ദമാസ്കസ്: വിമത സർക്കാർ ആവശ്യപ്പെട്ടാൽ സിറിയക്ക് സൈനിക സഹായം നൽകുമെന്ന് തുർക്കി. പ്രതിരോധമന്ത്രി യാസർ ഗുളറാണ് ഇക്കാര്യം അറിയച്ചത്. സിറിയയിൽ അസദ് കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ച എച്ച്ടിഎസ്സിന് ഇനി അവസരം നൽകണമെന്നും സിറിയൻ ജനതയോട് ഗുളർ പറഞ്ഞു. സിറിയയിലെ വിമത സംഘടനയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് നാറ്റോ അംഗമായ തുർക്കി നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. സിറിയൻ വിഷയങ്ങളിൽ ഇടപെടരുതെന്ന് റഷ്യക്കും ഇറാനും തുർക്കി നിർദേശം നൽകിയിരുന്നു. രാജ്യത്ത് നിന്ന് ബാഷർ അൽ-അസജ് ഒളിച്ചോടുകയും വിമതർ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ ടർക്കിഷ് ഇന്റലിജൻസ് മേധാവി, സിറിയൻ തലസ്ഥാനമായ ദമാസ്കസ് സന്ദർശിച്ചിരുന്നു.
സിറിയൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, തുർക്കി അധികാരികളുമായി ചർച്ച ചെയ്തിരുന്നു. അറബ് രാജ്യങ്ങൾ, ജോർദാൻ എന്നിവയുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ഭീകരരുടെ സാന്നിധ്യം ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു.
പുതിയ സിറിയ കെട്ടിപ്പടുക്കാനുള്ള ദൌത്യത്തിനിടയിൽ എച്ച്ടിഎസ് തലവൻ അബു മുഹമ്മദ് അൽ ജുലാനിയുടെ മുന്നിലെ പ്രതിസന്ധികൾ പലതാണ്. ഒരുവശത്ത് സിറിയൻ പ്രദേശം കയ്യേറിയതിനൊപ്പം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം. മറുവശത്ത് സിറിയൻ കുർദുകൾ സൃഷ്ടിക്കുന്ന തലവേദന. ഇസ്രയേലുമായി പ്രശ്നത്തിന് ഇല്ലെന്നാണ് ജുലാനിയുടെ വാക്കുകൾ. അതേസമയം കുർദുകളെ പിടിച്ചുകെട്ടാൻ തന്നെയാണ് ജുലാനിയുടെ തീരുമാനം. ഇസ്രയേലിൻ്റെ ഇടപെടൽ അതിര് കടന്നുവെന്നും ഇത് രാജ്യത്തിന് ഭീഷണിയാകുന്നുവെന്നും ജുലാനി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ ശ്രദ്ധ യുദ്ധങ്ങളാൽ ശിഥിലമായ സിറിയയുടെ പുനർനിർമാണമാണെന്നും ജുലാനി കൂട്ടിച്ചേർത്തു. അമേരിക്കയോടോ ഇസ്രയേലിനോടോ ഒരു ഏറ്റുമുട്ടലിന് താനില്ലെന്ന് ആവർത്തിക്കുകയാണ് ജുലാനി.
എന്നാൽ വടക്കുകിഴക്കൻ സിറിയയിൽ കുർദുകൾ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ തന്നെയാണ് എച്ച്ടിഎസ് തീരുമാനം. കുർദുകളുടെ പിന്തുണയുള്ള സിറിയൻ ഡിഫെൻസ് ഫോഴ്സും തുർക്കി പിന്തുണയ്ക്കുന്ന സിറിയൻ നാഷണൽ ഫോഴ്സും തമ്മിലാണ് അവിടെ ഏറ്റുമുട്ടൽ ഇപ്പോഴും നടക്കുന്നത്. വർഷങ്ങളായി ആഭ്യന്തര യുദ്ധം നടന്ന സിറിയയിൽ അസദിനെതിരായ സൈനിക നീക്കത്തിൽ ഇവരെല്ലാം ഒരുമിച്ചായിരുന്നു. അസദ് വീണതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സിറിയൻ അതിർത്തിയിൽ കുർദിഷ് സാന്നിധ്യം അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് തുർക്കി സർക്കാർ. തുർക്കി സംഘത്തെ പിന്തുണച്ച് എച്ച്ടിഎസ് കൂടി രംഗത്തെത്തി. അതുകൊണ്ടു സംഘർഷം ഇനിയും രൂക്ഷമാകുമെന്ന് തന്നെയാണ് സൂചന.
അതിനിടെ സിറിയയുടെ പുനർനിർമാണവും ഭാവിയും ലക്ഷ്യമാക്കി നീങ്ങുകയാണ് അറബ് കൂട്ടായ്മയും അമേരിക്കയും. എട്ട് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും ജോർദാനിൽ യോഗം ചേർന്നു. എച്ച്ടിഎസുമായി അമേരിക്ക നേരിട്ട് ബന്ധം പുലർത്തുന്നുണ്ടെന്ന് ആൻ്റണി ബ്ലിങ്കൻ വ്യക്തമാക്കി. ജോർദാൻ ഇസ്രയേലുമായി സിറിയൻ വിഷയം ചർച്ച ചെയ്തെന്ന് റിപ്പോർട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ അഭയാർഥികളായിരുന്ന സിറിയക്കാർ രാജ്യത്തിലേക്ക് മടങ്ങിവരുന്നത് തുടരുകയാണ്.