37
മാനത്തു കോളു
നിറയണ കണ്ടോ…
കുട്ടയെടുക്കെടീ
കൊച്ചുപെണ്ണേ…
കൊയ്തു,മെതിച്ചു
പൊലിയളന്നു,
നേടിയിരുപറ
നെൽമണികൾ!
കാലത്തെണീറ്റു
പുഴുങ്ങി വാരി,
പരമ്പിൽ നിരത്തി
യുണങ്ങിടാനായ്;
അമ്പേ ചതിച്ചു
മഴമേഘങ്ങൾ
തുള്ളിക്കൊരുകുടം
പെയ്തിറങ്ങി!
പാതിയുണങ്ങിയ
നെല്ലു കുത്താ-
നൊരുവട്ടി വാരി
യുരലിലിട്ടു;
ഉലക്കവടിയെടു
ത്താഞ്ഞിടിച്ചൂ…
അവലു പരുവത്തി
ലരി കുഴഞ്ഞു!
പാറ്റിക്കൊഴിച്ചു
കലത്തിലിട്ടു
ചുള്ളി പെറുക്കി
യെരിച്ചു, വേഗം!
പായസക്കഞ്ഞി
വിളമ്പിവച്ചു
പ്ലാവിലക്കരണ്ടിയാ
ലൂട്ടി മെല്ലേ…
മഴപ്പെയ്ത്തിൽ
ചോരും കുടിലിനുള്ളിൽ
എണ്ണവിളക്കിൻ
തിരിയണഞ്ഞൂ…
പുലയന്റെ മാറിലാ,
ചെറുമിപ്പെണ്ണും
സ്വപ്നക്കതിരുകൾ
കൊയ്തെടുത്തൂ…
ഷൈല ബാബു