അങ്കമാലി: സിറോ മലബാർ കത്തോലിക്കാ സഭ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസുകാരും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തുന്ന വിമത വൈദികരെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. രാത്രി കിടന്നുറങ്ങിയിരുന്ന തങ്ങളെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെയാണ് കൊണ്ടുവന്നത്. പലരുടെയും മൊബൈല്‍ പിടിച്ചു വാങ്ങി. പ്രായമായ വൈദികർക്ക് ഉള്‍പ്പെടെ മർദ്ദനമേറ്റു. ബിഷപ്പ് ഹൗസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നും വൈദികർ പോലീസിനെതിരെ ആരോപണം ഉന്നയിച്ചു. പൊലീസ് ക്രൈസ്തവ ആലയത്തിൽ കയറി വൈദികരോട് ക്രൂരമായി പെരുമാറുകയും ഒരു വൈദികനെ വെർച്വൽ അറസ്റ്റു ചെയ്യുകയും ചെയ്തെന്നും ഒരു വൈദികൻ പറഞ്ഞു. സമരം ചെയ്യുന്ന വൈദികർക്ക് പിണറായി സർക്കാരാണ് എതിരെന്ന് പൊലീസ് പറഞ്ഞെന്നുമാണ് വൈദികരുടെ ആരോപണം. എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വൈദികർക്കെതിരെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി.
പ്രതിഷേധിക്കുന്ന വൈദികരിൽ 4 പേരെ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിഷേധിക്കുന്ന 21 വൈദികരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. കഴിഞ്ഞ ദിവസം സെന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനാ യജ്ഞം തുടങ്ങിയിരുന്നു. ഏകീകൃത കുർബാന വിഷയത്തിൽ നാലു വൈദികർക്കെതിരെ നടപടി എടുത്തതിലായിരുന്നു വൈദികർ നിരാഹാര സമരം ആരംഭിച്ചത്. ഇന്നലെ വിശ്വാസികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം; നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ്.