വെളുത്ത മുടിയിഴകൾ കറുത്തമുടിയിഴകളെ പാടേ മറയ്ക്കാൻ തുടങ്ങുമ്പോൾ ഡൈ ചെയ്യാതെ നിവൃത്തിയില്ല… അരമണിക്കൂറിലധികം മിനക്കെട്ട് മുടിയും കറുപ്പിച്ച്, കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും ഉറക്കത്തിനുളള മൂടായി….!
ചെയ്യാൻ ഒരുപാടു ജോലികൾ ബാക്കി കിടക്കുന്നു..
ഇന്നുകൊണ്ടു വായിച്ചു തീർക്കേണ്ട പുസ്തകമാണ് ബന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങൾ..‘ കാശുകൊടുത്തു വാങ്ങി സ്വന്തമാക്കിയാൽ എപ്പോഴെങ്കിലും വായിക്കാമെന്നു സമാധാനപ്പെടാമായിരുന്നു.. പക്ഷേ … പുസ്തകം സുജാതയുടേതാണ്. പുസ്തകം തന്നെ ഏല്പിക്കാൻ വേണ്ടിമാത്രമാണ് സുജാതയുടെ ബ്രദർ ഇന്നത്തെ ഓഫീസ് യാത്ര ഇതുവഴിയാക്കിയത്. തിങ്കളാഴ്ച വൈകുന്നേരം ജോലികഴിഞ്ഞുപോരുമ്പോൾ തിരിച്ചിതുവഴി വരും. സമയനിബന്ധിതം..!
ലൈബ്രറിയിൽ നിന്നെടുക്കുന്നതായാലും, കാശുകൊടുത്തു വാങ്ങുന്നവയായാലും കയ്യിൽ കിട്ടിയാൽ ചൂടാറുംമുമ്പതു വായിക്കുകയെന്നത് നിർബന്ധബുദ്ധിയാണ്. പുസ്തകം വായിച്ചു തീർക്കാൻ വേണ്ടി ലീവെടുത്തു വീട്ടിലിരിക്കുകവരെ ചെയ്യാറുണ്ട്.
ഇടയ്ക്ക് ചില അത്യാവശ്യങ്ങളിലേക്ക് എഴുന്നേറ്റു പോകേണ്ടിവന്നതുകൊണ്ടാണ് ‘നിശബ്ദസഞ്ചാരം‘ മുഴുവനാകാതിരുന്നത്.. രാത്രി ഏറെ വൈകിയാലും മുഴുവനും വായിച്ചു തീർക്കണം..
കണ്ണുകൾ അക്ഷരങ്ങളിൽ ഉടക്കിനിൽക്കുന്നില്ല. കസേരയിലിരുന്ന് ഉറക്കംതൂങ്ങി വീഴാൻപോകുന്നതുകണ്ട് മോൻ വന്നു തട്ടിവിളിക്കുകയായിരുന്നു.. കിടന്നതുമാത്രം ഓർമ്മയുണ്ട്.
സുഖകരമായ ഉറക്കം. .. ബോധം മറഞ്ഞുളള ഉറക്കം.. സ്വച്ഛം… ഉറക്കം മരണത്തിനു സമാനമെന്നല്ലേ പറയാറ്. ഉപബോധമനസ്സ് ഉണർന്നിരിക്കുമെന്നും…..!
“കാണുന്നത് സ്വപ്‌നമോ സത്യമോ…?” എന്നോടുതന്നെ ചോദിക്കുകയാണ്. വേണുവിന്റെ, കഷണ്ടി കയറിക്കഴിഞ്ഞിരുന്ന തലയിൽ നിറയെ കട്ടിയുള്ള കറുത്ത മുടി..!.
ഭംഗിയിൽ വെട്ടി നിറുത്താറുള്ള താടിയും മീശയും വേണുവിന്റെ ഐഡന്റിറ്റിയായിരുന്നു, അതു മുഴുവനായി വടിച്ചു കളഞ്ഞിരിക്കുന്നു. മുഖം മിനുമിനാ മിന്നുന്നു..! സാധാരണയിലും അല്പം നീണ്ടമൂക്കിന് പിന്നെയും നീളം വച്ചോ..? എന്നേക്കാൾ നാലുവയസ്സിനു മൂപ്പുണ്ട്, കാണാൻ എന്നിലും ചെറുപ്പം..! ആകെയൊരുമാറ്റം..
പക്ഷേ ആളു വേണു തന്നെ… അതേ നടത്തം…. അല്പംപോലും തടികൂടിയിട്ടില്ല…. ഏതുവഴിയാണു കയറിവന്നതെന്നു കണ്ടില്ല, കണ്ണു തുറന്നതും തൊട്ടു മുന്നിൽ നിൽക്കുന്നു..! പെട്ടെന്നാണ് സ്ഥലകാലബോധമുണ്ടായത്.
അന്നത്തെ ഞാനല്ല ഇന്നത്തെ ഞാൻ. കാലവും മാറി, കഥയും മാറി… കുടുംബം, കുട്ടികൾ…..രാത്രിയിൽ കിടപ്പുമുറിയിൽ, സധൈര്യം കടന്നുവന്നു നിൽക്കുന്നയാളിനെ കുട്ടികളാരാനും കണ്ടാൽ..! ഉപബോധ മനസ്സു പരുങ്ങി..
എത്രവർഷങ്ങൾക്കുശേഷമുളള കൂടിക്കാഴ്ചയാണിത്. അഥിതി ദേവോ ഭവ: “ഇരിക്കൂ..”
മുറിയിലെ ഒറ്റക്കസേര ചൂണ്ടി ഞാൻ പറഞ്ഞെങ്കിലും കട്ടിലിന്റെ ഓരം ചേർന്ന് എന്റെ കാൽച്ചുവട്ടിലായ് വേണു ഇരുന്നു.. എഴുന്നേൽക്കാനൊരു ശ്രമം നടത്തിയ എന്നോട്
“രാത്രി ഇത്രയുമായില്ലേ….
ഇനിയെഴുന്നേൽക്കേണ്ട. കിടന്നുകൊണ്ടു സംസാരിക്കാമല്ലോ.
അദ്ദേഹവും.. പോയി… അല്ലേ.?”
ചുമരിലെ ഫോട്ടോയിൽ കണ്ണുകൾ പതിപ്പിച്ചുകൊണ്ട് വേണു മന്ത്രിച്ചു..
“വേണുവിപ്പോൾ എവിടെയാണ്..?”
“ഞാൻ സർവ്വ വ്യാപിയാണ്.”
സ്വതസിദ്ധമായ നർമ്മം.
മങ്ങിയ വെളിച്ചത്തിലും ആ ചിരിയുടെ വെട്ടം..
“കുട്ടികൾ രണ്ടുപേരും എവിടെവരെയെത്തി…? നാട്ടിലുണ്ടോ..? അതോ വിദേശത്തോ..?” ശബ്ദമില്ലാത്ത ചോദ്യങ്ങൾ.
“ഇന്നലെ മൂത്തവന്റെ വിവാഹമായിരുന്നു. ദൂരെനിന്നൊന്നു കണ്ടു പോന്നു.. രണ്ടാമത്തവനും വിവാഹപ്രായമായി.. രണ്ടുപേരും ഇപ്പോൾ വിദേശമലയാളികളാണ്.
നീയും ഞാനും തമ്മിൽ പണ്ടുണ്ടായിരുന്ന അടുപ്പം തുടർന്നുപോരുകയാണെന്നായിരുന്നു അവളുടെ വിശ്വാസം. അക്കാരണം പറഞ്ഞ് എന്നും വഴക്കുണ്ടാക്കി ഒരു സ്വസ്ഥതയുമവൾ ഇന്നോളം തന്നിട്ടില്ല..
നീ കുടുംബിനിയായി, ഭർത്താവും കുട്ടികളുമൊക്കെയായി സുഖമായി കഴിഞ്ഞുകൂടുകയാണെന്നു പറഞ്ഞിട്ടും അവളുടെ സംശയരോഗത്തിന് ഒരു കുറവു വന്നില്ല.. എന്റെ മനസ്സിൽ നീയുണ്ടായിരുന്നുവെന്നതു സത്യമാണ്… ഭർത്താവായ നിമിഷം മുതൽ എന്നിലെ കാമുകൻ മരിച്ചുപോയിയെന്ന് ആണയിട്ടു പറഞ്ഞിട്ടും വിശ്വസിക്കാൻ തയ്യാറാവാത്തവളോട് എന്തു പറയാനാ..?
ഞാൻ ലോങ്ങ് ലീവെടുത്ത് വിദേശത്തു പോകുന്ന കാര്യം നീയെങ്ങനെയാണറിഞ്ഞത്..?”
വർഷങ്ങൾക്കു മുമ്പു നടന്ന കാര്യമാണ് ഇന്നലത്തേതുപോലെ വേണു ചോദിക്കുന്നത്..! അനിയത്തിക്കുട്ടിയേം കൂട്ടി രാവിലെ ആറരയ്ക്കുളള സൂപ്പർഫാസ്റ്റിന് തിരുവനന്തപുരത്തേക്കു തിരിക്കുകയായിരുന്നു. ഇനി എത്രനാളു കഴിഞ്ഞു കാണാനാകും.? അതിനുമുൻപ് ഒരുനോക്കു കണ്ടുപോരാനുളള ബാലിശ മോഹം..
വേണുവിന്റെ ചോദ്യത്തിനുത്തരം പറയാൻ ഒരു നിമിഷം ആലോചിക്കേണ്ടി വന്നു..
“അതോ… നമുക്കൊപ്പമുണ്ടായിരുന്ന തോമാച്ചനെ, ഒരു കല്യാണസ്ഥലത്തുവച്ചു കണ്ടപ്പോൾ പറഞ്ഞു, വേണു ലോങ് ലീവെടുത്ത് വിദേശത്തു പോകുന്നകാര്യം.. നമ്മുടെ റിലേഷൻഷിപ്പ് തോമാച്ചനും ഏറെക്കുറെ അറിയാമായിരുന്നുവല്ലോ. പോകുന്ന തീയതിയും ഫ്‌ളൈറ്റിന്റെ സമയവും സംസാരത്തിനിടയിൽ വന്നുപോയതാണ്.”
“ചെക്കൗട്ട് കഴിഞ്ഞ് പ്‌ളെയിനിനടുത്തേക്കു നീങ്ങാൻ തുടങ്ങവേ യാത്രയാക്കാൻ വന്നവരെ ഒന്നു തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയുടെ തൊട്ടുപുറകിൽ നിന്റെ നിഴലനക്കം കണ്ടിരുന്നു.
കൈവീശിക്കാണിച്ചു. നീ കണ്ടില്ല.
സംശയത്തിന്റ കണ്ണുകളാണ് അവളുടേത്.. എന്റെ നോട്ടം ചെല്ലുന്നിടത്തേക്ക് അവളുടെ സംശയമുനകൾ നീളും…. പിന്നെ.. എവിടച്ചെന്നാലും മനസ്സമാധാനമുണ്ടാവില്ല. നിലവിലുള്ള കാമുകിയിൽ നിന്നും അകറ്റി നിർത്താൻ അവളു കണ്ടുപിടിച്ച ഉപായമായിരുന്നു അവളുടെ ആങ്ങളമാരോടൊപ്പം വിദേശത്തു നല്ല ജോലി. ലീവു വീണ്ടും വീണ്ടും നീട്ടി പത്തുവർഷക്കാലം അവിടത്തന്നെ തുടർന്നു.
വർഷത്തിലൊരിക്കൽ മാത്രം നാട്ടിലേക്ക്….
ഒരു വിവാഹജീവിതം ഇനിയുണ്ടാവില്ലെന്ന നിന്റെ ശപഥം എന്നെ ഒരുപാടു സങ്കടപ്പെടുത്തിയിരുന്നു.. വിദേശത്തു നിന്നുളള ആദ്യ വരവിൽ അവളുടെ കണ്ണുവെട്ടിച്ച് ഓഫീസിലേക്കൊന്നു വന്നപ്പോഴാണ്. നിന്റെ വിവാഹവാർത്ത അറിയുന്നത്…. സന്തോഷം തോന്നിയെങ്കിലും നെഞ്ചിൻ കൂട്ടിലെ കിളി പറന്നു പോയപോലെ.. കൂടു ശൂന്യമായതുപോലെ.. എന്റെ സ്വാർത്ഥത…”
“പിന്നീട്, നമ്മൾ ഒരിക്കൽകൂടി കണ്ടു.അല്ലേ…? “
“അതേ ഞാൻ രണ്ടാമത്തെ വട്ടം നാട്ടിൽ വന്ന സമയമായിരുന്നു. അത്… കുഞ്ഞിനെ ഡേ കെയറിലാക്കി നീയിറങ്ങി വരുമ്പോൾ രണ്ടാമത്തെ മകനെ ഡേ കെയറിൽ ഏല്പിക്കാൻ ഞങ്ങൾ വരികയായിരുന്നു…. നിന്നെ ഞാൻ കണ്ടു, നീ എന്നേയും.. അവളുടെ കഴുകൻ കണ്ണുകൾ എപ്പോഴും എനിക്കു ചുറ്റുമുണ്ട്…. പരിചയമുളള സ്ത്രീജനങ്ങളോട്, അവളൊപ്പമുണ്ടെങ്കിൽ കണ്ട ഭാവംപോലും ഞാൻ കാണിക്കാറില്ല.. ഗേറ്റിനരികിൽ സ്‌ക്കൂട്ടർ നിർത്തി കണ്ണാടിയിലൂടെ നീ നടന്നകലുന്നതു ഞാൻ നോക്കിനിന്നു..”
വേണു പുറത്തെ ഇരുട്ടിലേക്കു നോക്കിയാണു സംസാരിക്കുന്നത്. ഗതകാല സ്മരണകൾ വിതുമ്പുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പി ചെന്നിയിലൂടെ ഒലിച്ചിറങ്ങി… സ്വപ്‌നങ്ങളുടെ ചീട്ടുകൊട്ടാരം അടപടലയായി നിലംപതിപ്പിച്ച അപ്രതീക്ഷിതമായ അന്തരീക്ഷ ന്യൂനമർദ്ദങ്ങൾ.
എല്ലാം ശാന്തമായപ്പോൾ നഷ്ടങ്ങൾ എനിക്കുമാത്രമെന്ന തിരിച്ചറിവിൽ ജീവിതം മറുകരതേടൽ.
വേണു, എനിക്കു മുഖം തരുന്നതേയില്ല. അകലെ ശൂന്യയതയിലേക്കാണു നോട്ടം.. എത്ര ദൂരമാണു പിന്നിലേക്കു ഞങ്ങൾ നടന്നത്. ഒരു പാളി മാത്രം തുറന്നു കിടന്ന ജനാലയിലൂടെ ആകാശത്തിന്റെ ഒരു കീറു കാണാം…. കുറേ നക്ഷത്രങ്ങൾ ഒത്തുകൂടിയിരിക്കുന്നു…..!
ഞാൻ ഉറങ്ങുകയല്ലേ..? പിന്നെയെങ്ങനെ? വേണു പ്രതിമപോലെ അവിടെത്തന്നെയിരിക്കുന്നു.. ചലനമില്ലാത്ത നിഴൽ രൂപം. ഇരുട്ട് വേണുവിനെ വിഴുങ്ങാൻ തുടങ്ങിയോ… നിഴലും മാഞ്ഞു… നിലാവും മാഞ്ഞു.. ദൂരെയെവിടെയോ പാതിരാക്കോഴി നീട്ടി കൂവുന്നു. ഉഷ്ണം പൂകയുന്ന രാത്രിയിനിയും ബാക്കിയുണ്ട്..
മാക്‌സിമം സ്പീഡിൽ ഫാൻ കറങ്ങുന്ന ചൂടുളള കാറ്റ്. പകലോ രാത്രിയോ.. സ്വപ്‌നമോ സത്യമോ…. ഒരങ്കലാപ്പ്.. നാളുകൾക്കുമുൻപൊരു ദിവസം മനോരമപ്പത്രത്തിന്റെ ചരമകോളത്തിൽ ആദ്യം ശ്രദ്ധയിൽപ്പെട്ടതു വേണുവിന്റെ മുഖമായിരുന്നില്ലേ.. കണ്ടതാണ്… പരേതാത്മാവിന്റെ ഏറ്റുപറച്ചിലുകളായിരുന്നോ കഴിഞ്ഞ നിമിഷങ്ങളിൽ…
തമ്മിൽ ഒരുപാടു സ്‌നേഹിച്ചവർ.. ഒന്നാവാൻ കഴിയാതിരുന്നവർ, വിധിയെ പഴിചാരി ആശ്വസിക്കാനും കഴിയാതെ…! ഇനിയങ്ങോട്ടുളള ഉറക്കത്തിന്റെ സഞ്ചാരപഥങ്ങളിലും വേണു വന്നുകൂടായ്കയില്ല.. ബാക്കിനില്പുണ്ട് ഏറ്റുപറയുവാനിനിയുമൊത്തിരി.
രമണി അമ്മാൾ