇരയായ എത്രയോ സ്ത്രീകളുടെ പരാതികൾ വെളിച്ചം കാണാതെയുറങ്ങുന്നു. എത്രപേരെ അറസ്റ്റു ചെയ്‌തു? അതിനൊന്നും നേരമില്ല. എണ്ണം പെരുപ്പിക്കുന്ന ചാനലുകളുടെ ഇരട്ടത്താപ്പ് നിറുത്തുക. വർഷങ്ങൾക്ക് മുമ്പ് ഒരു നടി മൃഗീയമായി ആക്രമിക്കപ്പെട്ടത് ഇന്ന് എവിടയെത്തി നിൽക്കുന്നു? മതങ്ങളിലെ ദുരാചാരങ്ങൾപോലെ ഇന്ത്യൻ സ്ത്രീകളുടെ ദുർവിധി പുരുഷമേധാവിത്വം തന്നെയല്ലേ?

ഒരു നടിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയിൽ എത്ര വേഗത്തിലാണ് എതിർ കക്ഷിയെ അറസ്റ്റ് ചെയ്‌തത്‌? ഈ പരിരക്ഷ മാനസികവും ശാരീരികവുമായി പീഡനങ്ങൾ ഏറ്റുവാങ്ങുന്നവർക്ക് എന്തുകൊണ്ട് ലഭിക്കുന്നില്ല? ഇങ്ങനെ അടിയന്തരമായി ലൈംഗിക വൈകൃതമുള്ളവരെ ജാമ്യം കൊടുക്കാതെ ജയിലിൽ പാർപ്പിച്ചിരിന്നുവെങ്കിൽ ദുഃഖത്തിൻ്റെ ചുളിവുകൾ സ്ത്രീകളുടെ മുഖത്തു് കാണില്ലായിരുന്നു അതുമല്ല ഒരു പൗരൻ്റെ പൗര സ്വാതന്ത്ര്യത്തെ ഹനിച്ചാൽ ഏത് അധികാരഗോപുരത്തിൽ ഇരിക്കുന്നവനായാലും കപടമായ മുടന്തൻ ന്യായങ്ങൾ കേൾക്കാതെ അഴിക്കുള്ളിലാക്കുമെന്നുള്ള അടയാളക്കൊടി ഓർക്കുമായിരിന്നു. നമ്മൾ കാണുന്നത് വിശ്വസ്‌തസേവകർ, ഉപജാപകസംഘം സ്ത്രീപീഡകരായാൽ സ്വാർത്ഥതയുടെ തത്വശാസ്ത്രം നിരത്തി നിയമങ്ങളെ അവഹേളിക്കുന്നതാണ്. അത് മലവെള്ളംപോലെ വന്ന് പാവം സ്ത്രീകളെ വേട്ടയാടുന്നു. ഇത് വീടുകളിൽ, ജോലി ചെയ്യുന്ന സിനിമ മേഖലകളടക്കം എല്ലാം രംഗങ്ങളിലും കാണുന്ന അധികാരശക്തികളുടെ വിളയാട്ടങ്ങളാണ്. സ്ത്രീകളുടെ മാറിടം കണ്ടാൽ വിവേകം അപ്രത്യക്ഷമായി മലിന മോഹങ്ങൾ കാമാസക്തിയായി മാറ്റി സ്ത്രീകളെ പീഡിപ്പിക്കുന്ന ഈ പകൽമാന്യന്മാരെ ഇപ്പോഴും കേരള ജനത മനസ്സിലാക്കുന്നില്ല. അധികാരമുള്ളതുകൊണ്ടാണ് ഈ നായ്ക്കൾക്ക് മണികെട്ടാൻ പലരും മുന്നോട്ട് വരുന്നത്. സാക്ഷരതയിൽ ഉന്നതരെന്ന് വീമ്പിളക്കുന്നവരിൽ ലൈംഗിക അറിവില്ലായ്‌മ വളരുന്നത് അക്ഷരത്തിന്റെ, വിദ്യാഭ്യാസത്തിൻ്റെ കുറവ് തന്നെയാണ്. സ്ത്രീകളെ വാണിജ്യവൽക്കരിക്കുന്നവർക്കെതിരെ സമൂഹം മൗനമാണ്. ഇതാണോ നമ്മുടെ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതി? സമൂഹത്തോട് പ്രതിജ്ഞാബദ്ധരായിട്ടുള്ളവർ യാഥാർഥ്യങ്ങളുടെ സൂക്ഷ്‌മത കണ്ടെത്തി പരിഹാരം കാണുകയാണ് വേണ്ടത്. സ്ത്രീകളെ കാഴ്ചവ സ്തുവായി, വില്പനച്ചരക്കായി, അടിമപെണ്ണായി കാണാതെ പുരുഷന്മാർക്കുള്ള തുല്യതകൊടുത്തു് അവരുടെ മുറിവിൻ്റെ നീറ്റലുകൾ അകറ്റുകയാണ് വേണ്ടത്. അതിന് കൃത്യമായ മൂല്യബോധമുള്ള ഭരണാധിപന്മാരുണ്ടാകണം, നിയമനടപടികൾ ശക്തമാക്കണം.

കാരൂർ സോമൻ (ചാരുംമൂടൻ)

Top Selling AD Space

You may also like

error: Content is protected !!