മാനന്തവാടി: ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് ക്രൂരത. ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിൽ ആയിരുന്നു ഈ കൊടുംക്രൂരത അരങ്ങേറിയത്. ചെക്ക്ഡാം കാണാനെത്തിയ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാൻ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗർ സ്വദേശി മാതനെ കാറിൽ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. പരിക്കേറ്റ മാതൻ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ യുവാവിന് വലിയ പരിക്കുകളാണുണ്ടായത്. രണ്ട് ഉപ്പൂറ്റിയും ആഴത്തിൽ മുറിവേറ്റു. കൈകൾക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മാതൻ്റെ നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റു.
മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ എത്തിയ സംഘമാണ് ആദിവാസി യുവാവിനോട് ക്രൂരത കാട്ടിയത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നേരെ പലതവണ കയ്യേറ്റവും അസഭ്യ വർഷവും ഉണ്ടായി. കുറ്റിപ്പുറം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വാഹനം കസ്റ്റഡിയിലെടുത്തു. സംഘം സഞ്ചരിച്ച വാഹനം കണിയാൻമ്പറ്റയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. നാല് പ്രതികളെയും തിരിച്ചറിഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.