ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തില്‍ പുതുചരിത്രമെഴുതി ലോക ചാമ്പ്യനായി. നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അവസാന ഗെയിംസില്‍ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കിയത്. അവസാന ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ചാണ് നിലവിലെ ചാംപ്യനെ അട്ടിമറിച്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ ആയി ഗുകേഷ് മാറിയത്.
14 ഗെയിമുകളുടെ പോരാട്ടത്തില്‍ ആദ്യം പിന്നിലാകുകയും പിന്നെ ഒപ്പം പിടിക്കുകയും അതിന് ശേഷം ഒരിഞ്ചും വിടാതെ സമനിലകള്‍. പതിനൊന്നാം ഗെയിമില്‍ വിജയിച്ച് ലീഡെടുത്തു. എന്നാല്‍ തൊട്ടടുത്ത കളിയില്‍ തോല്‍വി നേരിട്ടതോടെ ആശങ്കയായി. 13- ാം ഗെയിമില്‍ സമനില. സസ്പെന്‍സിലേക്ക് നീണ്ട പതിനാലാം ഗെയിമില്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം ലിറനുണ്ടായിരുന്നെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ഗുകേഷ് വിജയം പിടിച്ചെടുത്ത് ചരിത്രമെഴുതുകയായിരുന്നു. ഈ വിജയത്തോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത്.