1969 -ലാണ് എംടി കാലം എഴുതുന്നത്. കാലം പോലെ ബൃഹത്തായ നോവൽ. ഞാൻ ജനിക്കുന്നതിന് രണ്ട് വർഷം മുമ്പ് അത് മലയാളത്തിൽ നവതരംഗമായി. എനിക്കത് വായിക്കാൻ കഴിഞ്ഞത് പത്തൊമ്പതാം വയസ്സിലാണ്. ടീ ടി സി കഴിഞ്ഞ വെക്കേഷൻ കാലത്ത്.
രചനാകാലത്തു നിന്ന് എൻ്റെ വായനക്കാലത്തിലേക്ക് 21 വർഷം ദൂരമേയുള്ളൂ. എന്നാൽ അവിടെ നിന്ന് ഇങ്ങോട്ട് 34 വർഷത്തിൻ്റെ ദൂരമുണ്ട്.
കോളേജിലെത്തിയാൽ കൂട്ടുകാരിയുടെ മനസ്സ് മാറിയാലോ എന്ന് പേടിച്ച് അവൾ പാസ്സാകാതിരിക്കണേ എന്ന് പ്രാർത്ഥിക്കുന്ന സേതു എന്തു തരം മനുഷ്യനാണെന്ന് ഞാൻ അന്നെന്ന പോലെ ഇന്നും ചിന്തിക്കാറുണ്ട്. സേതു അതു പറയുന്നത് കേട്ട സുഹൃത്ത് കൃഷ്ണൻ കുട്ടി പ്രതികരിക്കുന്നുണ്ട് – “സ്വാർത്ഥമേ, നിൻ്റെ പേരോ സേതു?”
ശരിയല്ലേ , ഇത്രത്തോളം സ്വാർത്ഥനായ മറ്റൊരു നായകൻ മലയാള സാഹിത്യത്തിലുണ്ടോ?
എനിക്ക് നേടണം, എനിക്ക് മുന്നേറണം, എനിക്ക് വളരണം, എന്നെ അംഗീകരിക്കൂ, എനിക്ക് തടസ്സമാകരുത്, എനിക്ക് വേണം, എനിക്ക്, എൻ്റെ, ഞാൻ …. ഇങ്ങനെ മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു യുവാവ്! അയാളെ എം ടി ന്യായീകരിക്കുന്നത് അയാളിൽ എംടിയുടെ കുറേ അംശങ്ങൾ ഉള്ളതു കൊണ്ടാണ്. എന്നാൽ വായനക്കാർ സേതുവിനെ ന്യായീകരിക്കേണ്ടതുണ്ടോ? അമിതമായി സ്വാർത്ഥത വച്ചു പുലർത്തുന്നവരാണ് പലരും. അവർ സേതുവിൽ സ്വന്തം ഛായ കണ്ടെത്തിയെന്ന് വരും. പക്ഷേ, എനിക്ക് ജീവിതത്തിൽ ഒരിക്കലും അത്രയും സ്വാർത്ഥനാവാൻ കഴിഞ്ഞിട്ടില്ല. അതൊരു കഴവു കേടായി തോന്നിയിട്ടുമില്ല.
അന്ന് ടീ ടീ സി കഴിഞ്ഞാൽ പത്തായിരം രൂപയ്ക്കൊക്കെ എയിഡഡ് സ്കൂളിൽ ചേരാമായിരുന്നു. ചേർക്കാൻ അച്ഛൻ സന്നദ്ധനായതാണ് – ഞാൻ പറഞ്ഞു – പണം കൊടുത്ത് വാങ്ങുന്ന ജോലി വേണ്ട. പി. എസ്. സി എഴുതി കിട്ടട്ടെ. ആദർശം പറഞ്ഞതിൻ്റെ ശിക്ഷയെന്നോണം പത്ത് വർഷം കഴിഞ്ഞു എനിക്കൊരു പി എസ് സി നിയമനം ലഭിക്കാൻ.
കാലം സ്വാർത്ഥതയുടേതാണ് എന്ന്, ആത്മവിചാരണ നടത്തിയാണ് എം ടി അര നൂറ്റാണ്ടിന് മുമ്പേ സമർത്ഥിച്ചത്.
സ്വാർത്ഥചിന്തകൾ ഇന്നത്തെ സമൂഹത്തിൽ സാർവ്വത്രികവും സ്വാഭാവികവുമായിരിക്കുന്നു. സ്വാർത്ഥരാവുന്നതിൽ കുറ്റബോധമേ ആവശ്യമില്ലാതായിരിക്കുന്നു. ത്യാഗങ്ങൾ പുറം പൂച്ചുകളാവുന്നു, ആത്മാർത്ഥത പരിഹാസ്യമാവുന്നു. അതു കൊണ്ട് സേതുവിൻ്റെ വഴി സ്വീകരിക്കുന്നതാണ് യുക്തി.
എന്നിട്ടും, എനിക്ക് പേടിയാവുന്നു – “സേതുവിന് എന്നും ഒരാളോട് മാത്രമേ സ്നേഹമുള്ളൂ – അത് സേതുവിനോട് മാത്രമാണ്” എന്ന് സുമിത്ര പറഞ്ഞതു പോലെ എന്നെ ആരെങ്കിലും കുറ്റപ്പെടുത്തിയാലോ?
ഒന്നും നേടിയില്ലെങ്കിലും വേണ്ട, ആ കുറ്റപ്പെടുത്തലിന് ഇടവരുത്താൻ ഞാൻ തയ്യാറല്ല. ജീവിതത്തിലൊരിക്കലും സേതുവിനെപ്പോലെയാകരുതേ എന്നാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം.
എത്ര അടുത്ത ബന്ധമായാലും, രക്തബന്ധമോ മാതൃ ബന്ധമോ പോലും സ്വാർത്ഥമാത്ര ചിന്തയുടെ വിഷം തീണ്ടിയേക്കാം. അതൊരു കയ്പ്പേറിയ യാഥാർത്ഥ്യമാണ്.
ഓപ്പോൾ എന്ന കഥയിലെ അമ്മിണി മകൾ മാളു അവിഹിതമായി പ്രസവിച്ച കുഞ്ഞായ അപ്പുവിനെ എപ്പോഴും ശകാരിക്കുകയാണ്. പെറ്റമ്മയെ ഓപ്പോൾ (ഏട്ടത്തി) എന്ന് വിളിക്കാനാണ് അവർ ആ കുട്ടിയെ പഠിപ്പിച്ചത്. ചായയും ചോറും കൊടുക്കുകയും കുളിപ്പിക്കുകയും പാട്ടു പാടി കൂടെ കിടത്തി ഉറക്കുകയും ചെയ്യുന്ന മാളു ഒരിക്കലും അവനോട് പറഞ്ഞില്ല, അവൻ്റെ പെറ്റമ്മയാണ് താനെന്ന സത്യം. എന്നാൽ കൂട്ടുകാർ അവനോട് പറയുന്നു, അത് ഓപ്പോളല്ല, അമ്മയാണെന്ന്. അവർ തന്നോട് തമാശ പറഞ്ഞതാണെന്നേ അപ്പു കരുതുന്നുള്ളൂ. എന്നാൽ ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ ഓപ്പോൾ വീട്ടിലില്ല. വിവാഹം കഴിഞ്ഞ് ഭർത്താവിൻ്റെ കൂടെപ്പോയ ഓപ്പോൾ ഇനി തന്നെ പാടാനും ഉറക്കാനും വരില്ലെന്നറിയുമ്പോൾ അപ്പുവിന് എല്ലാം ബോധ്യപ്പെടുന്നു.
അപ്പുവിൻ്റെ കാഴ്ച്ചപ്പാടിലാണ് കഥ. അതു കൊണ്ടു തന്നെ സ്വന്തം അമ്മയുടെയും അമ്മമ്മയുടെയും സ്വാർത്ഥതയുടെ ഇരയായ ആ കുട്ടി നമ്മുടെ ഉള്ളുലയ്ക്കുന്നുണ്ട്. കഥ വായിക്കുന്നവർ തീർച്ചയായും അപ്പുവിനോടേ താദാത്മ്യപ്പെടൂ. അമ്മിണി അമ്മയും മാളുവും ഒരിക്കലും നീതീകരിക്കപ്പെടില്ല. എന്നാൽ കാലം എഴുതിയിരിക്കുന്നത് സേതുവിൻ്റെ കാഴ്ച്ചപ്പാടിലാണ്. അവിടെ സ്വാർത്ഥത ന്യായീകരിക്കപ്പെടുകയാണ്. സ്വന്തബന്ധങ്ങളെയൊക്കെ ചവിട്ടു പടിയാക്കി കയറി മുന്നേറുന്ന അയാൾ മറ്റുള്ളവർ അയാളോട് കാട്ടുന്ന സ്വാർത്ഥതയിൽ അസ്വസ്ഥനുമാണ്. നമുക്ക് സ്വാർത്ഥരാവാം ആരോടും. എന്നാൽ നമ്മളോട് ആരും സ്വാർത്ഥത കാട്ടാൻ പാടില്ല.
ശരാശരി മനുഷ്യരുടെ കൃത്യമായ ഉള്ളിലിരിപ്പ് എം ടി യുടെ പല കഥകളും കഥാപാത്രങ്ങളും വെളിവാക്കുന്നുണ്ട്. സേതുവിന് സ്വാർത്ഥനാവാം, എന്നാൽ ഓപ്പോളിന് അതായിക്കൂടാ എന്നൊരു പക്ഷഭേദം സ്വന്തം കഥാപാത്രങ്ങളോട് എം ടി പുലർത്തിയോ എന്ന സംശയവും എൻ്റെ മനസ്സിലുണ്ട്. എന്തായാലും സുമിത്രയ്ക്കും അപ്പുവിനും ഒപ്പം നിൽക്കാനാണ് കഥാകാരൻ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ആ കഥകൾ എന്നെ പഠിപ്പിച്ചത്. അത്തരം ചില വായനാ സന്ദർഭങ്ങളുണ്ട്. എഴുത്തുകാരൻ്റെ പിടിയിൽ നിന്ന് വഴുതിമാറി വായനക്കാർ കഥാപാത്രങ്ങളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യും. സേതുവിനെയും ഓപ്പോളിനെയും വായനക്കാരൻ എന്ന നിലയിൽ എനിക്ക് മനസ്സിലാവുന്നുണ്ട്. എന്നാൽ അവരെ അംഗീകരിക്കാൻ കഴിയുന്നില്ല. എം ടി സേതുവിനെ അംഗീകരിക്കുകയും ഓപ്പോളിനെ അംഗീകരിക്കുകയും ചെയ്യാത്തതു പോലെ തോന്നി. അത് വെറും തോന്നലല്ലതാനും.
തുടരും..
പ്രകാശൻ കരിവെള്ളൂർ