പുഷ്പ-2ന്റെ പ്രീ-റിലീസിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ, മനഃപൂർവം ദ്രോഹിക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. താരത്തിന്റെ പ്രൈവറ്റ് സെക്യൂരിറ്റി സംഘത്തിന്റെ ചുമതലയുള്ള ആൾക്കെതിരെയും സിനിമ റിലീസ് ചെയ്ത സന്ധ്യ തിയേറ്റർ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അല്ലു അർജുനൊപ്പം ഉണ്ടായിരുന്ന ക്രൂവിനെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂബിലി ഹിൽസിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം അല്ലുവിനെ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്ന് പറഞ്ഞതോടെ അല്ലു അതൃപ്തി അറിയിച്ചു. ഭാര്യ സ്നേഹ റെഡ്ഡിയും പിതാവ് അല്ലു അരവിന്ദും പൊലീസ് സംഘവുമായി തർക്കമുണ്ടായി. അതിനിടെ തെലങ്കാന പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് അല്ലുവിനെ അറസ്റ്റ് ചെയ്തു പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. ഇന്ത്യൻ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണ് അറസ്റ്റ്. അറസ്റ്റിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആർഎസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവർ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പ്രീറിലീസിനിടെ അപ്രതീക്ഷിതമായി അല്ലു അർജുനും കുടുംബവും സംഘവുമെത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഈ തിക്കിലും തിരക്കിലും പെട്ടാണ് 39-കാരി മരിച്ചത്. ഇവരുടെ 12 വയസുള്ള മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഡിസംബർ നാലിന് രാത്രി 10.30-ഓടെയായിരുന്നു സംഭവം.