നാല് ഘട്ടങ്ങളിലായി നടത്തപെടുന്ന നാവിക പരിശീലനത്തിന്റെ ഭാഗം ആയി മുംബൈയിലെ പശ്ചിമ നാവിക ആസ്ഥാനത്തിന് കീഴിലുള്ള ഒരു പരിശീലന കേന്ദ്രത്തിൽ ആണ് ഞാൻ ഇപ്പോൾ. രണ്ടാം ഘട്ട പരിശീലനത്തിന്റെ അവസാനഭാഗം ആണ്. മൂന്നാം ഘട്ടം പരിശീലനം പല കപ്പലുകളിൽ ആയിട്ടാണ് നടത്തപ്പെടുന്നത്. ഞങ്ങൾ അഞ്ചു പേർ മാത്രം ഉള്ള ബാച്ചിൽ അഞ്ചു പേരെയും വിവിധ മുൻനിര യുദ്ധ കപ്പലുകളിൽ ആയിരിക്കും പരിശീലനത്തിന് അയയ്ക്കുക.
ഏതു കപ്പലിൽ ആയിരിക്കും എനിക്കു നറുക്കു വീഴുക എന്നു കാത്തു നാവികാസ്ഥാനത്തു നിന്നുള്ള ഉത്തരവിനായി ദിവസവും കാത്തിരിപ്പു തുടരുകയാണ്. ഏപ്രിൽ അവസാനത്തോടുകൂടെ ആ ഉത്തരവ് പുറത്തിറങ്ങി, എനിക്കും എന്റെ കൂടേ ഉള്ള ഒരു സഹപ്രവർത്തകനും വിശാഖപട്ടണത്തെ പൂർവ്വ നാവിക ആസ്ഥാനത്തിന് കീഴിൽ ഉള്ള രണ്ടു മുൻ നിര യുദ്ധ കപ്പലുകളിൽ ആണ് പരിശീലനത്തിന് നിയമിച്ചിരിക്കുന്നത്. ഒമ്പതു മാസം നീണ്ടു നിൽക്കുന്നതാണ് ഈ ഘട്ട പരിശീലനം. എന്നെ പരിശീലനത്തിനായീ INS Khukri എന്ന ഫ്രിഗേറ്റ് ക്ലാസ്സിൽ പെടുന്ന കപ്പലിൽ ആണ് നിയമിച്ചിരിക്കുന്നത്. എന്നാൽ എന്റെ സഹപ്രവർത്തകന ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണങ്ങൾ നടക്കുന്ന INS Rajputil ആണ് പരിശീലനതിനായീ നിയമിക്കപെട്ടിരിക്കുന്നത്.
ഞങ്ങൾക്ക് ലഭിച്ച നിർദ്ദേശ പ്രകാരം മെയ് ഒന്നാം തീയതി തന്നെ പൂർവ്വ നാവിക കമ്മാന്റിന് കീഴിൽ ഉള്ള വിശാഖപട്ടണത്തെ ഈസ്റ്റേൺ ഫ്‌ലീറ്റിൽ പരിശീലനത്തിനായീ റിപ്പോർട്ട് ചെയ്തു. അപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ഞങ്ങളുടെ രണ്ടുപേരുടെയും കപ്പലുകൾ ഓപ്പറേഷനൾ ഡിപ്ലോയ്‌മെന്റിന്റെ ഭാഗം ആയി അറബിക്കടലിൽ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും 2 ആഴ്ചകൾക്കു ശേഷമേ കപ്പലുകൾ തിരിച്ചെത്തുകയുള്ളു എന്നും. അവിടെ ഞങ്ങളുടെ പരിശീലന ചുമതലയുള്ള ഞങ്ങളുടെ കേഡറിൽ തന്നെ പെട്ട ഓഫീസർ നിർദ്ദേശിച്ചതിന് പ്രകാരം 4 ദിവസങ്ങൾക്കു ശേഷം എല്ലാ കപ്പലുകളും മുംബൈ തുറമുഖത്തു നങ്കൂരം ഇടുമെന്നും അതിനാൽ അവിടെ റിപ്പോർട്ട് ചെയ്തു ഫ്‌ലീറ്റിനോടൊപ്പം ചേരുന്നതാണ് നല്ലതെന്നും നിർദ്ദേശിച്ചു. അതനുസരിച്ചു വിശാഖപട്ടിണത് നിന്നും ട്രെയിൻ മാർഗം മുംബൈയിലേക്ക് എത്രയും പെട്ടെന്ന് യാത്ര പുറപ്പെടുവാൻ ഉള്ള റെയിൽവേ വാറന്റ് നൽകുകയും ചെയ്തൂ. അങ്ങനെ mission impossible എന്ന ഹോളിവുഡ് സിനിമയെയോ James Bond സിനിമയെയോ അനുസ്മരിപ്പിക്കും മാറ് അറബിക്കടലിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഇന്ത്യൻ നാവികസേനയുടെ രണ്ടു മുൻ നിര പടക്കപ്പലുകളെ ഇന്ത്യൻ റയിൽവെയുടെ ട്രെയിനിൽ പിന്തുടർന്നുപിടിക്കുക എന്ന അതി സാഹസിക ദൗത്യം ഏറ്റെടുത്തു ഞങ്ങൾ യാത്ര ആരംഭിച്ചൂ.
മെയ് നാലാം തീയതി രാവിലെ മുംബൈ CSTയിൽ ട്രെയിൻ ഇറങ്ങി, അവിടെ INS Angre-യിൽ റിപ്പോർട്ട് ചെയ്തു അപ്പോൾ അറിയാൻ കഴിഞ്ഞു INS Rajput എന്ന യുദ്ധ കപ്പലും വേറെ ഒന്ന് രണ്ടു യുദ്ധക്കപ്പലുകളും മാത്രം ആണ് മുംബയിൽ നങ്കൂരം ഇട്ടിട്ടുള്ളു. എന്റെ പരിശീലനകപ്പൽ ആയ INS khukri ഉൾപ്പെടെയുള്ള എല്ലാ പൂർവ നാവിക കപ്പൽ പടയും വിശാഖപട്ടിണം ലക്‌ഷ്യം ആക്കി നീങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന്. മെയ് അഞ്ചാം തിയതി എന്റെ ജന്മദിനം കൂടെ ആയിരുന്നു. ഒരു ജന്മദിനോപഹാരം എന്ന പോലെ എനിക്കു ലഭിച്ച നിർദ്ദേശപ്രകാരം ബ്രഹ്മോസ് എന്ന മിസൈലിന്റെ പരീക്ഷണങ്ങൾക്കായി അറബിക്കടലിൽ നിയോഗിക്കപ്പെട്ടിരുന്ന INS Rajput-ൽ ജീവിതത്തിലെ അവിസ്മരണീയം ആയ ആദ്യ കപ്പൽ യാത്ര പശ്ചിമ നാവികാസ്ഥാനത്തെ മുംബൈ ഡോക്‌യാർഡിൽ നിന്നും വിശാഖപട്ടണം ലക്‌ഷ്യം ആക്കി പുറപ്പെട്ടു.
തുടരും…
ഓസ്കർ