Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Latest News സിറിയയിൽ ഇസ്രയേലിന്റെ ബോംബാക്രമണം റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി.

സിറിയയിൽ ഇസ്രയേലിന്റെ ബോംബാക്രമണം റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി.

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാൻ ഇസ്രയേൽ.

by Editor
Mind Solutions

ദമാസ്കസ്: സിറിയയിൽ ഇസ്രയേൽ സൈന്യം നടത്തിയ ശക്തമായ ബോംബാക്രമണം റിക്ടർ സ്കെയിലിൽ 3.1 രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണമാണ് ഭൂകമ്പത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനായുള്ള റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ ടാർട്ടസിലാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഇതിന്റെ തീവ്രതയെത്തുടർന്നാണ് ഭൂകമ്പസമാനമായ ചലനം ഉണ്ടായത്. ടാർട്ടസിലെ ആയുധപ്പുരയിലെ സ്ഫോടനം 820 കിലോമീറ്റർ അകലെ തുർക്കിയിലെ ഇസ്നിക്കിലുള്ള മാഗ്നെറ്റോമീറ്റർ സ്റ്റേഷനിൽ രേഖപ്പെടുത്തിയതായി സ്വതന്ത്ര ഗവേഷകൻ റിച്ചാർഡ് കോർഡാരോ എക്സിൽ കുറിച്ചു. കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ സിറിയയിൽ നടത്തിയത്. 2012-നുശേഷം ഇസ്രയേൽ സിറിയയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സൈനിക കേന്ദ്രങ്ങളെയും ആയുധശാലകളെയും മിസൈൽ പ്രതിരോധ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

സിറിയയുടെ ആധുനിക ആയുധങ്ങൾ ഹിസ്ബുല്ല അടക്കമുള്ള സായുധ സംഘങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. സിറിയയിൽ വിമതർ സർക്കാർ രൂപീകരിച്ചതിനുശേഷമാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്.

ഗാസയിലെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളിൽ 53 പലസ്തീൻകാർ കൂടി മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അൽ ജസീറയുടെ റിപ്പോർട്ടറായ അഹമ്മദ് അൽ ലൂഹാനും ഇന്നലത്തെ ആക്രമണത്തിൽ മരിച്ചു. ഗാസയിലെ നുസ്രത്ത് മാർക്കറ്റ്, ലാഹിയ, ബെയ്റ്റ് ഹാനുൻ, ജബാലിയ, റഫ, ഖാൻ യൂനിസ് തുടങ്ങിയ മേഖലകളിൽ വ്യോമാക്രമണം നടന്നു. ഗാസയിലെ ആരോഗ്യവകുപ്പ് അധികൃത നൽകിയ വിവരമനുസരിച്ച് യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 45,000 കടന്നു. ഇതേസമയം, വധിക്കപ്പെട്ടവരിൽ 17,000 ൽ അധികം പേർ ഹമാസിന്റെ സായുധ പ്രവർത്തകരാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

അതിനിടെ ഗോലാന്‍ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഗോലാന്‍ കുന്നുകളില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ച് കുടിയേറ്റം ശക്തമാക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിലവില്‍ ഗോലാന്‍ കുന്നുകളിലുള്ള ഇസ്രായേല്‍ ജനതയുടെ എണ്ണം ഇരട്ടിയാക്കാനാണ് നീക്കം. നിലവില്‍ മുപ്പതോളം ഇസ്രായേല്‍ സെറ്റില്‍മെന്റുകളാണ് ഗോലാന്‍ കുന്നുകളിലുള്ളത്. ഇതില്‍ ഇരുപതിനായിരത്തോളം പേരാണ് താമസിക്കുന്നത്. അത്ര തന്നെ സിറിയന്‍ പൗരന്മാരും ഇവിടെയുണ്ട്. ഗോലാനിലേക്ക് 20,000 പേരെ കൂടി കൊണ്ടുവരാനാണ് ഇസ്രയേൽ നീക്കം.

അസദ് രാജ്യംവിട്ടതിനു പിറ്റേന്ന് സിറിയയെ ഗോലാൻ കുന്നുകളിൽനിന്ന് വേർതിരിക്കുന്ന യുഎൻ ബഫർ സോണിലേക്ക് ഇസ്രയേൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഡമാസ്‌കസിലെ ഭരണമാറ്റം വെടിനിർത്തൽ കരാർ ചർച്ചകളെ തകർക്കുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. 1967-ലെ ആറുദിന യുദ്ധത്തില്‍ ഗോലാന്‍ കുന്നുകളുടെ ഭൂരിഭാഗവും ഇസ്രായേല്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്തിരുന്നെങ്കിലും ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിരുന്നില്ല. രാജ്യാന്തര തലത്തിൽ ഇസ്രയേലിന്റേത് അനധികൃത കുടിയേറ്റമായാണ് കണക്കാക്കുന്നതെങ്കിലും 2019-ൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്ന അന്നത്തെ യുഎസ് സർക്കാർ ഗോലാൻ കുന്നുകളിൽ ഇസ്രയേലിന്റെ സ്വയംഭരണാധികാരത്തെ പിന്തുണച്ചിരുന്നു.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!