Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Latest NewsIndia കാതോലിക്കാ ബാവായ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി സമ്മാനിച്ചു.
കാതോലിക്കാ ബാവായ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി സമ്മാനിച്ചു.

കാതോലിക്കാ ബാവായ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി സമ്മാനിച്ചു.

by Editor
Mind Solutions

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരാമധ്യക്ഷനുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്’ ബഹുമതി റഷ്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡെനിസ് ആലിപ്പോവ് സമർപ്പിച്ചു. റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി ഇരുരാജ്യങ്ങളിലെയും ഓർത്തഡോക്സ് സഭകൾ തമ്മിൽ ദീർഘകാലമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ബഹുമതി സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ കാതോലിക്കാ ബാവാ പറ​​​ഞ്ഞു. സമാധാനത്തിനും അനുരഞ്ജനത്തിനുമായി സഭകളും സമൂഹം മുഴുവനും തന്നെയും പുനരർപ്പണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിൽ ജോലിക്കായി പോയി മടങ്ങിവരാൻ സാധിക്കാത്ത തൃശൂർ കൂർക്കഞ്ചേരി സ്വദേശികൾ ജെയിനിന്റെയും ബിനിലിന്റെയും മോചനത്തിന് എത്രയും വേഗം നടപടിയെടുക്കണമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപ്പോവിനോട് അഭ്യർഥിച്ചു. റഷ്യൻ പ്രസിഡന്റിന്റെ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്’ ബഹുമതി സ്വീകരിച്ചശേഷം നടത്തിയ ചർച്ചയിലാണ് കാതോലിക്കാ ബാവാ വിഷയം ഉന്നയിച്ചത്. കാര്യങ്ങൾ വിശദീകരിച്ച് സ്ഥാനപതിക്ക് കത്തും നൽകി. പ്രശ്നപരിഹാരത്തിന് എത്രയും വേഗം നടപടിയെടുക്കുമെന്ന് സ്ഥാനപതി ഉറപ്പുനൽകി. ഇക്കാര്യം ജെയിനിന്റെയും ബിനിലിന്റെയും കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചതായി കാതോലിക്കാ ബാവാ പറഞ്ഞു.

റഷ്യൻ സ്ഥാനപതി കാര്യാലയത്തിൽ നടന്ന ചടങ്ങിൽ‍ ഓർത്തഡോക്സ് സഭാ നിരണം ഭദ്രാസനാധിപനും സിനഡ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രയോസ്, സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, വൈദിക ട്രസ്റ്റി ഫാ.സജി അമയിൽ തുടങ്ങിയവർ പങ്കെടുത്തു.

നേരത്തെ കാതോലിക്ക ബാവയ്ക്ക് ഡൽഹിയിൽ സ്വീകരണം നൽകിയിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പ്രിയങ്ക ഗാന്ധി എം.പി, ഇന്ത്യയിലെ റഷ്യൻ അംബാസഡർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ബാവയുടെ പ്രവർത്തനങ്ങൾക്ക് ആശംസയറിയിച്ച പ്രിയങ്ക ഗാന്ധി, മതസൗഹാർദമാണ് ഇന്ത്യയുടെ ഏറ്റവും വലിയ മഹത്വമെന്ന് പറഞ്ഞു. ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നുവെന്ന് മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. കെ സി വേണുഗോപാലും ഇ.ടി മുഹമ്മദ് ബഷീറുമടക്കം കേരളത്തിൽ നിന്നുള്ള ലോക് സഭ ,രാജ്യസഭ എം പി-മാരും രാഷ്ട്രീയ – സാമുഹ്യ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!