ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രമന്ത്രി ഉള്‍പ്പടെ മൂന്ന് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷിനി നാടാർ മൽഹോത്ര, ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മൂന്ന് വനിതകള്‍.
ഇത് അഞ്ചാം തവണയാണ് നിർമലാ സീതാരാമൻ പട്ടികയിൽ ഇടം പിടിക്കുന്നത്. ഈ തവണ ഫോബ്സ് പട്ടികയില്‍ 28-ാം സ്ഥാനത്താണ്. 2022ൽ 32–ാം സ്ഥാനത്തും 2021-ൽ 37-ാം സ്ഥാനവും 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി. ഇന്ത്യയുടെ ഏകദേശം 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാണ് നിർമലാ സീതാരാമൻ കൈകാര്യം ചെയ്യുന്നത്. മുമ്പ് യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേൾഡ് സർവീസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പട്ടികയിൽ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാർ മൽഹോത്ര. 43 കാരിയായ റോഷ്‌നി നാടാർ മൽഹോത്ര കോടീശ്വരിയും മനുഷ്യസ്‌നേഹിയുമാണ്. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സണായ റോഷ്നി ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതകളിലൊരാളാണ്. ഫോബ്സിന്റെ പട്ടികയിൽ ഇതിനുമുമ്പും ഇടം നേടിയിട്ടുണ്ട്.
ഫോബ്‌സിന്റെ പവർ വുമൺ പട്ടികയിൽ 82-ാം സ്ഥാനത്താണ് കിരൺ മജുംദാർ ഷാ. 2024-ൽ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 91-ാം സ്ഥാനത്താണ്. ബയോകോൺ ലിമിറ്റഡ് ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡ് എന്നിവയുടെ സ്ഥാപകയാണ്. ശാസ്ത്രത്തിനും രസതന്ത്രത്തിനും നൽകിയ സംഭാവനകൾക്ക് 2014-ലെ ഒത്മർ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മജുംദാർ ഷായ്‌ക്ക് ലഭിച്ചിട്ടുണ്ട്.