പുഷ്പ 2 സിനിമയുടെ പ്രിമിയർ ദിവസമുണ്ടായ തിരക്കിൽ ഒരു യുവതി മരണപ്പെട്ട സംഭവത്തിൽ ഇന്നലെ രാവിലെ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി വൈകിട്ടോടെ ഇടക്കാല ജാമ്യം അനുവദിച്ചു. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മനപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമോയെന്ന് കോടതി സംശയം ഉന്നയിച്ചു. ബോധപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ എന്ന വകുപ്പും നടനെതിരെ എടുക്കാനാകുമോയെന്നും കോടതി ചോദിച്ചു. കേസിൽ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. 50000 രൂപയും ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ.
തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവ് അല്ലു അർജ്ജുനെ പാർപ്പിച്ചിരിക്കുന്ന ഹൈദരാബാദ് സെൻട്രൽ ജയിലിൽ രാത്രിയോടെ എത്തിച്ചിരുന്നു. എന്നാൽ തടവുകാരെ രാത്രി വിട്ടയയ്‌ക്കാൻ ജയിൽ മാനുവലിൽ നിയന്ത്രണങ്ങളുണ്ടെന്നാണ് ജയിൽ അധികൃതരുടെ വാദം. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ താരം ജയിൽമോചിതനാകുമെന്നാണ് റിപ്പോർട്ട്.