സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. വൃക്ക രോഗം ഗുരുതരമായതിനെ തുടർന്ന് ബാലചന്ദ്രകുമാറിന്റെ കുടുംബം വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് സഹായം തേടിയിരുന്നു. കഴിഞ്ഞ മാസം മുതലാണ് ആരോഗ്യനില വഷളായത്.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ നിർണായകമായിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്കായും തുടർച്ചയായി ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരായിരുന്നു.