ഒരുനാൾ ഞാൻ യാത്ര പറയാതെ അങ്ങ് പോയാൽ നീ എന്തുചെയ്യും? കൂടെ മരിക്കുമോ?
മരിക്കണ്ടേ?
ബഷീറിന്റെ ബാല്യകാലസഖിയിൽ സുഹറ മരിച്ചപ്പോൾ മജീദ് കൂടെ മരിച്ചോ? ലോകത്തിന് എന്തെങ്കിലും സംഭവിച്ചോ?
ഞാൻ “ആ സുഹറയല്ല…”
അനുരാഗത്തിന്റെ ദിനങ്ങളിൽ സരസ്വതി ബഷീറിനെ വിട്ടുപോയപ്പോൾ ബഷീർ തീവണ്ടിക്ക് തല വെച്ചില്ല. മതിലുകളിലെ ദാക്ഷായണി വയസ്സായിട്ടാണ് മരിച്ചത്.
എനിക്ക് വയസ്സാവുംവരെ ജീവിക്കേണ്ട. എന്ത് കാര്യത്തിന് നീട്ടി വലിക്കണം?
മാർകിസിന്റെ കൊളറാക്കാലത്തെ പ്രണയം വായിച്ചിട്ടുണ്ടോ?
ഉണ്ടെങ്കിൽ?
ഭൂമി ഉണ്ടായ കാലം മുതൽ രോഗവും മരണവും ഉണ്ട്.
ഉണ്ടെങ്കിൽ?
പറഞ്ഞന്നേയുള്ളൂ… ആളുകൾ മരിക്കുമ്പോൾ കൂടെ മരിക്കയല്ല വേണ്ടതെന്ന്.
അസുഖം ബാധിച്ചവരെ നോക്കണമെന്നും അഥവാ മരിച്ചാൽ നേരിടണമെന്നും അറിയാം. അതിന് പുസ്തകം വായിക്കുന്നതെന്തിന്?
മനുഷ്യൻ അത്യാഗ്രഹിയാണ്. എത്ര കിട്ടിയാലും തൃപ്തി ഉണ്ടാവില്ല. അതിവിചിത്രമായ ഒരു അതൃപ്തി അവനിൽ എന്നുമുണ്ട്.
ഓ… സ്നേഹിക്കാനുള്ള ആഗ്രഹത്തെയാണോ ഈ “അതിവിചിത്ര അതൃപ്തി” കൊണ്ട് നിസ്സാരവൽക്കരിച്ചത്?
അല്ലല്ലോ… വീണ്ടും വീണ്ടും എന്ന അത്യാഗ്രഹത്തെ… ആന്റണി സ്റ്റോറിന്റെ പുസ്തകത്തിൽ അത് പറയുന്നുണ്ട്.
പൂരണം ചെയ്യപ്പെടാത്ത എന്തോ ഒന്നിനെപ്പറ്റി….
ഏതാണാവോ ആ പുസ്തകം?
Dynamics of Creation…
ഓഹോ…. ഡയനമിക്സ് ഓഫ് ലവ് അറിയാമോ…
നീ അറിയിക്കുന്നുണ്ടല്ലോ…
സന്തോഷം. അതിൽ End of Realism ഉണ്ട്.
എല്ലാം അവസാനിക്കും ഒരിക്കൽ. പരീക്കുട്ടിയും കറുത്തമ്മയും എടുത്തങ്ങു ചാടിയത് മരണത്തിനൊരു സുഖമുള്ളതിനാൽ ആയിരിക്കുമല്ലോ…
അതിൽക്കൂടുതൽ സുഖമുണ്ട് ജീവിതത്തിന്… നേട്ടങ്ങൾക്കുള്ള പ്രയാണത്തിന്… ഓർമ്മകളുടെ സൂചികയ്ക്ക്…
ഓർമ്മകളിൽ ജീവിക്കാൻ വയ്യ. ഓർമ്മസൂചികൾ കുത്തിത്തറച്ചു മരിക്കാതെ മരിക്കും. ആ വേദന സഹിക്കാൻ വയ്യ.
ഓർമ്മകളുടെ സൂചി തറച്ച വേദനയെപ്പറ്റി ഒരു ഇതിഹാസം എഴുതിയവനാണ് വിജയൻ.
‘ഒരുച്ചത്തണലിൽ എവിടെയോ രവിയുടെ ഓർമ്മകൾ തുടങ്ങുന്നു…. ‘
നിന്നെയോർത്തു ദുർബലമായി പിന്നെയും പിന്നെയുമോർത്തു ഞാനിവിടെ കിടക്കുന്നു….’
‘വിയർത്തടങ്ങുന്ന പനി പോലെ ഓർമ്മകൾ രവിയെ തെല്ല് ശാന്തനാക്കിയിരുന്നു….’
നീ വായിച്ചിട്ടില്ലേ ഖസാക്കിനെ?
ഉണ്ട്.
(കുറേനേരം മൗനം.)
ജീവിതം ഒരു ഫിക്ഷൻ ആണല്ലേ…?
(മൗനം)
ഏണസ്റ്റ് ഹെമിംഗ് വേ യുടെ ഏറ്റവും ചെറിയൊരു കഥയുണ്ട്.
“For sale: Baby Shoes, Never Worn… “ എന്ന്… അതിനെ വേണമെങ്കിൽ നമുക്കിങ്ങനെ മാറ്റി എഴുതാം… “For sale: Our Lives, Never Used” എന്ന്
നിങ്ങളിൽ കുറെ ഭാഗം ഇപ്പോഴും മനുഷ്യനാണ്. കുറെ ഭാഗങ്ങൾ ഇനിയും മനുഷ്യനാവാൻ ബാക്കിയുണ്ട്.
മനസ്സിലായില്ല!
സ്വന്തം സത്ത തേടി മൂടൽമഞ്ഞിലൂടെ ആണ്ടുപോകുന്ന, നിദ്രാടനം ചെയ്യുന്ന ഒരു പിഗ്മിയാണ് നിങ്ങൾ.
മനുഷ്യനെ കണ്ടാൽ പേടിക്കുന്ന യതി. ആ യതിയാണ് ആ ഭീതിയാണ് മുഴുവൻ മനുഷ്യനാവുന്നതിൽ നിന്നും നിങ്ങളെ തടയുന്നത്. ഞാൻ ജിപ്സിയും പിഗ്മിയുമല്ല. മനുഷ്യനാണ്.
മരണം എന്നെ തകർക്കുന്ന ചൂളയാണ്.
അതുകൊണ്ട്?
ജീവിതമില്ലെങ്കിൽ മരണത്തിലേക്ക് ഖലീൽ ജിബ്രാന്റെ മാലാഖയുടെ ചിറകുകൾ കടം വാങ്ങി ഞാൻ പറക്കുമെന്ന്…..
ഭീരുവല്ലെങ്കിലും ധീരയും അല്ലല്ലേ….
എനിക്ക് വേണ്ടിടത്തോളം ധീരത എനിക്കുണ്ട്.
കാണട്ടെ… ജീവിച്ചു കാണിക്ക്….
പിന്നീട് അവർ ആ വഴിനീളെ നടന്നു. പരസ്പരം ഹൃദയത്തിലേക്ക് നോക്കി മുന്നോട്ട് മുന്നോട്ട്…..
നീ ‘ആ സുഹറയാണോ….?
(മൗനം)
ഫയദോറിന്റെ അന്ന?
(മൗനം…)
സായാഹ്നത്തിലേക്ക് ഒരു കാന്തവിളക്കെരിയിച്ചു നടന്നുവരുന്ന ഇളം വിരലുകൾ ആവാൻ…?
ആരുടെ സായാഹ്നത്തിലേക്ക്…?
എന്റെ … അല്ലാതാരുടെ… മിഷിമയുടെ കഥയിലെ ആയിരം പടികൾ കയറാൻ ആഗ്രഹിച്ചിട്ടും ആദ്യ പടിയിൽ തന്നെയിരിക്കുന്ന എന്റെ…
വരൂ…. അവൾ കൈകൾ നീട്ടി.
ആവണമെന്നുണ്ട്…
ഒരു സുഹറ…
ഒരു ഉമ്മാച്ചു…
ഒരു നീരജ…
ഒരു സിബൽ…
ഒരു മൈമൂന…
ഒരു സിൻഡ്രല്ലാ….
ഒരു സ്‌നോവൈറ്റ്….
ഒരു അന്ന ഗ്രീഗറിന സ്നിറ്റ്കിനാ…
ഒരുവൾ…
ആരുമല്ലാത്തവൾ…
ആർക്കോ എല്ലാമായവൾ…..
സന റുബീന