1. മുടിയുടെ ഓളം, നീളം, വർണ്ണം ഇവയൊക്കെ ഗംഭീരമാക്കി തരാനുള്ള പലവിധ, എണ്ണ, ഷാമ്പു, ഹെഡ് പായ്ക്ക് ചികിത്സകരുടെ പ്രലോഭനങ്ങളിൽ നിന്ന് അകലം പാലിക്കുക. കതിരിൽ കൊണ്ടുപോയി വളം വച്ചിട്ടെന്തിന്? അത്യാവശ്യമെങ്കിൽ ഒരു പെർമനന്റ് വിഗ് വാങ്ങി ഫിറ്റ് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു തുടങ്ങി.
2. ഓൺലൈനിൽ ചിലപ്പോൾ ഫ്രീ ആയും മറ്റുചിലപ്പോൾ പേ ചെയ്തും കിട്ടുന്ന ചില കോഴ്സുകളാണ്. അടുത്തത്. ‘ഈ ഒറ്റ ഇല കൊണ്ട് പ്രമേഹം കംപ്ലീറ്റ് മാറ്റാം, ഈയൊരു ഫ്രൂട്ട് ഒഴിവാക്കിയാൽ പ്രമേഹം വരുതിയിലാകും. ഈ അഞ്ചു കാര്യങ്ങൾ എല്ലാ ദിവസവും ചെയ്താൽ പ്രഷർ കൊളസ്ട്രോൾ ഷുഗർ ഇവയിൽ നിന്നും മോചനം. ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർ ആയിട്ട് പോലും ഇത്തരം പ്രലോഭനങ്ങളിൽ ഞാൻ പലപ്പോഴും വീണു പോകാറുണ്ട്. പിന്നെ ചിലത് ഓൺലൈൻ കോഴ്സുകൾ ആണ്. എല്ലാം ആരോഗ്യവും, സൗന്ദര്യവുമായി ബന്ധപ്പെട്ടവയാണ്. ഒക്കെ വെറും തട്ടിപ്പാണ്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ കോച്ച്മാർ സ്ഥലം വിടും. അല്ലെങ്കിൽ നമുക്ക് zoom, വെബിനാർ ഇവയിലൊന്നും എൻട്രി ഇല്ലാതാക്കും.
3. ഓൺലൈൻ പർച്ചേസ് പലപ്പോഴും യൂസ്ലെസ് സാധനങ്ങൾ ആണ് കിട്ടാറ്. ഇത്തരം തട്ടിപ്പുകളിൽ ഒക്കെ ഞാൻ വീണു പോയേക്കുമെന്ന് ഭയന്ന് ഓൺലൈൻ പർച്ചേസ് ടെക്നിക്സ് ഒന്നും മകൾ പഠിപ്പിച്ചു തന്നിട്ടില്ല. എല്ലാവരോടും കെഞ്ചി ലാസ്റ്റിൽ മരുമോനാണ് അത്യാവശ്യം കുത്തി നോക്കാൻ പഠിപ്പിച്ചത്. പലപ്പോഴും ഓർഡർ കംപ്ലീറ്റ് ആക്കാനും ചെക്ക് ഔട്ട് ചെയ്യാനും എനിക്ക് സാധിക്കാറില്ലാത്തത് മഹാഭാഗ്യം. ഒഴിച്ചുകൂട്ടാൻ വയ്യാത്ത പ്രലോനഭനമെങ്കിൽ മരുമോൻ തന്നെ ആശ്രയം. ഈ 2025-ൽ ഓൺലൈൻ പർച്ചേസ് തീരെ വേണ്ടെന്നു വയ്ക്കുകയാണ്.
4. വായിച്ചുതീരാത്ത, തൊട്ടു നോക്കാത്ത എത്രയോ പുസ്തകങ്ങൾ അവിടെയും ഇവിടെയും ഷെൽഫിലും കവിഞ്ഞൊഴുകുന്നു. ഞാനൊരു ‘Tsundoku’ അല്ലെങ്കിൽ പോലും നല്ലൊരു അളവിൽ Bibilo maniac ആണ്. ഇതൊരു തരം Obsessive Compulsive Disorder ആണെന്ന് എനിക്കറിയാം. ചികിത്സയും കുറവാണ്. ഓൺലൈൻ റീഡിങ്, ഈ ബുക്ക് ഡൗൺലോഡ് ചെയ്ത് വായിക്കുക ഇവ മാത്രമാണ് ഈ അസുഖത്തിന് പരിഹാരമായി പറയപ്പെടുന്നത്. ഈ വർഷം അതൊന്നു ശ്രമിച്ചു നോക്കട്ടെ.
5. കുറച്ചുകൂടി സൂക്ഷിച്ചു നടക്കണം. അവിടെയും ഇവിടെയും ഒക്കെ വീഴാനുള്ള അവസരങ്ങൾ കൂടി വരുന്നു. തലയിൽ സിംഹത്തലക്കെട്ടുള്ള ഒരു വടി നടപ്പ് സഹായിയായി വാങ്ങി വച്ചിട്ടുണ്ട്. പക്ഷേ എപ്പോഴാണ് വീഴുക എന്ന് പറയാൻ വയ്യല്ലോ! അതാണ് പ്രശ്നം. എന്നാലും പരമാവധി സൂക്ഷിച്ചു നടക്കാം. 2024 -ൽ ചെറിയൊരു വീഴ്ച ആയിട്ടു പോലും കാലിലെ ഒരു കുഞ്ഞു വിരലിന്റെ എല്ലൊടിഞ്ഞു. മൂന്നാഴ്ച സ്ട്രാപ്പ് ചെയ്ത് റെസ്റ്റ്. അന്ന് മക്കൾ വാങ്ങിത്തന്നതാണ് ആ നടപ്പുസഹായി വടി.
6. അടുത്തത് മഹാ രസമാണ്. രണ്ടുമാസം കൊണ്ട് 20/kg തൂക്കം കുറച്ചു തരാമെന്ന്. Slimo ഒക്കെ കഴിച്ച് വല്ലാതെ ശുഷ്കിച്ചു പോയവരുടെ പടങ്ങൾ നമ്മെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അതിലൊന്നിലും പെടില്ലെന്ന് ഞാൻ സത്യം ചെയുന്നു.
7. ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ് മുഖ സൗന്ദര്യ വർദ്ധന മേക്കപ്പ് സാധനങ്ങൾ ധാരാളമായി ഇപ്പോൾ പരസ്യങ്ങളിൽ ശല്യമായി വരുന്നു. കുറച്ചൊക്കെ വാങ്ങി നോക്കിയിട്ടുണ്ട്. മുഖകാന്തിക്ക് വലിയ വ്യത്യാസം ഒന്നും വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് തൽക്കാലം ദൈവം തന്നതൊക്കെ മതിയെന്ന് സമാധാനപ്പെടുന്നു.
ഇങ്ങനെ ചില ബലഹീനതകൾ എന്നെ വായിക്കുന്നവർക്കും കണ്ടേക്കാം.. രക്ഷപ്പെട്ടോളൂ..
ഡോ. കുഞ്ഞമ്മ ജോർജ്ജ്