മോസ്കൊ: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിലപാട് മയപ്പെടുത്തിയത്. റഷ്യക്കാരുമായുള്ള വാർഷിക ചോദ്യോത്തര വേളയിൽ സ്റ്റേറ്റ് ടിവിയിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിക്കിടെയാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.
റഷ്യയും യുക്രൈനും ഇത്രയും കാലം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലായിരുന്നു. ആക്രമണവും പ്രത്യാക്രമണവുമായി ഇരുപക്ഷവും ഉറച്ചുനിന്നപ്പോൾ യുദ്ധം ഒരു അവസാനമില്ലാത്ത തുടരുകയായിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ട്രംപ് മടങ്ങിയെത്തുന്നതിലെ സന്തോഷം പ്രകടിപ്പിച്ച പുടിൻ നാല് വർഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞു. ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്‍റാകുന്നതോടെ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. യുക്രൈൻ യുദ്ധത്തിലടക്കം ട്രംപുമായി ചർച്ചക്ക് റഷ്യ തയ്യാറാണെന്നും പുടിൻ വിവരിച്ചു.
നേരത്തെ അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ്, പുടിനുമായി ഫോണിൽ സംസാരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ട്രംപുമായി നാല് വർഷത്തോളമായി സംസാരിച്ചിട്ടെന്ന പുടിന്‍റെ വെളിപ്പെടുത്തൽ ഇത് തള്ളിക്കളയുന്നതാണ്. എന്തായാലും യുദ്ധത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന പുടിന്‍റെ പ്രഖ്യാപനം ലോകത്തെ സംബന്ധിച്ചടുത്തോളം വലിയ പ്രതീക്ഷ നൽകുന്നതാണ്.
അതിനിടെ അമേരിക്കൻ വ്യോമാതിർത്തിക്ക് സമീപം റഷ്യൻ ബോംബറുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, റഷ്യൻ ബോംബർ വിമാനങ്ങൾ അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയിൽ പ്രവേശിച്ചിട്ടില്ലെന്നും അലാസ്കൻ വ്യോമ പ്രതിരോധ ഐഡൻ്റിഫിക്കേഷൻ സോണിൽ റഷ്യൻ വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് അറിയിച്ചു. റഷ്യൻ TU-95MS ബോംബറുകൾ അമേരിക്കൻ വ്യോമാതിർത്തിക്ക് സമീപം പറക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. SU-35 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ബോംബറുകൾ എത്തിയത്. റഷ്യയുടെ സൈനിക ശക്തിയെ പ്രതിനിധീകരിക്കുന്ന TU-95MS ബോംബറുകൾ അമേരിക്കയിലെ സുപ്രധാനമായ മേഖലകൾക്ക് സമീപമാണ് കാണപ്പെട്ടത്. ദീർഘദൂര ലക്ഷ്യങ്ങളെ തകർക്കാനുള്ള കഴിവുകൾക്ക് പേരുകേട്ടവയാണ് റഷ്യൻ TU-95MS ബോംബറുകൾ. ഇവയ്ക്ക് വളരെ ദൂരത്തേക്ക് മിസൈലുകൾ പായിക്കാൻ കഴിയും. റഷ്യയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ യുഎസ് സൈന്യം ജാഗ്രത പുലർത്തുന്നുണ്ട്.